ദേശീയപതാക വാട്ട്സാപ്പില് ഡി പിയാക്കി മാറ്റുന്നവരറിയാന്

0
1429

മ്മുടെ പതാകയില്‍ 3 നിറങ്ങളും 24 ആരക്കാലുകളുമുള്ള അശോകചക്രവും ഉണ്ട് എന്നു നമുക്കറിയാം.അതു പൂര്‍ണ്ണമായും വരുന്ന ദേശീയ പതാകയുടെ ആകൃതിയില്ലാതെ അതു മോഡിഫൈ ചെയ്ത് ഉപയോഗിക്കാന്‍ നമുക്ക് നിയമം അനുവാദം നല്‍കുന്നില്ല.വാട്ട്സാപ്പില്‍ നമുക്ക് അത്തരത്തിലൊരു ഡി പി ഇടണമെങ്കില്‍ അശോക ചക്രമില്ലാത്ത മൂവര്‍ണ്ണ നിറം ഉപയോഗിക്കാം.അതൊരിക്കലും കുറ്റകരമാവില്ല. Niger,ivory coast,ireland തുടങ്ങിയ രാജ്യങ്ങള്‍ക്ക് നമ്മുടെ രാജ്യത്തെ ത്രിവര്‍ണ്ണ പതാകയോട് സാദൃശ്യമുള്ള തരത്തിലുള്ള ദേശീയ പതാകയാണുള്ളത്.അതുകൊണ്ട് തന്നെ വാട്ട്സാപ്പ് ഡിപി ത്രിവര്‍ണ്ണ നിറം ആക്കുന്നതിനു നിയമം എതിരല്ല.എന്നാല്‍… ” നിങ്ങള്‍ ത്രിവര്‍ണ്ണ നിറത്തിലുള്ള ഡി പി നിര്‍മ്മിക്കുംബോള്‍ അതിലൊരു കാരണവശാലും അശോക ചക്രം ഉള്‍പ്പെടരുത് “.കാരണം അത് ദേശീയ പതാകയ്ക്ക് തുല്യമായ് ഉള്ളതും ദേശീയ പതാകയെ എഡിറ്റ് ചെയ്തതുമാണു.ഒരു കാരണം കൊണ്ടും ദേശീയ പതാകയെ എഡിറ്റ് ചെയ്യാന്‍ നമ്മളെ നിയമം അനുവദിക്കുന്നില്ല.അതിനാല്‍ നിങ്ങള്‍ക്ക് ദേശ സ്നേഹം വാട്ട്സാപ്പില്‍ കാണിച്ചേ മതിയാകൂ എന്നുണ്ടെങ്കില്‍ അശോക ചക്രമില്ലാത്ത , മൂവര്‍ണ്ണം മാത്രമുള്ള ഡി പി ഉപയോഗിക്കാം.ദേശീയ പതാകയെ അപമാനിക്കുന്നത് കടുത്ത കുറ്റം ആണു എന്നും ഓര്‍മ്മിക്കുക.

വാട്ട്സാപ്പില്‍ ഇതുമായ് ബന്ധപ്പെട്ട് പരക്കുന്ന മറ്റൊരു കാര്യവും ഇതിനിടയില്‍ സൂചിപ്പിക്കട്ടെ.” വാട്ട്സാപ്പില്‍ ഫോര്‍വേഡ് ചെയ്യുന്ന ചിത്രങ്ങളില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന സോഫ്റ്റ് വെയറുകള്‍ ഉണ്ട്,നിങ്ങളുടെ വാട്ട്സാപ്പ് പ്രൊഫൈലിന്റെ നിയന്ത്രണം ഹാക്കര്‍ ഗ്രൂപ്പുകള്‍ക്ക് കിട്ടും” എന്നൊരു ഫോര്‍വേഡും ചിലര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടാകും.സ്റ്റെഗ്നോഗ്രഫി എന്ന സാങ്കേതിക വിദ്യവഴി ഹാക്കിംഗിനായ് ചിത്രങ്ങളില്‍,അറ്റച്ച് മെന്റുകളില്‍ അത്തരം രീതികള്‍ ഉപയോഗിക്കപ്പെടാറുണ്ട് എങ്കിലും വാട്ട്സാപ്പ്,ഫേസ്ബുക്ക് എന്നിവയില്‍ ഇത്തരം സ്ക്രിപ്റ്റ് ഹൈഡിങ്ങ് സാധിക്കില്ല.നമ്മള്‍ അപ് ലോഡ് ചെയ്ത് മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യുന്നതെല്ലാം തന്നെ വാട്ട്സാപ്പിലും ഫേസ്ബുക്കിലും കമ്പ്രസ്സ് ആകുന്നതിനാല്‍ അത് വര്‍ക്ക് ചെയ്യില്ല.അതുകൊണ്ട് അത്തരം ഭയം വേണ്ട.എന്നു കരുതി ആരും തരുന്ന ഏത് ലിങ്കിലും ക്ലിക്ക് ചെയ്ത് എന്തും ഡൗണ്‍ ലോഡ് ചെയ്യുന്നതും ഇന്‍സ്റ്റാള്‍ ചെയ്യുന്നതും നമുക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാല്‍ ജാഗ്രത പാലിക്കുക.

ഇന്ത്യൻ ജനതയുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളേയും പ്രതിനിധാനം ചെയ്യുന്നതാണ് ഇന്ത്യൻ പതാക.

  1. ദേശീയപതാക മൂവർണ്ണത്തിൽ ഒരേ അളവിലുള്ള മൂന്ന് ദീർഘ ദീർഘചതുരങ്ങളോട് കൂടിയതാണ്. ഇതിലെ മുകളിലത്തെ നിറം കുങ്കുമവും, താഴ്ഭാഗത്ത് പച്ചയും, മധ്യഭാഗത്ത് വെളുത്ത നിറവുമാണ്. വെളുത്ത പ്രതലത്തിന്റെ ഒത്ത മധ്യത്തിലായി നേവി ബ്ലൂ നിറത്തിൽ 24 ആരക്കാലുകളുള്ള അശോകചക്രം ഉണ്ടായിരിക്കും. അത് പതാകയുടെ രണ്ടു വശത്തും വേണം. ഇത് അച്ചടിച്ചതോ, തുന്നിച്ചേർത്തതോ, സ്ക്രീൻ പ്രിന്റ് ചെയ്തതോ ആയിരിക്കണം.
  2. ഇന്ത്യൻ ദേശീയപതാക സിൽക്ക്, പരുത്തി നൂൽ, ഖദർ എന്നിവകൊണ്ട് നെയ്തുണ്ടാക്കുന്നതാണ്.
  3. ദേശീയപതാകയുടെ വീതിയുടേയും നീളത്തിന്റേയു അനുപാതം 2:3 ആയിരിയ്ക്കണം.
  4. ദേശീയപതാകയ്ക്ക് അനുവദിയ്ക്കപ്പെട്ടിട്ടുള്ള അളവുകൾ താഴെ സൂചിപ്പിയ്ക്കുന്നു

1) 6300 X 4200
2) 3600 X 2400
3) 2700 X 1800
4) 1800 X 1200
5) 1350 X 900
6) 900 X 600
7) 450 X 300
8) 225 X 150
9) 150 X100

  1. പ്രദർശിപ്പിക്കു ന്ന രീതിക്ക് അനുസൃതമായി പതാകയുടെ വലിപ്പം നിർദ്ദേശിക്കുന്നുണ്ട്.

വി.വി.ഐ.പിയുടെ വിമാനത്തിനുള്ള പതാകയാണ് 450X300 എം.എം.

225 X150 എം.എം. കാറുകളിൽ ഉപയോഗിക്കുന്ന പതാകയാണ്.

മേശപ്പുറത്ത് ഉപയോഗിക്കുന്ന പതാകയുടെ വലിപ്പം 150 X 100 എം.എം ആണ്.

ദേശീയപതാക കത്തിക്കുകയോ, പതാകയെ തരം താഴ്ത്തിക്കൊണ്ട് സംസാരിക്കുകയോ, അനാദരിക്കുകയോ, നശിപ്പിക്കുകയോ, വൃത്തിഹീനമാക്കുകയോ, രൂപമാറ്റം വരുത്തുകയോ, അതിന്റെ പുറത്ത് മറ്റെന്തെങ്കിലും വരച്ച് ചേർക്കുകയോ, കീറിക്കളയുകയോ, പതാകയെ മോശമാക്കിക്കൊണ്ട് പ്രസംഗിയ്ക്കുകയോ, എഴുതുകയോ, ചെയ്താല്‍ കുറ്റകരമാണ്. അത്തരം പ്രവർത്തികൾക്ക് മൂന്ന് വർഷം വരെ തടവും പിഴയും അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ലഭിയ്ക്കാവുന്നതാണ്.

1) ദേശീയപതാകയെ നിന്ദിക്കുന്ന രീതിയിൽ അപമര്യാദയായി പെരുമാറാൻ പാടില്ല.

2) ദേശീയപതാക താഴ്ത്തികൊണ്ട് ഒരു വ്യക്തിയേയോ സാധനത്തേയോ ആദരിക്കരുത്.

3) സർക്കാരിന്റെ പ്രത്യേക നിർദ്ദേശങ്ങളില്ലാതെ ദേശീയപതാക കൊടിമരത്തിൽ പാതിയാക്കി കെട്ടാൻ പാടില്ല.

4) കേന്ദ്ര-സായുധ സേനകളിലെ ധീരജവാന്മാരുടേയോ, സംസ്ഥാന സർക്കാർ നടത്തുന്ന മരണാനന്തരചടങ്ങുകളിലല്ലാതെയുള്ള ചടങ്ങുകളിൽ ദേശീയപതാക ഉപയോഗിക്കരുത്.

5) ദേശീയപതാക വസ്ത്രത്തിന്റേയോ, യൂണിഫോമിന്റേയോ, തൂവാലയുടേയോ, കുഷ്യന്റേയോ, ഏതെങ്കിലും ഭാഗത്ത് എംബ്രോയിഡറി അല്ലെങ്കില്‍ പ്രിന്റ് ചെയ്യാന്‍ പാടുള്ളതല്ല.

6) ദേശീയപതാകയുടെ പുറത്ത് ഒന്നും എഴുതുവാൻ പാടില്ല.

7) ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിലോ, റിപ്പബ്ലിക്ക് ദിന ആഘോഷവേളയിലോ, പുഷ്പ്പത്തിന്റെ ഇതളുകൾ പതാകയിൽവെച്ച് അത് ഉയർത്തുമ്പോൾ അടർന്നു വീഴുന്നതരത്തിൽ പൊതിയുന്നതൊഴികെയല്ലാതെ ദേശീയപതാക വസ്തുക്കൾ പൊതിയുന്നതിനോ, മറ്റു സാധനങ്ങൾ കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന പാത്രമായോ, സഞ്ചിയായോ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ്.

8)ഒരു പ്രതിമയോ, ചരിത്ര വസ്തുവോ, ഒരു പ്രസംഗമേശയോ, പ്രസംഗ പീഡമോ ദേശീയപതാക ഉപയോഗിച്ച് പൊതിയുവാനോ മറ്റോ പാടില്ല.

9) മനപ്പൂർവ്വം ദേശീയപതാകയെ നിലത്തോ, വെള്ളത്തിലോ, നിലത്തുതട്ടും വിധമോ കെട്ടാന്‍ പാടില്ല.

10) ദേശീയപതാക കൊണ്ട് വാഹനത്തിന്റെ മുകൾ ഭാഗമോ, വശങ്ങളോ മറയ്ക്കുവാന്‍ പാടില്ല, ബോട്ട്, വഞ്ചി, വിമാനം എന്നിവയുടെ വശങ്ങളിലും മറ്റും മറയായി ഉപയോഗിക്കുവാൻ പാടില്ല.

11) ഒരു കെട്ടിടം മറയ്ക്കാൻ ദേശീയപതാക ഉപയോഗിക്കാൻ പാടില്ല.

12) മനപ്പൂർവ്വം ദേശീയപതാക തലതിരിച്ച് കെട്ടുന്നത് കുറ്റകരമാണ്.

13) പതാക പ്രദർശിപ്പിക്കുന്നത് കഴിവതും സൂര്യനുദിച്ച് അസ്തമയം വരെ മാത്രമേ പാടുള്ളൂ.

14) ദേശീയപതാക തകരാറ് ഉണ്ടാക്കുന്ന വിധത്തിൽ കെട്ടരുത്.

15) തീർത്തും ഉപയോഗിക്കാനാകാത്ത വിധം മോശമായാൽ പതാകയെ അതിന്റെ അന്തസ്സിനു യോജിച്ച വിധം നിർമ്മാർജ്ജനം ചെയ്യണം. കത്തിച്ചു കളയുകയോ മണ്ണിൽ മറവു ചെയ്യുകയോ ആയിരിക്കും അഭികാമ്യം. (കടപ്പാട് : വിക്കിപീഡിയ)

വകുപ്പ് 2

ദേശീയപതാക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (സ്കൂൾ, കോളേജുകൾ, കായിക ക്യാമ്പ്, സ്കൌട്ട് ക്യാമ്പ്) അതിനോട് ആദരവ് വർദ്ധിക്കും വിധത്തിൽ പ്രദർശിപ്പിക്കാം.

1) ദേശീയപതാക സ്ഥാപിയ്ക്കുന്ന സമയം അർഹിക്കുന്ന പ്രാധാന്യത്തോടെ മറ്റുള്ളവയിൽനിന്നും വേറിട്ടുനിൽക്കും വിധം വേണം സ്ഥാപിക്കാൻ.

2) കേടു വന്നതോ കീറിയതോ ആയ ദേശീയപതാക ഉപയോഗിക്കരുത്.

3) ഒരു കൊടിമരത്തിൽ ഒന്നിലധികം പതാകകൾ സ്ഥാപിക്കരുത്.

4) സെക്ഷൻ 9 ലും 3 ലും പറഞ്ഞരീതിയിലല്ലാതെ ഒരു വാഹനത്തിലും പതാക ഉപയോഗിയ്ക്കരുത്.

5) ഒരു പ്രാസംഗികന്റെ ചേമ്പറിൽ ദേശീയപതാക വെയ്ക്കുമ്പോൾ അത് പ്രാസംഗികന്റെ വലതു വശത്തായി വേണം സ്ഥാപിക്കേണ്ടത്. എന്നാൽ ചുമരിലാണെങ്കിൽ, പ്രാസംഗികന്റെ പുറകിൽ മുകളിലായി വരത്തക്കവിധം വേണം സ്ഥാപിക്കേണ്ടത് .

6) ഒരു ചുമരിലാണ് ദേശീയപതാക സ്ഥപിക്കുന്നതെങ്കിൽ പതാകയിലെ കുങ്കുമ നിറം മുകളിലേയ്ക്ക് തിരശ്ചീനമായി സ്ഥാപിക്കണം. കുങ്കുമനിറം കൊടിയുടെ വലതുവശത്തായിട്ടാണ് വരേണ്ടത്.

7) ദേശീയപതാക പതാക നിയമം ഒന്നാം ഭാഗത്തിനനുസൃതമായി അതിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതാകണം.

8) ദേശീയപതാകയെക്കാളും മുകളിലായോ, സമാന്തരമായോ മറ്റൊരു പതാകയും പറക്കരുത്. മാത്രമല്ല ദേശീയപതാകയെക്കാളും പ്രാധാന്യം മറ്റൊന്നിനും നൽകരുത്.

9) ദേശീയപതാകയെ പൂവിന്റെ ആകൃതിയിലും മറ്റ് അലങ്കാര വസ്തുവാക്കി മാറ്റരുത്.

10) കടലാസുകൊണ്ട് നിർമ്മിച്ച ദേശീയപതാകകൾ ചില പ്രത്യേക ആഘോഷവേളകളിലും, ദേശാഭിമാനദിനങ്ങളിലും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ ആഘോഷം കഴിഞ്ഞ് തറയിൽ ഉപേക്ഷിക്കരുത്. കഴിയുമെങ്കിൽ അവയെല്ലാം സ്വകാര്യമായി ദേശീയപതാകയോടുള്ള ആദരവോടുകൂടി നശിപ്പിച്ചുകളയാം.

ദേശീയപതാക കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും മറ്റ് ഏജൻസികളിലും ഉപയോഗിക്കുന്ന രീതി

പ്രതിരോധവിഭാഗം

  1. ദേശീയപതാക പ്രദർശിപ്പിയ്ക്കുന്നതിന് പ്രതിരോധവിഭാഗത്തിന് അവരുടേതായ പ്രത്യേക നിയമങ്ങൾ ഉണ്ട്.
  2. സ്ഥാപനത്തിന്റെ ആസ്ഥാനത്തും, മേലുദ്യോഗസ്ഥന്റെ വസതിയിലും ദേശീയപതാക ഉപയോഗിക്കണം. ഇന്ത്യയുടെ വിദേശകോൺസുലേറ്റിലെ ഓഫീസിലും ഔദ്യോഗിക താമസസ്ഥലത്തും ദേശീയപതാക ഉപയോഗിക്കാം.

ഔദ്യോഗിക പ്രദർശനം

  1. മുകളിൽ പറഞ്ഞ പ്രകാരം ഔദ്യോഗിക സ്ഥാപനങ്ങളിലും വസതികളിലും ദേശീയപതാക ഉപയോഗിക്കൽ നിർബന്ധമാണ്.
  2. ഔദ്യേഗികമായി ഉപയോഗിക്കുന്ന ദേശീയപതാകകള്‍ ഏത് രാജ്യത്തായാലും ഇന്ത്യന്‍ മാനദണ്ഡങ്ങള്‍ പാലിച്ചവയായിരിക്കണം. ഓരോ രീതിയിലുള്ള പ്രദര്‍ശനത്തിനും നിശ്ചിത വലിപ്പം കണക്കാക്കിയിട്ടുണ്ട്. അവ കൃത്യമായി പാലിക്കണം

ശരിയായ പ്രദര്‍ശനം

  1. എവിടെ ദേശീയപതാക പ്രദര്‍ശിപ്പിച്ചാലും അതിന്‍െറ മഹത്വം കാത്തു സൂക്ഷിക്കണം. മാത്രമല്ല അത് വേറിട്ട രീതിയില്‍ പ്രദര്‍ശിപ്പിയ്ക്കണം.
  2. ഏത് പൊതുസ്ഥാപനത്തിലെ കെട്ടിടത്തിലാണോ ദേശീയപതാക പ്രദര്‍ശിപ്പിയ്ക്കുന്നത് ആ കെട്ടിടങ്ങളില്‍ എല്ലാ ദിവസങ്ങളിലും ഒഴിവ് ദിവസങ്ങളിലടക്കം ദേശീയപതാക പ്രദര്‍ശിപ്പിക്കണം. പതാകാ നിയമത്തില്‍ പറഞ്ഞതൊഴികെ (സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ, ഏതു കാലാവസ്ഥയിലും , ചില പ്രത്യേക അവസരങ്ങളില്‍ രാത്രിയിലുമുപയോഗിക്കാം)
  3. ദേശീയപതാക ഉയര്‍ത്തുന്നത് ചുറുചുറുക്കോടെയും പതാക താഴ്ത്തുന്നത് വളരെ സാവധാനത്തിലുമാണ്. ഈ സമയങ്ങളില്‍ ബ്യൂഗിള്‍ അകമ്പടിയുണ്ടാകണം.
  4. തിരശ്ചീനമായോ, ചെരിഞ്ഞ രീതിയിലോ ആയിട്ടാണ് ദേശീയപതാക പ്രദര്‍ശിപ്പിക്കുന്നതെങ്കില്‍ അതിലെ കുങ്കുമ നിറം ഏറ്റവും മുകള്‍ അറ്റത്ത് വരുന്ന വിധത്തിലായിരിക്കണം.
  5. തിരശ്ചീനമായി ഒരു ചുമരില്‍ ദേശീയപതാക സ്ഥാപിക്കുമ്പോള്‍ അതിലെ കുങ്കുമ നിറം മുകളില്‍ വരത്തക്കവിധമായിരിക്കണം. എന്നാല്‍ ലംബമായിട്ടാണ് സ്ഥാപിക്കുന്നതെങ്കില്‍ കുങ്കുമ നിറം പതാകയില്‍ നോക്കുന്ന ആളിന്‍െറ വലതു വശത്ത് വരത്തക്കവിധം വേണം സ്ഥാപിക്കാന്‍.
  6. ഒരു പ്രസംഗ പീഠത്തില്‍ ദേശീയപതാക സ്ഥാപിക്കുമ്പോള്‍ പ്രാസംഗികന്‍െറ വലതു വശത്തായി വേണം സ്ഥാപിക്കേണ്ടത്. എന്നാല്‍ ചുമരിലാണെങ്കില്‍ പ്രാസംഗികന്‍െറ പുറകില്‍ മുകളിലായി വരത്തക്കവിധമാമണ് സ്ഥാപിക്കേണ്ടത്.
  7. പ്രതിമ അനാശ്ഛാദനം ചെയ്യുന്ന അവസരങ്ങളില്‍ ദേശീയപതാക ഉപയോഗിക്കുമ്പോള്‍ അത് സ്വതന്ത്രമായി വേറിട്ടുതന്നെ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
  8. കാറിലാണ് ദേശീയപതാക സ്ഥാപിക്കുന്നതെങ്കില്‍ ബോണറ്റിന്‍െറ മദ്ധ്യത്തിലായി മുന്‍ ഭാഗത്ത് അല്ലെങ്കില്‍ കാറിന്‍െറ മുന്‍ഭാഗത്ത് വലത് വശത്ത് സ്ഥാപിക്കണം.
  9. ദേശീയപതാക ഒരു ഘോഷയാത്രയിലോ, പരേഡിലോ ആണെങ്കില്‍ അതിന്‍െറ വലത് വശത്തായാണ് മാര്‍ച്ച് ചെയ്യേണ്ടത്. അതല്ല മറ്റ് പതാകകളുടെ നിരയുണ്ടെങ്കില്‍ അതിന്‍െറ ഒത്ത മദ്ധ്യത്തിലായിരിക്കണം ഇതിന്‍െറ സ്ഥാനം.

തെറ്റായ പ്രദര്‍ശനം

  1. കേടുവന്നതോ ചീത്തയായതോ ആയ പതാക പ്രദര്‍ശിപ്പിക്കരുത്.
  2. ഒരു വ്യക്തിയെയോ സാധനത്തിനേയോ ആദരിക്കുന്നതിനായി ദേശീയപതാക താഴ്ത്തരുത്.
  3. ഒരു പതാകയും ദേശീയപതാകയുടെ മുകളിലായി പറത്തരുത്. തൊട്ടുരുമ്മിയും സമാന്തരമായും സ്ഥാപിക്കരുത്. പതാകയുടെ മുകളിലായി ഒന്നും വയ്ക്കരുത്. (പൂക്കളും മറ്റും മുതലായവ).
  4. ദേശീയപതാക ഒരു അലങ്കാര വസ്തുവായി ഉപയോഗിക്കരുത്.
  5. ഒരു സദസ്സിലെ പ്രാസംഗികന്‍െറ മേശയുടെ വിരിയായോ, ആവരണമായോ ദേശീയപതാക ഉപയോഗിക്കരുത്.
  6. കുങ്കുമ നിറം താഴോട്ടാക്കി ദേശീയപതാക സ്ഥാപിക്കരുത്.
  7. നിലത്തോ, വെള്ളത്തിലോ, തറയിലോ ദേശീയപതാക ഇഴയത്തക്കവിധം കെട്ടാന്‍ പാടില്ല.
  8. ദേശീയപതാക കെട്ടുമ്പോള്‍ തകരാറാകും വിധം കെട്ടരുത്.

ആദരവ്

ദേശീയപതാക ഉയര്‍ത്തുന്ന സമയത്തും താഴ്ത്തുന്ന സമയത്തും പരേഡില്‍ കൊണ്ടു പോകുന്ന സമയത്തും എല്ലാവരും എഴുന്നേറ്റ് നിന്ന് പതാകയെ നോക്കുകയും ശ്രദ്ധാപൂര്‍വ്വം നില്‍ക്കുകയും വേണം. യൂണിഫോമിലുള്ളവരാണെങ്കില്‍ ദേശീയപതാകയ്ക്ക് സല്യൂട്ട് ചെയ്യുകയും വേണം. അവിടത്തെ വിശിഷ്ട വ്യക്തി തലയില്‍ തൊപ്പി ഒന്നും ഇല്ലെങ്കിലും സല്യൂട്ട് ചെയ്യണം.

മറ്റ് പതാകകളുടെ കൂടെ വെയ്ക്കുമ്പോള്‍

  1. ഒരേ നിരയില്‍ മറ്റു പതാകകളുടെ കൂടെ ദേശീയപതാക വയ്ക്കുമ്പോള്‍ ഏറ്റവും വലത് വശത്തായിട്ടാണ് ഇതിന്‍െറ സ്ഥാനം.
  2. ദേശീയ പതാകയ്ക്ക് ശേഷം ബാക്കി വരുന്ന രാജ്യങ്ങളുടെ പതാകകള്‍ അക്ഷരമാലാ ക്രമത്തിലാണ് വയ്ക്കുന്നത്. ദേശീയപതാക ആദ്യം ഉയര്‍ത്തുകയും അവസാനം അഴിക്കുകയും ചെയ്യുന്നു.
  3. പതാകകള്‍ വൃത്താകൃതിയിലാണ് പ്രദര്‍ശിപ്പിക്കുന്നതെങ്കിലും അതിന്‍െറ വലത്തേ അറ്റത്ത് ദേശീയപതാക സ്ഥാപിക്കുക. പൂര്‍ണ്ണ വൃത്തമാണെങ്കില്‍ ദേശീയപതാകയെ ഒന്നാം നമ്പറായി കണ്ടുകൊണ്ട് ബാക്കി വരുന്നവ അക്ഷരമാലാ ക്രമത്തില്‍ പ്രദര്‍ശിപ്പിക്കുക.
  4. ഒരു ചുമരിലാണ് പതാക വയ്ക്കുന്നതെങ്കില്‍ വലതു വശത്തേക്കാക്കി ദേശീയപതാക വയ്ക്കുക. മറ്റു പതാകകള്‍ വച്ചതിനു ശേഷം ദേശീയപതാകയുടെ സ്റ്റഫ് മുകളില്‍ വരുത്തണം.
  5. യുനൈറ്റഡ് നേഷന്‍സിന്‍െറ പതാകകളുടെ കൂടെയാണ് വയ്ക്കുന്നതെങ്കില്‍ ഏത് വശത്തേയ്ക്കും പതാക വയ്ക്കാം. എന്നാല്‍ സാധാരണയായി ദേശീയപതാക വലതു വശം വച്ചതായാണ് കണ്ടു വരുന്നത്.
  6. രാഷ്ട്രങ്ങളുടെ പതാകകള്‍ ഒരുമിച്ച് വയ്ക്കുമ്പോള്‍ ഒരേ വലിപ്പത്തിലുള്ള കൊടി മരത്തില്‍ തന്നെ സ്ഥാപിക്കണം. അവയ്ക്കെല്ലാം ഒരേ പ്രാധാന്യം നല്‍കണം.
  7. രണ്ടു പതാകകള്‍ ഒരു കൊടിമരത്തില്‍ ഉള്‍പ്പെടുത്തരുത്. അവ പ്രത്യേകം കൊടിമരത്തില്‍ സ്ഥാപിക്കുകയാണ് വേണ്ടത്.

പൊതു കെട്ടിടങ്ങളില്‍ ദേശീയപതാക ഉപയോഗിക്കുന്ന രീതി

പ്രധാനപ്പെട്ട പൊതു കെട്ടിടങ്ങളിലാണ് സാധാരണയായി ദേശീയപതാകകള്‍ ഉപയോഗിക്കുന്നത്. (ഹൈക്കോടതി, സെക്രട്ടറിയേറ്റ്, കമ്മീഷണര്‍മാരുടെ ഓഫീസുകള്‍, കലക്ടറേറ്റ്, ജയില്‍ , ജില്ലാ ബോര്‍ഡ് ഓഫീസുകള്‍, മുനിസിപ്പാലിറ്റി, ജില്ലാപരിഷത്ത്, മറ്റു ഡിപ്പാര്‍ട്ട്മെന്‍റ്, പൊതുമേഖലാ സ്ഥാപനങ്ങള്‍).

അതിര്‍ത്തി പ്രദേശങ്ങള്‍, അതിര്‍ത്തി കസ്റ്റംസ് പോസ്റ്റുകള്‍, ചെക്ക് പോസ്റ്റുകള്‍, പരിശോധനാ പോസ്റ്റുകള്‍, അതിര്‍ത്തി രക്ഷാ സേനകളുടെ ക്യാമ്പുകള്‍, എന്നിവയുടെ അടയാളമായി ദേശീയപതാക ഉപയോഗിക്കുന്നു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണ്ണര്‍മാര്‍, എന്നിവരുടെ ഔദ്യോഗിക കാര്യാലയത്തിലും, ഔദ്യോഗിക വസതിയിലും ദേശീയപതാക ഉപയോഗിക്കുന്നു. വിശിഷ്ട വ്യക്തി സ്ഥലത്തുനിന്നും പോകുമ്പോള്‍ ഔദ്യോഗിക വസതിയിലെ / കാര്യാലയത്തിലെ ദേശീയപതാക അഴിച്ചു വയ്ക്കുന്നു. എന്നാല്‍ വിശിഷ്ട വ്യക്തി തിരിച്ചു വരുന്ന സമയത്ത് കവാടത്തില്‍ എത്തുമ്പോള്‍ തന്നെ ദേശീയപതാക വീണ്ടും ഉയര്‍ത്തും. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ദേശീയപതാക പ്രദര്‍ശിപ്പിക്കുന്നു. കൂടാതെ വിശിഷ്ട വ്യക്തി ആസ്ഥാനത്തിന് പുറത്ത് ഒരു സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ ആ കെട്ടിടത്തിനുമുകളില്‍ ദേശീയ പതാക ഉയര്‍ത്തും. വിശിഷ്ട വ്യക്തി അവിടെ നിന്ന് പോകുന്ന സമയത്ത് അത് അഴിച്ചു മാറ്റുകയും ചെയ്യും.

സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, മഹാത്മാഗാന്ധിയുടെ ജന്മദിനം, ദേശീയവാരം (ഏപ്രില്‍ 6 മുതല്‍ 16 വരെ ജാലിയന്‍വാലാബാഗ് രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കായി) ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ദിവസങ്ങളിലും ഒരു സംസ്ഥാനത്തിന്‍െറ വാര്‍ഷിക ദിനത്തിലും സദാസമയവും (പകല്‍ സമയത്ത്) ദേശീയപതാക ഉയര്‍ത്തിയിരിക്കും.

ഇന്ത്യന്‍ രാഷ്ട്രപതിയോ, ഉപരാഷ്ട്രപതിയോ, പ്രധാനമന്ത്രിയോ ഒരു സ്ഥാപനം സന്ദര്‍ശിക്കുമ്പോള്‍ ബഹുമാനപുരസരം ആസ്ഥാപനത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നു.

വിദേശ സ്ഥാനപതിയായ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, രാജാവ്, കിരീടാവകാശി, പ്രധാനമന്ത്രി എന്നിവര്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തുന്ന സമയത്ത് അവര്‍ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിന്‍െറ പതാകയുടെ കൂടെ ഇന്ത്യന്‍ പതാകയും ഉപയോഗിക്കുന്നു. അവര്‍ സന്ദര്‍ശിക്കുന്ന കെട്ടിടത്തിലും അവരുടേയും ഇന്ത്യയുടേയും ദേശീയപതാക ഒരുമിച്ച് ഉയര്‍ത്തുന്നു.

വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന രീതി

  1. രാഷ്ട്രപതി
  2. ഉപരാഷ്ട്രപതി
  3. ഗവര്‍ണ്ണര്‍മാര്‍, ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍മാര്‍
  4. വിദേശത്തുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍മാര്‍, കോണ്‍സുലേറ്റ് മേധാവികള്‍
  5. ഇന്ത്യന്‍ പ്രധാനമന്ത്രി, യൂണിയന്‍ മന്ത്രിമാര്‍, ഉപമന്ത്രിമാര്‍, മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാര്‍, ഉപമന്ത്രിമാര്‍.
  6. ലോകസഭാ സ്പീക്കര്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ രാജ്യസഭ, ഡെപ്യൂട്ടി സ്പീക്കര്‍ – ലോകസഭ, സംസാഥാന ചെയര്‍മാന്‍ – ലെജിസ്ലേറ്റീവ് കൗണ്‍സില്‍, സ്പീക്കര്‍ – ലെജിസ്ലേറ്റീവ് അസംബ്ലി, സംസ്ഥാന കേന്ദ്ര ഡെപ്യൂട്ടി ചെയര്‍മാന്‍ – ലെജിസ്ലേറ്റീവ് കൗണ്‍സില്‍, സംസ്ഥാന ഡെപ്യൂട്ടി സ്പീക്കര്‍ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലി ഇന്‍ സ്റ്റേറ്റ് യൂണിയന്‍
  7. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, സുപ്രീം കോടതി ജഡ്ജിമാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ജഡ്ജ്.
  8. ഒരു വിദേശ വിശിഷ്ട വ്യക്തിക്ക് ഇന്ത്യാ ഗവണ്‍മന്‍റ് അനുവദിക്കുന്ന കാറില്‍ വലതു വശത്ത് ഇന്ത്യന്‍ ദേശീയപതാകയും ഇടത് വശത്ത് വിശിഷ്ട വ്യക്തിയുടെ രാജ്യത്തിന്‍െറ പതാകയും വച്ച് യാത്ര ചെയ്യാം.

ട്രെയിനിലും, വിമാനത്തിലും പതാക സ്ഥാപിക്കുന്ന വിധം

ഇന്ത്യന്‍ രാഷ്ട്രപതി സ്പെഷ്യല്‍ ട്രെയിനില്‍ ഇന്ത്യക്കകത്തുനിന്ന് യാത്ര ചെയ്യുമ്പോള്‍ ട്രയിന്‍ എവിടെ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്ന് ഡ്രൈവറുടെ ക്യാബിനില്‍ പ്ലാറ്റ്ഫോമിന് അഭിമുഖമായി ദേശീയപതാക സ്ഥാപിക്കണം. ട്രയിന്‍ വന്നു നില്‍ക്കുന്ന സ്റ്റേഷനില്‍ നിര്‍ത്തിയിടുന്നുവെങ്കില്‍ അവിടേയും ദേശീയപതാക ഉപയോഗിക്കാം.

ഇന്ത്യയ്ക്കകത്ത് വിമാനത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതി യാത്ര ചെയ്യുമ്പോള്‍ രാഷ്ട്രപതി വിമാനത്തില്‍ ഇരിക്കുന്ന ഭാഗത്തായി ദേശീയപതാക ഉയര്‍ത്തുന്നു. രാഷ്ട്രപതി ഇറങ്ങുന്ന സമയത്ത് അഴിച്ച് മാറ്റുന്നു.

പതാക പാതി ഇറക്കി കെട്ടുന്നത്

താഴെ പറയുന്ന വ്യക്തികളുടെ മരണത്തെ തുടര്‍ന്ന് അവരോടുള്ള ആദരസൂചകമായി ദേശീയപതാക താഴെയിറക്കി കെട്ടുന്നു. ഇത് വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ഭത്തിനനുസരിച്ച് മാറുന്നു.

1.രാഷ്ട്രപതി – ഇന്ത്യയിലൊന്നടങ്കം

2.ഉപരാഷ്ട്രപതി – ഇന്ത്യയിലൊന്നടങ്കം

3.പ്രധാനമന്ത്രി – ഇന്ത്യയിലൊന്നടങ്കം

4.ലോകസഭാസ്പീക്കര്‍ – ഡല്‍ഹിയില്‍

5.ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് – ഡല്‍ഹിയില്‍

6.കേന്ദ്ര- ക്യാബിനറ്റ് മന്ത്രി – ഡല്‍ഹിയിലും, സംസ്ഥാന തലസ്ഥാനങ്ങളിലും

7.കേന്ദ്ര മന്ത്രി – ഡല്‍ഹിയില്‍

8.ക്യാബിനറ്റ് മന്ത്രിമാര്‍ – ഡല്‍ഹിയില്‍

9.ഗവര്‍ണര്‍മാര്‍ – സംസ്ഥാനത്തില്‍

10.ലഫ്റ്റനന്‍റ് ഗവര്‍ണര്‍ – സംസ്ഥാനത്തില്‍

11.സംസ്ഥാന മുഖ്യമന്ത്രി – സംസ്ഥാനത്തില്‍

12.കേന്ദ്ര- ഭരണ പ്രദേശത്തെ മുഖ്യമന്ത്രി – കേന്ദ്ര- ഭരണ പ്രദേശത്ത്

13.സംസ്ഥാന ക്യാബിനറ്റ് മന്ത്രി – സംസ്ഥാന തലസ്ഥാനത്ത് മാത്രം

ഒരു വിശിഷ്ട വ്യക്തിയുടെ മരണവിവരം അറിയുന്നത് വൈകുന്നേരമാണെങ്കില്‍ അപ്പോള്‍ തന്നെ പതാക താഴെ ഇറക്കി കെട്ടുന്നു. അത് മുകളില്‍ പറഞ്ഞപ്രകാരം മാത്രം. സൂര്യോദയത്തിന് മുന്‍പ് സംസ്കാര ചടങ്ങ് നടന്നില്ലെങ്കില്‍ പതാക താഴെയിറക്കി കെട്ടുന്നു.

മുകളില്‍ വിവരിച്ച വിശിഷ്ട വ്യക്തിയുടെ സംസ്കാര ചടങ്ങുകള്‍ മുകളില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ അല്ലാതെ വേറെ വല്ല സ്ഥലത്തും വച്ചാണ് നടക്കുന്നതെങ്കില്‍ ആ പ്രദേശത്ത് മാത്രം ദേശീയപതാക താഴെ ഇറക്കി കെട്ടണം.

ഏതെങ്കിലും വിശിഷ്ട വ്യക്തിയുടെ മരണത്തെ തുടര്‍ന്ന് രാഷ്ട്രം ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുള്ള ദിവസങ്ങളിലത്രയും ദേശീയപതാക പകുതി ഇറക്കി കെട്ടണം. വ്യക്തിയുടെ പ്രാധാന്യത്തിനനുസരിച്ച് മുകളില്‍ പറഞ്ഞ രീതിയില്‍ സംസ്ഥാനങ്ങളിലും ഇന്ത്യയിലൊന്നാകെയും പതാക പകുതി ഇറക്കി കെട്ടണം. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദ്ദേശം ഉണ്ടാകാറുണ്ട്.

രാഷ്ട്രത്തിന്‍െറ ആഘോഷ വേളകളായ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, മഹാത്മാഗാന്ധിയുടെ ജന്മദിനം, ദേശീയവാരം (ഏപ്രില്‍ 6 മുതല്‍ 16 വരെ ജാലിയന്‍ വാലാബാഗ് രക്ത സാക്ഷികളുടെ ഓര്‍മ്മയ്ക്കായി) മറ്റു ദേശീയ ആഘോഷ വേളകളില്‍ യാദൃശ്ചികമായി വിശിഷ്ട വ്യക്തികളുടെ മരണം നടന്നാല്‍ ദേശീയപതാക താഴെ ഇറക്കി കെട്ടില്ല. ആ മൃതദേഹം കിടത്തിയിരിക്കുന്ന കെട്ടിടത്തില്‍ മാത്രം ദേശീയപതാക താഴെയിറക്കി കെട്ടും. മൃതദേഹം അവിടെ നിന്ന് കൊണ്ടുപോയാല്‍ മാത്രം പതാക ഉയര്‍ത്തണം.

ദേശീയപതാക പാതിയാക്കി ഉയര്‍ത്തുന്നതിന് മുന്‍പ് മുഴുവനായി ഉയര്‍ത്തണം. ഒരു നിമിഷം നിന്നതിനു ശേഷം പകുതിയാക്കി കെട്ടുക. ഇതുപോലെ തന്നെപതാക താഴ്ത്തുന്നതിനു മുന്‍പ് മുഴുവനായി ഉയര്‍ത്തിയ ശേഷം വേണം താഴ്ത്തേണ്ടത്.

സൈനിക/ അര്‍ദ്ധസൈനിക / കേന്ദ്ര സേനകളുടെ ശവസംസ്കാരചടങ്ങില്‍ ശവമഞ്ചത്തില്‍ ദേശീയപതാക വിരിക്കുന്നത് കുങ്കുമ നിറം പെട്ടിയുടെ തലഭാഗത്താക്കി വേണം. എന്നാല്‍ ഇത് മൃതദേഹത്തിന്‍െറ കൂടെ അടക്കം ചെയ്യാനോ, ചിതയില്‍ എരിച്ചു കളയാനോപാടില്ല.

ഒരു രാഷ്ട്രത്തിന്‍െറ തലവനോ സര്‍ക്കാരിന്‍െറ തലവനോ മരണമടഞ്ഞാല്‍ ആ രാജ്യത്തിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ദേശീയപതാക പാതി ഇറക്കി കെട്ടും. അത് ഇന്ത്യയില്‍ ദേശീയ ആഘോവേളകളായ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, മഹാത്മാഗാന്ധിയുടെ ജന്‍മദിനം, ദേശീയ വാരം (ഏപ്രില്‍ 6 മുതല്‍ 16 വരെ ജാലിയന്‍വാലാബാഗ് രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കായി) ദേശീയ ആഘോഷ വേളകളില്‍ ഇവിടെ ദേശീയപതാക പാതിയാക്കി കെട്ടും. പക്ഷേ ആ രാജ്യത്തെ മറ്റേതു പ്രമുഖര്‍ മരിച്ചാലും ദാശീയപതാക പാതിയാക്കി കെട്ടില്ല. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഉടമ്പടി പ്രകാരം ഏത് രാജ്യത്തുള്ള മറ്റൊരു രാജ്യത്തിന്‍െറ കോണ്‍സുലേറ്റും മുകളില്‍ പറഞ്ഞ പ്രകാരം രാഷ്ട്ര നേതാക്കള്‍ മരണമടഞ്ഞാല്‍ ദേശീയപതാക ഇറക്കി കെട്ടും.

കടപ്പാട്: രതീഷ് ആർ മേനോൻ


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here