ന്യൂഡല്‍ഹി: ലക്ഷദ്വീപ് പ്രതിസന്ധി പഠിക്കുന്നതിനായി ദ്വീപ് സന്ദര്‍ശനത്തിനൊരുങ്ങിയ കോണ്‍ഗ്രസ് എം പിമാരായ ബെന്നി ബെഹനാന്, ടി എന്‍ പ്രതാപന്, ഹൈബി ഈഡന് തുടങ്ങിയവര്‍ക്ക് യാത്രാനുമതി നിഷേധിച്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് നടപടിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്കി കോണ്‍ഗ്രസ് എം പിമാര്‍. ബെന്നി ബെഹനാന്, ടി എന്‍ പ്രതാപന്, ഹൈബി ഈഡന് എന്നിവരാണ് ലോകസഭാ സെക്രട്ടറി ജനറലിന് അവകാശ ലംഘനത്തിനുള്ള നോട്ടിസ് നല്‍കിയത്.
റൂള്‍ 222 പ്രകാരം നല്കിയ നോട്ടീസില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ തടയപ്പെട്ടതായും സഭയുടെ മഹത്വം ചോദ്യം ചെയ്യപ്പെട്ടതായും ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മാസം 28 മുതല്‍ നിരവധി തവണ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍, അഡ്മിനിട്രേറ്ററുടെ ഉപദേഷ്ടാവ്, കൊച്ചിയിലുള്ള ലക്ഷദ്വീപ് റീജിയണല്‍ അഡ്മിനിസ്ട്രേറ്റര്‍, ലക്ഷദ്വീപ് ജില്ലാ കളക്ടര്‍ തുടങ്ങിയവര്ക് ഫോണിലും ഇമെയിലിലും ബന്ധപ്പെട്ടുവെങ്കിലും യാത്രക്ക് അനുമതി നല്കാന് അധികൃതര്‍ തയ്യാറായില്ല.
പിന്നീട് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിന് ഓഫിസര്‍ അങ്കിത് അഗര്‍വാളിനെ നേരില്‍ കണ്ട് എം പിമാര്‍ യാത്രാനുമതി തേടിയിരുന്നു. കൊവിഡ് 19 പ്രോട്ടോകോള്‍ ചൂണ്ടിക്കാട്ടി പെട്ടെന്ന് യാത്രക്ക് അനുമതി നല്‍കാനാവില്ലെന്ന് അഡ്മിന് ഓഫീസര്‍ വിശദീകരിച്ചു. എന്നാല്‍ കൊവിഡ് വാക്സിനേഷന് പൂര്‍ത്തിയായ എം പിമാരെ തടയുന്നത് ന്യായീകരിക്കാനാവില്ലെന്ന് എം പിമാര്‍ ചൂണ്ടിക്കാണിച്ചു.
തുടര്‍ച്ചയായി യാത്രാനുമതി നിഷേധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ലോകസഭാ സ്പീക്കര്‍ തുടങ്ങിയവര്‍ക്ക് എം പിമാര്‍ കത്ത് നല്‍കിയിരുന്നു. രാജ്യത്തെവിടെയും യാത്ര ചെയ്യാനും സഹപൗരന്മാരെ കാണാനും സംസാരിക്കാനുമുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ അവകാശത്തെ അട്ടിമറിക്കരുതെന്ന് അന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നതുമാണ്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം എം പിമാര്‍ ലോകസഭാ സെക്രട്ടറി ജനറലിന് അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കിയത്.
മെയ് 26ന് ടി എന്‍ പ്രതാപന് എം പിയും ഹൈബി ഈഡന് എം പിയും കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിന് ഓഫിസ് ഉപരോധിച്ചിരുന്നു. പിന്നീട് എഐസിസി ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിനായി നിയോഗിച്ച താരിഖ് അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘവും അഡ്മിന് ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. എഐസിസി സംഘത്തിന് യാത്രാനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് പുറമെ എഐസിസി സെക്രട്ടറി കെ. വിശ്വനാഥന്, ബെന്നി ബെഹനാന് എം പി, ടി എന്‍ പ്രതാപന് എം പി, ഹൈബി ഈഡന് എം പി എന്നിവരായിരുന്നു എഐസിസി നിയോഗിച്ച സംഘത്തിലുണ്ടായിരുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക