ചരിത്രമായി മിനിക്കോയ് നിരാഹാര സമരം; ഇത് മലിക്കു ജനതയുടെ ഐക്യത്തിന്റെ വിജയം

0
1225

മിനിക്കോയ്: ദീർഘനാളായി പവർ കട്ട് കാരണം ബുദ്ധിമുട്ട് നേരിടേണ്ടി വന്ന മിനിക്കോയ് ദ്വീപ് നിവാസികൾക്കായി രാഷ്ട്രീയം മറന്ന് എല്ലാ ജനപ്രതിനിധികളും വില്ലേജ് മൂപ്പൻമാരും പൊതുജനങ്ങളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയപ്പോൾ മിനിക്കോയ് ദ്വീപിൽ തീർത്തത് സമാധാന സമരത്തിന്റെ പുതിയ ചരിത്രം. കഴിഞ്ഞ ഒക്ടോബർ മാസം പകുതിയോടെ മിനിക്കോയ് ദ്വീപിലെ ജനറേറ്ററുകൾ ഒന്നിനു പിറകെ മറ്റൊന്നായി പണിമുടക്കുകയും പവർ കട്ട് കാരണം ജനങ്ങൾ പൊറുതിമുട്ടുകയും ചെയ്തു. 2000 കെ.വിയുടെയും 1500കെ.വിയുടെയും ഓരോ  ജനറേറ്ററുകളും 500കെ.വിയുടെ രണ്ടു ചെറിയ ജനറേറ്ററുകളുമാണ് മിനിക്കോയ് ദ്വീപിൽ പ്രവർത്തിച്ചു വരുന്നത്. എന്നാൽ ജനറേറ്ററുകളും കാലാവധി കഴിഞ്ഞവയാണെന്ന് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. 2000 കെ.വിയുടെ ഒരു ജനറേറ്റർ പ്രവർത്തക്ഷമമായാൽ തന്നെ മിനിക്കോയ് ദ്വീപിലെ മുഴുവൻ ആവശ്യങ്ങൾക്കും അത് പര്യാപ്തമാണ്. പവർ കട്ട് തുടർക്കഥയ്യപ്പോൾ തന്നെ മിനിക്കോയ് ദ്വീപിലെ വി.ഡി.പി ചെയർപേഴ്സണും മെമ്പർമാരും മറ്റ് പൊതു പ്രവർത്തകരും ചേർന്ന് ഡെപ്യൂട്ടി കളക്ടറുടെ സാന്നിധ്യത്തിൽ ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എഞ്ചിനീയറെ കാണുകയും രണ്ട് ദിവസം കൊണ്ട് പവർ കട്ടിന് പരിഹാരമായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Advertisement

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ബേപ്പൂരിൽ സൂക്ഷിച്ചിരുന്ന ജനറേറ്റർ യുദ്ധകാലാടിസ്ഥാനത്തിൽ മിനിക്കോയ് ദ്വീപിൽ എത്തിക്കുന്നതിനും പ്രസ്തുത യോഗത്തിൽ തീരുമാനമായി. അതുകൂടി എത്തുന്നതോടെ പവർ കട്ടിന് ഒരു പരിധി വരെ പരിഹാരമാവും എന്നാണ് കരുതിയത്. പിന്നീട് പൊടുന്നനെ മിനിക്കോയ് ദ്വീപിൽ ഉണ്ടായിരുന്ന ഓരോ ജനറേറ്ററുകളും പൂർണ്ണമായി പ്രവർത്തനരഹിതമാവുകയായിരുന്നു. അതിനിടെ ഒരു പുതിയ 1000കെ.വി ജനറേറ്റർ  എത്തിച്ചെങ്കിലും, സാങ്കേതിക കാരണങ്ങളാൽ പ്രവർത്തിപ്പിക്കാൻ സാധിച്ചില്ല. ബേപ്പൂരിൽ സൂക്ഷിച്ചിരുന്ന ജനറേറ്റർ എത്തിച്ചു കൊണ്ട് പവർ കട്ടിന് പരിഹാരം കണ്ടെത്തുന്നതിന് വി.ഡി.പി ചെയർപേഴ്സണും മെമ്പർമാർക്കും വകുപ്പ് മേധാവികളിൽ നിന്നും ഉറപ്പു ലഭിച്ചെങ്കിലും മിനിക്കോയിലെ അസിസ്റ്റന്റ് എഞ്ചിനീയർ മെഡിക്കൽ ലീവിൽ പ്രവേശിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി.

To advertise here, Whatsapp us.

അതിനിടക്ക് ചുഴലിക്കാറ്റ് കാരണം ഗതാഗതം കൂടി തടസ്സപ്പെട്ടതിനാൽ നവംബർ രണ്ടാം വാരത്തിലാണ് ബേപ്പൂരിൽ സൂക്ഷിച്ചിരുന്ന ജനറേറ്റർ മിനിക്കോയ് ദ്വീപിൽ എത്തിക്കാൻ സാധിച്ചത്. എന്നാൽ ആ ജനറേറ്ററും പ്രവർത്തനക്ഷമമാക്കാൻ സാധിച്ചില്ല. ഒരു നിലക്കും പവർ കട്ടിന് പരിഹാരമാവാതെ വന്നതോടെ ഈ മാസം നാലിന് വി.ഡി.പി ചെയർപേഴ്സൺ, മെമ്പർമാർ, വില്ലേജ് മൂപ്പൻമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരം ആരംഭിച്ചു. സമരത്തിന്റെ രണ്ടാം ദിവസം മുതൽ വി.ഡി.പി മെമ്പർ ഡോ.മുനീർ നിരാഹാരം ആരംഭിച്ചു. ഇതോടെ അഡ്മിനിസ്ട്രേറ്റർ നേരിട്ട് ഇടപെട്ടു. എട്ടാം തിയതി പുലർച്ചെ 01:30 ന് പവർ കട്ട് പൂർണ്ണമായി എടുത്തു മാറ്റി. തുടർന്ന് അന്ന് ഉച്ചയോടെ നിരാഹാര സമരം അവസാനിപ്പിച്ചു. മിനിക്കോയ് ദ്വീപിലെ ജനപ്രതിനിധികളും, വില്ലേജ് മൂപ്പൻമാരും നാട്ടുകാരും ഒന്നിച്ച് നിന്ന് ശക്തമായി പ്രതിഷേധിച്ചപ്പോൾ അധികൃതർ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയായിരുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here