ആ മുഃഖം അറിയാത്തവർ കവരത്തിയിൽ ഉണ്ടാവാനിടയില്ല. ആൾക്കൂട്ടത്തിൽ ഒരാളായ് അയാളുണ്ട്. സ്നേഹത്തോടെ നമ്മളിലേക്ക് നീളുന്നു അയാളുടെ നന്മയുടെ കണ്ണുകൾ. തല താഴ്ത്തി ഭൂമിയെ നോക്കി ചിരിച്ച് അയാൾ നടക്കുമ്പോൾ അതിന് പ്രത്യേക താളമുണ്ട്. ആറ്ററ്റ, ആയിരത്തിലല്ല ലക്ഷത്തിൽ അതുമല്ല കോടിയിൽ ഒരാളാണയാൾ. അപൂർവ്വമായ് ദൈവം നന്മകൾ നിറയെകൊടുത്ത് അനുഗ്രഹിച്ച ഒരു അപൂർവ്വ ജന്മത്തിനുടമ. അനന്തകോടി ജനങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു ദൈവീക സ്പർശമുണ്ട് ആ ജന്മത്തിന്. നമ്മുടെ ആരുമായിരുന്നില്ല അയാൾ.പക്ഷെ അയാളുടെ ആരൊക്കെയോ ആയിരുന്നു നമ്മൾ. മരിച്ചവർക്കുള്ള അടിയന്തരങ്ങളിലും പള്ളിയിലെ ആണ്ടുനേർച്ചകളിലും ഉയരുന്ന പുകമറകൾക്ക് പിന്നിൽ ലാഭം കൊതിക്കാതെ സഹായത്തിനെത്തുന്ന ആറ്ററ്റയെ കാണാം. തീനാളങ്ങളുടെ ചൂടിനരികിൽ നെറ്റിയിലെ വിയർപ്പുതുള്ളികൾ തുടച്ച് ആ പാവം മനുഷ്യൻ അടുത്ത കടമയിലേക്ക് മടി കൂടാതെ നടന്നു നീങ്ങും.
ഇടവഴികളിലെവിടെയൊക്കെയോ ആ നന്മയുടെ കാവൽക്കാരനെ കണ്ടുമുട്ടിയിരുന്നു. കേറുന്നുണ്ടോ എന്ന് ചോദിച്ച് തീരുംമുമ്പ് പ്രത്യേക താളത്തിനൊപ്പം നടന്നു നീങ്ങിയ ആ മനുഷ്യൻ ചിരിച്ച് കൊണ്ട് തലയാട്ടി. വണ്ടിയുടെ പുറകിൽ എന്നോട് ചേർന്ന് അയാളിരുന്നു.ഇറക്കേണ്ട സ്ഥലത്തേക്കുറിച്ച് ചോദിച്ചപ്പോൾ അവ്യക്തമായ സംസാര ശീലുകൾക്കൊപ്പം അയാൾ ദൂരേക്ക് വിരലുകൾ പായിച്ചു.ആ നന്മയുള്ള മനുഷ്യന്റെ തേരാളിയായ് ഞാൻ മുന്നോട്ട് കുതിച്ചു. ഇടവഴികളിൽ പലപ്പോഴായ് ആനന്മയുള്ള മുഖത്തെ ദൈവം എനിക്കായ് കരുതി വെച്ചത് പോലെയായിരുന്നു പലപ്പോഴായുള്ള കണ്ടുമുട്ടലുകൾ. അദ്ദേഹത്തിനായ് തേരാളിയുടെ വേഷം ഞാൻ പലപ്പോഴായ് അണിഞ്ഞത് കണ്ണിനെ നനയിക്കുന്ന നല്ല ഒരോർമ്മയായ് ബാക്കിയാവുന്നു.
അയാൾ നമുക്കിടയിൽ ജീവിച്ചിരുന്ന കാലത്ത് ആ മുഖത്ത് നന്മയിൽ കുറിച്ചിട്ട വരികൾ വായിച്ചു തീർക്കാൻ നമുക്കായില്ല. കവരത്തി കച്ചേരിക്കടപ്പുറത്തെ അയാളുടെ കാൽപാടുകൾ കാലമോ വിധിയോ മായിച്ചിരിക്കുന്നു. പലപ്പോഴായ് നമ്മെ അവിടെ വെച്ച് അയാൾ വിളിച്ചിരുന്നു. നമ്മളോട് തമാശ പറഞ്ഞ് സൗഹൃദം പങ്കുവെക്കാൻ അയാൾ കൊതിച്ചിരുന്നു. ആരോടും പകയില്ലാതെ വെറുപ്പില്ലാതെ നമുക്കിടയിലൂടെ നടന്നുപോയ ആറ്ററ്റായുടെ മരണവാർത്ത മുറിച്ചു കളഞ്ഞത് നമ്മൾ വായിച്ചു തീരാത്ത നന്മയുടെ കുറേ നല്ല വരികളാണ്. ചലനമറ്റ ആ ശരീരം പള്ളിക്കാട്ടിലെ ഖബർസ്ഥാനിൽ കൊണ്ട് വെച്ച് മൂന്നു പിടി മണ്ണ് വാരിയിട്ട് തിരിഞ്ഞ് നടക്കുമ്പോൾ തിരിച്ചറിഞ്ഞിരുന്നു കവരത്തിയുടെ വലിയൊരു നന്മയേ കൂടിയാണ് ആറ്ററ്റായ്ക്കൊപ്പം ഖബറടിക്കിയതെന്ന്. ആറ്ററ്റയേ പോലെ മറ്റൊരാൾ അത് ഈ നാട്യങ്ങളുടെ ലോകത്ത് സാധ്യമാണൊ, അറിയില്ല. പക്ഷേ ഒന്ന് തിരിച്ചറിയുന്നുണ്ട് അത് അയാൾക്ക് മാത്രം സാധ്യമാവുന്ന എന്തോ ഒന്ന്.നാം വായിച്ചു തീർക്കാതെ പോയ വലിയൊരു നന്മ കവരത്തിയിൽ നിന്നും ദൂരെ എവിടെയോ മറഞ്ഞിരിക്കുന്നു. നിശ്കളങ്കമായ് നമ്മെ നോക്കി ചിരിക്കുന്ന ആ നന്മയുടെ മുഖം മരണമെന്ന മറ കൊണ്ട് മറച്ചിരിക്കുന്നു. ഇനി കവരത്തിയിലേക്കെത്തുന്ന അഥിതികളെ നിശ്കളങ്കമായ പുഞ്ചിരി കൊണ്ട് സ്വീകരിക്കാൻ ആനന്മയുടെ കാവൽക്കാരൻ ഉണ്ടാവില്ല. സ്വാർത്തതയില്ലാതെ നമുക്കിടയിൽ ജീവിച്ച ,ലാഭം കൊതിക്കാതെ നമുക്കിടയിലെന്നും സഹായത്തിനെത്തിയിരുന്ന ,ഭൂമിയെ നോവിക്കാതെ നടന്നു നീങ്ങിയ ആ പാവം മനുഷ്യന്റെ വേർപാട് നിലച്ച് പോയ സ്നേഹത്തിന്റെ, നന്മയുടെ ഉറവയാണെന്ന് ദു:ഖത്തോടെ തിരിച്ചറിയുന്നു.
ഒരു പുരുശായുസ്സിന്റെ നന്മയെ നാഥൻ സ്വർഗീയ സുഗത്തിൽ വാഴിക്കട്ടെ.
ആമീൻ
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക