കൊച്ചി: ലക്ഷദ്വീപിലെ കപ്പലുകളിൽ സേവനമനുഷ്ഠിക്കുന്നതിന് പൂർണ്ണ സജ്ജമായി മറൈൻ എഞ്ചിനീയർമാരുടെ പുതിയ പട പ്രവർത്തനസജ്ജം. ആറ് യുവ എഞ്ചിനീയർമാർ മറൈൻ എഞ്ചിനീയറിംഗ് പരിശീലനം പൂർത്തിയാക്കി ഇന്ന് പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ് പ്രവർത്തന ഗോധയിലേക്ക് ഇറങ്ങുകയാണ്.

കൊച്ചിൻ ഷിപ്പ് യാർഡിനു കീഴിലെ മറൈൻ എഞ്ചിനീയറിംഗ് ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ ഇവർ ഇനി ലക്ഷദ്വീപ് കപ്പലുകളിലെ എഞ്ചിൻ റൂമിൽ സേവനനിരതരായി ഉണ്ടാവും.
അമിനി ദ്വീപ് സ്വദേശി സയ്യിദ് മുഹമ്മദ് അംജദ് പൊന്നിക്കം, മിനിക്കോയ് ദ്വീപ് സ്വദേശികളായ മുഫാസ് ഫൈദലഗോത്തി, നിസാമുദ്ധീൻ അലൂഡിഗോത്തി, ഫസീം റിയാസ് ഫുറക്കാട്, ആന്ത്രോത്ത് ദ്വീപ് സ്വദേശികളായ നൂറുഷമീർ പടന്നാത, സദ്ദാം ഹുസൈൻ ആറ്റലാട എന്നിവരാണ് മറൈൻ എഞ്ചിനീയറിംഗ് പരിശീലനം പൂർത്തിയാക്കി ഇന്ന് പുറത്തിറങ്ങിയത്.
മികച്ച അക്കാദമിക ക്യാഡറ്റ് പുരസ്കാരം കരസ്ഥമാക്കി മുഫാസ് ഫൈദലഗോത്തി.

ലക്ഷദ്വീപിന്റെ അഭിമാനമായി മിനിക്കോയ് ദ്വീപ് സ്വദേശി മുഫാസ് ഫൈദലഗോത്തി. കൊച്ചിൻ ഷിപ്പ് യാർഡ് മറൈൻ എഞ്ചിനീയറിംഗ് ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജി.എം.ഇ ട്രെയ്നിംഗ് കോഴ്സിൽ മികച്ച അക്കാദമിക ക്യാഡറ്റ് പുരസ്കാരം മുഫാസ് ഫൈദലഗോത്തി കരസ്ഥമാക്കി. മറൈൻ എഞ്ചിനീയറിംഗ് മേഖലയിലെ ഏത് വിഷയത്തെ കുറിച്ചും അഗാധമായ വിജ്ഞാനം കരസ്ഥമാക്കിയ ഈ യുവ എഞ്ചിനീയർ, ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപാഠികൾക്ക് ഏറെ പ്രിയപ്പെട്ടവനാണ്. സഹപാഠികളായ നൂറിലധികം എഞ്ചിനീയർമാർ അവരുടെ അക്കാദമികമായ സംശയങ്ങൾ ദൂരീകരിക്കുന്നതിന് വേണ്ടി ഓടിയെത്തുന്നത് ഈ മിനിക്കോയ് ദ്വീപ് സ്വദേശിയുടെ അടുത്താണ്. കെ.ജി തലം തൊട്ട് പ്ലസ്ടൂ വരെ മിനിക്കോയ് ദ്വീപിൽ തന്നെ പഠനം പൂർത്തിയാക്കിയ മുഫാസ് ചെറുപ്പം മുതൽ അക്കാദമികമായി മികവ് പുലർത്തിയിരുന്നു. കേരളത്തിലെ തന്നെ ആദ്യത്തെ സർക്കാർ എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജായ കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഉയർന്ന മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ മുഫാസ് പാഠ്യേതര ഇനങ്ങളിലും കഴിവു തെളിയിച്ചിട്ടുണ്ട്. അടുത്ത ദിവസം കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന എം.ഇ.ടി.ഐ വാർഷിക കായിക മേളയിൽ 1600 മീറ്റർ ഓട്ട മത്സരത്തിൽ മുഫാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. മിനിക്കോയ് ദ്വീപിലെ ബൊഡുവത്തരി വില്ലേജ് സ്വദേശിയായ മുഫാസ് ശ്രീ.എൽ.കെ.ഇബ്രാഹീമിന്റെയും ശ്രീമതി.ഫാത്തിമ എഫ്.ബി യുടെയും മകനാണ്. എൽ.കെ.ഇബ്രാഹിം നേരത്തെ കപ്പൽ ജീവനക്കാരനായിരുന്നു. ചെറുപ്പം മുതൽ പിതാവിൽ നിന്ന് കണ്ടറിഞ്ഞ അനുഭവങ്ങളാണ് തന്നെ ഈ മേഖലയിൽ എത്തുന്നതിന് പ്രേരിപ്പിച്ചതെന്ന് മുഫാസ് ദ്വീപ് മലയാളിയോട് പറഞ്ഞു.

കൊച്ചിൻ ഷിപ്പ് യാർഡ് അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് മുന്നിൽ നടന്ന പാസിംഗ് ഔട്ട് പരേഡ് ഷിപ്പ് യാർഡ് ചെയർമാൻ ശ്രീ.മധു.എസ്.നായർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി എത്തിയ സി.എസ്.എൽ ഫിനാൻസ് ഡയറക്ടറർ ശ്രീ.പോൾ രഞ്ചൻ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. മികച്ച ട്രെയ്നിംഗ് കാഡറ്റുകൾക്ക് അദ്ദേഹം ഉപഹാരങ്ങൾ സമ്മാനിച്ചു. ചീഫ് ജനറൽ മാനേജർ ശ്രീ.രമേഷ്, അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീ.കുളന്തൈവേലു, മറൈൻ എഞ്ചിനീയറിംഗ് ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തലവൻ ശ്രീ.ജേക്കബ് തോമസ്, കോഴ്സ് ഇൻചാർജ്ജ് ശ്രീ.സണ്ണി ജോസഫ്, മുതിർന്ന അദ്ധ്യാപകരായ ശ്രീ.തോമസ്.കെ.മത്തായി, ശ്രീ.തോമസ് കുര്യൻ, ശ്രീ.പീറ്റർ, ശ്രീ.ശശികുമാർ, ശ്രീ.സുരേഷ്, ഹോസ്റ്റൽ സൂപ്രണ്ട് ശ്രീ.വേണുഗോപാൽ, വാർഡൻ ശ്രീ.പ്രതീപ് തുടങ്ങിയവർ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക