കാശ്മീർ ഇന്ത്യയുടെ കണ്ണുനീരായി ഒലിച്ചിറങ്ങുന്ന സമകാലീന ഭാരതത്തിൽ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ ജീവിക്കുന്ന നമ്മൾ ലക്ഷദ്വീപുകാരുടെ ഉള്ളിലും അരക്ഷിതത്വത്തിന്റെ ചോദ്യശരങ്ങൾ ഉയർന്നു വരുന്നുണ്ട്. അറബിക്കടലിനു നടുവിൽ ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപുസമൂഹത്തിന്റെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും ജീവിത സാഹചര്യങ്ങളും കണക്കിലെടുത്ത് 1964-ൽ ഏർപ്പെടുത്തിയ ഷെഡ്യൂൾഡ് ട്രൈബ് പ്രൊട്ടക്ഷൻ റഗുലേഷൻ നിയമപ്രകാരം ദ്വീപുകാരന്റെ അനുവാദമില്ലാതെ അവന്റെ തേങ്ങയോ മീനോ വരെ പുറത്ത് നിന്നുള്ളവർ വാങ്ങിക്കാൻ പാടില്ലെന്നുള്ളതാണ്. എസ്.സി, എസ്.ടി വിഭാഗത്തിൽ പെട്ടവരുടെ ഭൂമി സർക്കാർ അക്വയർ ചെയ്യുമ്പോൾ അവന്റെ മൂന്ന് തലമുറകൾക്ക് ജീവിക്കാനുള്ള സമ്പത്ത് നൽകിക്കൊണ്ട് വേണം അത് ചെയ്യാൻ. കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്കോ സിന്റിക്കേറ്റ് ബാങ്കിനോ വരെ ദ്വീപുകളിൽ സ്വന്തമായി ഭൂമി വാങ്ങിക്കാൻ കഴിയില്ലായിരുന്നു. 1967-ൽ സർക്കാർ ആവശ്യങ്ങൾക്ക് ഭൂമി വാങ്ങിക്കാം എന്ന നിയമ ഭേദഗതി നിലവിൽ വന്നതിനു ശേഷം മാത്രമാണ് കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങൾക്ക് ഭൂമി സ്വന്തമാക്കാൻ സാധിച്ചത്. ലക്ഷദ്വീപിലെ ഏക വിമാനത്താവളമായ അഗത്തി എയർപോർട്ട് വരെ വാണിജ്യാടിസ്ഥാനത്തിൽ(കൊമേഷ്യൽ) ഉള്ളതല്ല. അത് പ്രതിരോധ വകുപ്പിന് കീഴിലുളള ‘ഡിഫൻസ് പോർട്ടാണ്’. നമ്മുടെ പാരിസ്ഥിതിക ചുറ്റുപാടുകളും ജീവിത പരിമിതികളും കണക്കിലെടുത്ത് ദ്വീപുകാരുടെ സംരക്ഷണമാണ് അന്നത്തെ കേന്ദ്രസർക്കാർ നോക്കിക്കണ്ടത്.

ലക്ഷദ്വീപിലെ വളരെ പരിമിതമായ ഭൂമി പുറമെ നിന്നുള്ളവർക്ക് വാങ്ങിക്കാൻ പാടില്ലെന്നുള്ളതും പരിസ്ഥിതി ലോല പ്രദേശമായ ദ്വീപുകളിലേക്ക് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അനുവാദം കൂടാതെ പ്രവേശിക്കാൻ പാടില്ലെന്നുമുള്ള ദ്വീപിന്റെ പ്രത്യേക സംരക്ഷണ നിയമങ്ങൾ എടുത്ത് മാറ്റുന്നതിന്റെ അലയൊലികളാണ് ദില്ലിയിൽ നിന്നും മുഴങ്ങി കേൾക്കുന്നത്. വൻകരയിൽ നിന്നുള്ള ഒരു ബിസിനസ് ഭീമൻ വിചാരിച്ചാൽ മൊത്തമായി വിലക്ക് വാങ്ങാവുന്ന ഭൂസ്വത്ത് മാത്രമേ ലക്ഷദ്വീപിന് ആകെക്കൂടിയുള്ളൂ. 32 ചതുരശ്ര കിലോമീറ്റർ. ലക്ഷങ്ങൾ വാരിയെറിഞ്ഞ് ദൈവം പ്രകൃതി സൗന്ദര്യം വാരിക്കോരി തന്ന ദ്വീപുകളെ സ്വന്തമാക്കി റിസോർട്ടുകൾ പണിയാൻ വമ്പൻ സ്രാവുകളുടെ മത്സരം തന്നെയുണ്ടാവുമെന്നത് ഉറപ്പാണ്. വൻകരയിൽ ഏക്കർ കണക്കിന് സ്ഥലം വാങ്ങിക്കാൻ കഴിയുന്ന സാമ്പത്തിക സാഹചര്യം ഉണ്ടായാൽ പല ദ്വീപുകാരും നാട് വിട്ട് വൻകരയിലേക്ക് ചേക്കേറി കൂടായ്കയില്ല. കാസർകോട്ടും കോഴിക്കോട്ടും എറണാകുളത്തും കർണ്ണാടകയിലും തമിഴ്നാട്ടിലും ദ്വീപുകാർ പല പല കഷണങ്ങളായി കുടിയേറിയാൽ ചിന്നിച്ചിതറിയ സമൂഹമായി നമുക്ക് കാലം കഴിക്കേണ്ടി വരും. നൂറ്റാണ്ടുകൾ ഒരു സമൂഹം കാത്തു സൂക്ഷിച്ച സാംസ്കാരിക പൈതൃകങ്ങൾ ശിഥിലമാക്കപ്പെടുന്നതിന്റെ കാഹളമാണ് ഈയിടെയായി നാം ദില്ലിയിൽ നിന്നും കേൾക്കുന്നത്. ചിറക്കൽ, അറക്കൽ, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണങ്ങളിൽ അടിച്ചമർത്തപ്പെട്ടു കഴിഞ്ഞിരുന്ന ദ്വീപ് ജനതയ്ക്ക് ഏത് പ്രതിസന്ധിയിലും ചെറുത്തു നിൽക്കാനുള്ള ഒരു പ്രതിരോധ ശക്തിയുണ്ടെന്നത് നേരു തന്നെ. എന്നാൽ അന്നത്തെ ജനതയുടെ ക്ഷമയും ചെറുത്തുനിൽപ്പും ജീവിതത്തോട് അവർക്കുള്ള ധ്യാനപൂർവ്വമായ ഇഴയടുപ്പത്തിൽ നിന്നും ഉരുവപ്പെട്ടതായിരുന്നു. പുതുതലമുറ പ്രകൃതിയിൽ നിന്നും അകലുകയും സൂക്ഷ്മമായ ജീവിത ചിട്ടകൾ അന്യാധീനപ്പെട്ടു പോവുകയും ചെയ്ത സാഹചര്യത്തിൽ മയക്കുമരുന്നുകൾ ഉന്മാദമായ ഒരു സ്വപ്ന ലോകം തീർത്ത് ന്യൂജൻ ദ്വീപിനെ മോഹിപ്പിക്കുകയാണ്.

ഈയടുത്തിടെ കിൽത്താൻ ദ്വീപിൽ നടന്ന ഒരു നിരാഹാര സമരത്തിന് ചെറുപ്പക്കാരിൽ നിന്നും കിട്ടിയ വലിയ പിന്തുണ ഇത്തരം ആലോചനയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. പരസ്യമായി ലഹരി ഉപയോഗിക്കുന്നവരുടെ ഒരു സംഘം നാട്ടിലെ നാൽപ്പത്തി ഒൻപത് ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ച് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. 24 ദിവസം വിശപ്പ് സഹിച്ച് കിടന്ന സഖാക്കൾ സമരപ്പന്തലിന് പുറത്ത് റോന്തു ചുറ്റുകയും അവസാനം ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലിനെ തുടർന്ന് സമരം നിർത്തി പിന്മാറുകയുമായിരുന്നു. സമരപന്തൽ കെട്ടിയ സ്ഥലത്ത് പുതുമഴയിൽ കഞ്ചാവ് തൈകൾ മുളച്ചുപൊന്തിയത് നാട്ടുകാർ ഞെട്ടലോടെയാണ് നോക്കിക്കണ്ടത്.
രക്ത വർണ്ണ രാഷ്ട്രീയത്തിന് വ്യക്തമായ രാഷ്രീയ കാഴ്ചപ്പാടും ജീവിതത്തെ ചിട്ടപ്പെടുത്തുന്ന ഒരു മനുഷ്യത്വപരമായ മാനിഫെസ്റ്റോയുമുണ്ട്. അതെല്ലാം ഒഴിച്ചു നിർത്തി ദ്വീപുകൾ പോലുള്ള ഒരു മെക്രോ കമ്മ്യൂണിറ്റിയെ അരക്ഷിതാവസ്ഥയിലേക്ക് വലിച്ചിടുന്ന ഒരു രാഷ്ട്രീയ പാർട്ടിയായി തരം താഴുകയാണ് ഈ സംഘം. ലഹരി ഉയർത്തിപ്പിടിച്ച് യുവ തലമുറയെ ആകർഷിക്കാൻ ശ്രമിക്കുന്ന ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ശക്തമായി നാം ആലോചനപ്പെടേണ്ടതുണ്ട്. വളർന്ന് വരുന്ന ദ്വീപുതലമുറയുടെ ഉള്ളിലും വിപ്ലവകരമായ ഊർജം ഇടതവില്ലാതെ ഒഴുകുന്നുണ്ട്. ഈ ഊർജ സ്രോതസ്സിന് ക്രിയാത്മകമായും സംസ്കാര നിഷ്ടപരാമായും ഒഴുകാനുള്ള സാഹചര്യം ആസൂത്രിതമായി നമ്മുടെ പരിസരങ്ങളിൽ ഒരുക്കിയെടുക്കേണ്ടതുണ്ട്. ദ്വീപിലെ പ്രബലമായ രണ്ട് രാഷ്ട്രീയ പാർട്ടികൾക്കും ദ്വീപിലെ പരിസ്‌ഥിതി, സംസ്കാരം, വിദ്യാഭ്യാസം എന്നീ കാര്യങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടോ പൊളിസിയോ ഇല്ല. ഉൾക്കാഴ്ചയുള്ള ശക്തമായ രാഷ്ട്രീയ നേതൃത്തത്തിന്റെ അഭാവമാണ് ഇതിന് കാരണം. ഭയം നമ്മെ എല്ലാ മേഖലകളിലും വരിഞ്ഞുമുറുക്കാൻ തുടങ്ങിയിരിക്കുന്നു. ബാലിശമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നൈമിഷികമായ സോഷ്യൽ മീഡിയ വിപ്ലവങ്ങൾ തീർക്കുന്നവരായി നാം മാറിയിരിക്കുന്നു. അധികാരികളുടെ മുന്നിൽ ആദർശവും വിശ്വാസങ്ങളും അടിയറവ് വെച്ച് പ്രീണിപ്പിച്ച് കാര്യം നേടുക എന്ന പിൻവാതിൽ രാഷ്ട്രീയത്തെ കുറിച്ചാണ് പലരും ചിന്തിക്കുന്നത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് മേൽക്കോയ്മയോട് ചെറുത്തു നിൽപ്പിന്റെ സമരങ്ങൾ ഗാന്ധിജിയുടെ നേതൃത്ത്വത്തിൽ നടന്നില്ലായിരുന്നെങ്കിൽ സ്വാതന്ത്ര്യം നാം നേടുമായിരുന്നോ?
ലക്ഷദ്വീപിലെ രാഷ്ട്രീയ പാർട്ടികൾ ഉണർന്ന് ആസൂത്രിതമായ നിലപാടുകൾ സ്വീകരിക്കേണ്ട അവസരമാണിത്. രണ്ട് രാഷ്ട്രീയ പാർട്ടിയിലും പ്രതിരോധത്തിന്റെ ചുറു ചുറുക്കും സമരമുന്നേറ്റങ്ങളുടെ ചരിത്രവും രചിച്ച വ്യക്തികൾ ഉണ്ട്. മുഖം നോക്കാതെ ലക്ഷദ്വീപിന്റെ അരക്ഷിതമവാൻ പോവുന്ന ഭാവി ലക്ഷ്യം വെച്ച് അവരെ രണ്ട് രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിലേക്കും അവരോധികണം. ദ്വീപിലെ പ്രാക്ടിക്കൽ ‘കൂർഫാട്’ ഉള്ള തലമുതിർന്ന കാരണവന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് കക്ഷി രാഷ്ട്രീയം മറന്ന് വരാൻ പോകുന്ന പ്രതിസന്ധിക്കുള്ള പരിഹാരക്രിയയ്ക്ക് നാം തയ്യാറാവണം.

ഇന്ത്യയുടെ സാംസ്കാരികമായ സമര പാരമ്പര്യം മുറുകെപ്പിടിച്ച് നമുക്ക് മുന്നേറേണ്ടതുണ്ട്. ഭയം നമ്മെ പരാജയത്തിലേക്കേ കൊണ്ടെത്തിക്കുകയുള്ളൂ. കാശ്മീരിലെ നേതാക്കൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിയാവുകയും കേന്ദ്രത്തിൽ പങ്ക് ഭരണം നടത്തിയവരാണെന്നും മറന്നു കളയരുത്. ഹൃദയശുദ്ധിയോടെ പ്രതിസന്ധിയെ നേരിടുമ്പോൾ അള്ളാഹുവും പ്രകൃതിയും നമ്മുടെ സഹായത്തിന് കൂടെ നിൽക്കും. സംശയമില്ല.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
ഇസ്മത് ഹുസ്സൈൻ….ഉദ്യോഗസ്ഥ രാഷ്ട്രീയക്കാരൻ …എന്നും കിൽത്താൻ ദ്വീപിലെ രാഷ്ട്രീയം നയിച്ചവരുടെ തലമുറയിലെ ഇളയവൻ….രാഷ്ട്രീയം നശിപ്പിച്ചു…ഇപ്പൊ ദ്വീപും നാശത്തിന്റെ വക്കിൽ….ജനങ്ങൾ കാര്യങ്ങലുത്തിരിച്ചറിയുന്നതിനുള്ളള അവസാനത്തെ അടവ്….കോൺഗ്രസ്സ് ബിജെപി ഒന്നവുന്നു….
CT NAJMUDHEEN
Cheruthottam house
KALPENI ISLAND
Lakshadweep
Mobile:9446831333
Onnu podo…iyale kurich thanneya paranjath..swantham nattilum kalyanam kazhicha nattilum illatha viplavavum kond njangalude kuttikale vazhi thettichathil thanik mathramaanu pankullath..