കടൽ വെള്ളരി കടത്ത്; അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. ഇരുപതിലധികം പേർ അറസ്റ്റിലാവും.

0
1386

കവരത്തി: ലക്ഷദ്വീപിലെ കടൽ വെള്ളരി വേട്ടയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടത്താൻ കേന്ദ്ര ഏജൻസിയായ സി.ബി.ഐ എത്തുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തി അന്വേഷണം ആരംഭിച്ച സി.ബി.ഐ ഉദ്യോഗസ്ഥരുടെ സംഘം നാളെ കവരത്തിയിൽ എത്തും. ഈ വർഷം എട്ടു തവണയാണ് ലക്ഷദ്വീപിൽ നിന്നും കടൽ വെള്ളരിയുടെ ശേഖരം കണ്ടെത്തി പിടികൂടുന്നത്. അഗത്തിയുടെ തെക്കുഭാഗത്ത് നിന്നും 1.56 കോടി രൂപ വിലമതിക്കുന്ന 220 കടൽവെള്ളരികൾ പിടികൂടിയതാണ് ഏറ്റവും വലിയ കേസ്. ഏറ്റവും അവസാനം പിടികൂടിയ കേസ് ഉൾപ്പെടെ 1500 കിലോ ഭാരമുള്ള 2500 കടൽ വെള്ളരികളാണ് ഈ വർഷം ഇതുവരെ പിടിച്ചെടുത്തത്. ഏഴ് കോടി രൂപയാണ് ഇത്രയും കടൽവെള്ളരികൾക്ക് അന്താരാഷ്ട്ര മാർക്കറ്റുകളിലെ മതിപ്പുവില.

To advertise here, Whatsapp us.
To Advertise in Dweep Malayali, WhatsApp us now.

കടൽ വെള്ളരി പിടികൂടി വിൽപ്പന നടത്തുന്ന പ്രവണത ഈ വർഷം ക്രമാതീതമായി വർധിച്ചതായി ലക്ഷദ്വീപ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീ.ദാമോദർ എ.ടി(ഐ.എഫ്.എസ്) പറഞ്ഞു. ലക്ഷദ്വീപ് പരിസ്ഥിതി വനം വകുപ്പ് ഇതുവരെ പിടിച്ചെടുത്ത കടൽ വെള്ളരികൾ യഥാർത്ഥത്തിൽ കയറ്റിയയക്കുന്നതിന്റെ വളരെ ചെറിയ ഭാഗം മാത്രമാണെന്നും ആൾതാമസമില്ലാത്ത ദ്വീപുകളുടെ പരിസരങ്ങളിൽ നിന്ന് വലിയ അളവിൽ കടൽ വെള്ളരി കയറ്റി അയക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ ഉദ്യോഗസ്ഥർ കൊച്ചിയിൽ എത്തി അന്വേഷണം ആരംഭിച്ച വിവരം ശ്രീ.ദാമോദർ തന്നെയാണ് പുറത്തു വിട്ടത്. സി.ബി.ഐ സംഘം നാളെ കവരത്തിയിൽ എത്തും. തുടർന്ന് 20 മുതൽ 24 പേർ വരെ അടങ്ങുന്ന പ്രതികൾ അറസ്റ്റിലാവുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.

കടൽ വെള്ളരികൾ 1972 വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം ഷെഡ്യൂൾ ഒന്നിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അവയുടെ സംഭരണവും കയറ്റുമതിയും 2001-ൽ പൂർണ്ണമായി നിരോധനം ഏർപ്പെടുത്തിയതാണ്. അഗത്തി ദ്വീപിന്റെ പുറംകടലിൽ ബോട്ടുകൾ എത്തുന്നത് കർശനമായ നിരീക്ഷണം വേണമെന്ന നിർദേശത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ നിരീക്ഷണത്തിലാണ് ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസവും കടൽ വെള്ളരികൾ പിടികൂടിയത്. അഗത്തി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ.മുഹമ്മദ് സിനാൻ യാഫുസിന്റെ നേതൃത്വത്തിൽ 155.5 കിലോഗ്രാം കടൽവെള്ളരികളാണ് അന്ന് പിടികൂടിയത്. മത്സ്യബന്ധന ബോട്ടുകളിൽ കയറ്റിയയക്കാൻ പാകത്തിൽ സംസ്കരിച്ചവയായിരുന്നു അവ. ബിത്ര ദ്വീപിന് സമീപമുള്ള വെള്ളക്കര, പെരുമൾപാർ, തിന്നകര, സുഹലി തുടങ്ങിയ ആൾതാമസമില്ലാത്ത ദ്വീപുകളുടെ പരിസരങ്ങളിൽ നിന്നാണ് കടൽവെള്ളരികൾ വ്യാപകമായി പിടികൂടുന്നത് എന്ന നിഗമനത്തിലാണ് ലക്ഷദ്വീപ് പരിസ്ഥിതി വനം വകുപ്പ്. ഇങ്ങനെ പിടികൂടി സംസ്കരിച്ച കടൽവെള്ളരികൾ അഗത്തിയിൽ കൊണ്ടുവന്ന് മത്സ്യബന്ധന ബോട്ടുകൾ വഴി കടത്തുകയാണ് ചെയ്യുന്നത് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ ദിവസം പിടികൂടിയ കടൽവെള്ളരിയുമായി ബന്ധപ്പെട്ട് അമിനി കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ പ്രതികൾ കടന്നു കളഞ്ഞതായാണ് അറിയുന്നത്. പ്രതികൂല കാലാവസ്ഥയും, ആവശ്യമായ പാട്രാളിങ്ങ് ബോട്ടുകളുടെ അഭാവവും കൊണ്ടാണ് അന്വേഷണങ്ങൾ ദ്രുതഗതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തത് എന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീ.ദാമോദർ അറിയിച്ചു. വലിയ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതിനാൽ കടൽ വെള്ളരി പിടികൂടുന്ന സംഘങ്ങളുടെ കൈവശം അത്യാധുനിക ഉപകരണങ്ങളാണ് ഉള്ളത്. എന്നാൽ ലക്ഷദ്വീപ് വനംവകുപ്പിന് കീഴിലുള്ള അന്വേഷണ ഉദ്യോഗസ്ഥർക്ക് ഈ മേഖലയിലുള്ള പരിചയക്കുറവും, ഇത്തരം കേസുകൾ കോടതികളിൽ നിയമപരമായി നേരിടുന്നതിന് നിയമരംഗത്തെ വിദഗ്ധരുടെ അഭാവവും കേസുകൾ മുന്നോട്ടു കൊണ്ടുപോവുന്നതിന് തടസ്സമാവുന്നുണ്ടെന്നും ഇതുവഴി ഫോറസ്റ്റ് ഉദ്യോഗസ്ഥർ മാനസികമായി തളർന്നു പോവുന്നതായും അദ്ദേഹം പറഞ്ഞു.

Advertisement.

അവലംബം: ഹിന്ദുസ്ഥാൻ ടൈംസ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here