കൊല്ലം: യാത്രാ, ചരക്ക് കപ്പൽ സർവ്വീസിന്റെ പ്രധാന കേന്ദ്രമായി കൊല്ലം തുറമുഖത്തെ ഉയർത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ഗതിവേഗം പകർന്ന് കൊല്ലം ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുമായി ഷിപ്പിങ് മേഖലയിലെ വിദഗ്ധർ കൂടിക്കാഴ്ച്ച നടത്തി.
തുറമുഖത്തു നടത്തിയ സന്ദർശനത്തെ തുടർന്ന് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ലക്ഷദ്വീപിൽ നിന്നുള്ള കപ്പൽ സർവ്വീസ് യാഥാർഥ്യമാക്കുന്നതിനാണ് മുന്ഗണന ലഭിച്ചത്. ഏഴര മീറ്റർ ഡ്രാഫ്റ്റുള്ള കപ്പലുകൾക്കും 180 മീറ്റർ നീളം വരെയുള്ള കപ്പലുകൾക്കും അടുക്കാൻ കഴിയുന്ന കൊല്ലം തുറമുഖത്തിന് വലിയ സാധ്യതകളുണ്ടെന്ന് ലക്ഷദ്വീപ് വികസന കോര്പറേഷൻ (എൽ.ഡി.സി.എൽ) പ്രതിനിധികൾ പറഞ്ഞു. ഇന്ധനം നിറയ്ക്കുന്നതിനും വെയർ ഹൗസിങ്ങിനും സൗകര്യവും സുരക്ഷയും ഒപ്പം സ്വതന്ത്രമായി ബർത്തും ലഭിക്കുന്ന പക്ഷം ആദ്യഘട്ടത്തിൽ ചരക്കു കപ്പൽ സർവ്വീസ് തുടങ്ങാൻ കഴിയും. തുടർന്ന് മിനിക്കോയ് ദ്വീപുകളില് നിന്ന് ആരോഗ്യ വിദ്യാഭ്യാസ ടൂറിസം പശ്ചാത്തലമുള്ള കൊല്ലത്തേക്ക് യാത്രാകപ്പലുകളും അയക്കാനാകും.
നിലവിൽ ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്കും ബേപ്പൂരിലേക്കുമാണ് കേരളത്തിലേക്കുള്ള കപ്പല് സർവ്വീസുകൾ. മിനിക്കോയ് ദ്വീപുകളോട് ഏറ്റവും അടുത്തുകിടക്കുന്ന നഗരം എന്ന പ്രത്യേകതയാണ് കൊല്ലത്തിനുള്ളതെന്ന് ലക്ഷദ്വീപ് സംഘം വിലയിരുത്തി.

കൊല്ലം തുറമുഖത്ത് ഇമിഗ്രേഷൻ, പ്ലാന്റ് ക്വാറന്റൈൻ, കപ്പലുകളുടെ ആഗമനം സുഗമമാക്കുന്ന പൈലറ്റിങ് തുടങ്ങിയവയ്ക്ക് സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്ന് ഷിപ്പിങ് കമ്പനി പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇതോടൊപ്പം കൂടുതൽ കമ്പനികളെ ആകർഷിക്കുന്ന നിലയിൽ പോർട്ട് ഫീസുകൾ ക്രമീകരിക്കണമെന്നും ആവശ്യമുയർന്നു. ക്ലിങ്കർ സിമന്റ് പോലെയുള്ള ചരക്ക് കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പ്ലാന്റ് അഭികാമ്യമാണെന്നും വിദഗ്ധർ അറിയിച്ചു. തോട്ടണ്ടി, മണല്, പെട്രോളിയം ഉല്പന്നങ്ങൾ തുടങ്ങിയ ചരക്കുനീക്കത്തിന് കൊല്ലം തുറമുഖത്ത് സാധ്യതകൾ ഏറെയാണുള്ളത്.
കോസ്റ്റൽ ഷിപ്പിങ്ങിന്റെ ഹബ്ബായി കൊല്ലത്തെ മാറ്റാൻ കഴിയുമെന്ന് കപ്പലുടമകളും ഷിപ്പിങ്ങ് ഏജന്റുമാരും പ്രത്യാശ പ്രകടിപ്പിച്ചു. കപ്പൽ സർവ്വീസ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇതിനായി ഉന്നതതല ഉദ്യോഗസ്ഥ സംഘത്തെ ലക്ഷദ്വീപിലേക്ക് അയയ്ക്കും. വിവിധ തലങ്ങളില് നിന്ന് ഉയർന്ന നിർദേശങ്ങൾ തുറമുഖ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന തുടർ യോഗത്തിൽ പരിഗണിക്കും. മത്സ്യബന്ധന യാനങ്ങളിൽ താരതമ്യേന ചെലവ് കുറഞ്ഞ എൽ.എൻ.ജി പരീക്ഷിക്കുന്നതിനുള്ള പഠനങ്ങൾ തുടങ്ങിയതായി മന്ത്രി പറഞ്ഞു. വിഷയത്തിൽ വിവിധ കമ്പനികളുമായി മത്സ്യഫെഡ് ആശയവിനിമയം തുടങ്ങിക്കഴിഞ്ഞു.
ഇത് സാധ്യമാകുന്നപക്ഷം ബാർജുകളിൽ എൽ.എൻ.ജി കൊല്ലം തുറമുഖത്ത് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. തോട്ടണ്ടി തുറമുഖത്ത് എത്തിക്കുന്നതിന് ബിൽ ഓഫ് ലോഡിംഗ് രേഖകളിൽ ഡിസ്ചാർജ് പോർട്ടായി കൊല്ലത്തെ രേഖപ്പെടുത്തുന്നതിന് ഷിപ്പിംഗ് ലൈനുകളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ജില്ലാ കലക്ടർ ഡോ. എസ്. കാർത്തികേയൻ, കേരള മാരിടൈം ബോർഡ് ചെയർമാൻ അഡ്വ. വി.ജെ. മാത്യൂ, തീരദേശ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പി.ഐ. ഷേയ്ക്ക് പരീത്, ലക്ഷദ്വീപ് വികസന കോര്പറേഷൻ മാനേജിങ് ഡയറക്ടർ നിധിൻ വത്സൻ ഐ.പി.എസ്, ജനറൽ മാനേജർ രാജീവ് രഞ്ജൻ, മാരിടൈം ബോർഡംഗങ്ങളായ പ്രകാശ് അയ്യർ, അഡ്വ. മണിലാൽ, മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ. ലോറന്സ് ഹരോൾഡ്, പോർട്ട് ഓഫീസർ ക്യാപ്റ്റൻ എബ്രഹാം വി. കുര്യാക്കോസ്, വിവിധ ഷിപ്പിംഗ് കമ്പനി പ്രതിനിധികൾ, ഷിപ്പിംഗ് സി ആന്ഡ് എഫ് ഏജന്റുമാർ, പോർട്ട്, ഹാർബർ എഞ്ചിനീയറിംഗ്, പോലീസ് തുടങ്ങിയ വിവിധ വകുപ്പു പ്രതിനിധികൾ എന്നിവർ യോഗത്തില് പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക