ഡൽഹി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ ലക്ഷദ്വീപിൽ നിന്നും പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചു കഴിഞ്ഞോ? അദ്ദേഹത്തെ അടുത്ത ദില്ലി ലഫ്. ഗവര്‍ണര്‍ ആക്കുമോ? സംശയം പങ്കുവെച്ചത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ്. ട്വിറ്ററിലൂടെയായിരുന്നു കെജരിവാളിന്റെ പ്രതികരണം. ദില്ലിയ്ക്ക് പുറത്ത് മറ്റൊരു സംസ്ഥാനമായ പഞ്ചാബിൽ കൂടി ആം ആദ്മി പാർട്ടി മിന്നും വിജയം നേടിയ പിന്നാലെയാണ് കെജരിവാളിന്റെ സംശയമെന്നതും ശ്രദ്ധേയമാണ്.
നിലവിൽ ലക്ഷദ്വീപ്, ദാദ്ര നഗർ, ഹവേലി, ദാമൻ ആന്റ് ദിയു എന്നിവിടങ്ങളിലെ അഡ്മിനിസ്ട്രേറ്ററാണ് പ്രഫുൽ ഖോഡ പട്ടേൽ. 2020 ഡിസംബറിലായിരുന്നു പ്രഫുല്‍ പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ എന്ന അധിക ചുമതല കൂടി കേന്ദ്രസർക്കാർ നൽകിയത്. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ അഡ്മിനിസ്ട്രേറ്റർ ആയി ഐ എ എസ് ഓഫീസർമാരേയാണ് നേരത്തേ നിയമിച്ചിരുന്നത്. ലക്ഷദ്വീപിലെ ആദ്യത്തെ രാഷ്ട്രീയ നിയമനം കൂടിയായിരുന്നു പട്ടേലിന്റേത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത അനുയായിയും മോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയുമായിരുന്നു പ്രഫുല്‍ പട്ടേല്‍. ലക്ഷദ്വീപിന്റെ അധികാരം ഏറ്റെടുത്തതോടെ പ്രഫുൽ പട്ടേൽ നടപ്പാക്കിയ ഭരണ പരിഷ്കാരങ്ങൾ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ദ്വീപിലെ സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടൽ, ഗോവധം നിരോധിക്കൽ, സ്കൂളുകളിൽ മാംസഭക്ഷണം നിരോധനം, ഗുണ്ടാ ആക്ട് നടപ്പാക്കൽ തുടങ്ങി നിരവധി ജനവിരുദ്ധ ഉത്തരവുകളാണ് നടപ്പിലാക്കിയത്. ഇതിനെതിരെ കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക