ചേത്ത്ലാത്ത്: “സമർപ്പണവഴിയിൽ സംഘശക്തിക്കൊപ്പം” എന്ന പ്രമേയത്തിൽ മൂന്ന് ദിവസങ്ങളിലായി ചേത്ത്ലാത്ത് ദ്വീപിൽ നടന്ന നാലാമത് ലക്ഷദ്വീപ് സുന്നി സമ്മേളനത്തിന് പ്രൗഡമായ പരിസമാപ്തി. ലക്ഷദ്വീപിലെ സുന്നി പ്രാസ്ഥാനിക മുന്നേറ്റങ്ങൾക്ക് ശക്തി പകർന്ന നാലാമത് സുന്നി സമ്മേളനം കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുത്തനൂർ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ തങ്ങളുടെ നേതൃത്വത്തിൽ ചേത്ത്ലാത്ത് ദ്വീപിലെ പ്രഗൽഭരായ ഔലിയാക്കളുടെ മഖ്ബറകൾ കേന്ദ്രീകരിച്ച് നടന്ന പൈതൃക യാത്രയോടെയാണ് തുടക്കമായത്. വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് സമ്മേളന സ്വാഗത സംഘം ചെയർമാൻ സയ്യിദ് സഹീർ ഹുസൈൻ ജീലാനി തങ്ങൾ പതാക ഉയർത്തിയതോടെ ത്രിദിന സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായി.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ എസ്.എസ്.എഫ് ദേശീയ അധ്യക്ഷൻ ഡോ.മുഹമ്മദ് ഫാറൂഖ് നഈമി സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമം നിർവഹിച്ചു. എൻ.അലി അബ്ദുള്ള പ്രമേയാവതരണം നടത്തി. രാത്രി നടന്ന ആത്മീയ സമ്മേളനത്തിൽ അലി ബാഖവി ആറ്റുപുറം മുഖ്യ പ്രഭാഷണം നടത്തി.
ശനിയാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ നടന്ന പ്രാസ്ഥാനിക പഠന ക്ളാസ്സുകൾക്ക് വിവിധ സെഷനുകളിലായി പ്രൊ.യു.സി അബ്ദുൽ മജീദ്, മുഹമ്മദ് പറവൂർ, സി.പി ഉബൈദുള്ള സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി. അന്നേദിവസം ദഅവാ സമ്മേളനം, തസ്കിയത്ത് സമ്മേളനം, മുഅല്ലിം സമ്മേളനം, ഖുർആൻ പഠന ക്ലാസ്, വനിതാ ക്ലാസ്, മർക്കസ് അലുംനി മീറ്റ്, സൈക്കോ തസവ്വുഫ് തുടങ്ങിയ വിവിധ സെഷനുകളിലായി നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഹാമിദ് മദനി കടമത്ത്, കുഞ്ഞഹമ്മദ് മദനി ചേത്ത്ലാത്ത്, സഅദുദ്ധീൻ തങ്ങൾ ഷിമോഗ, അഡ്വ.എ.കെ ഇസ്മായിൽ വഫ, ഇബ്രാഹിം സഖാഫി താത്തൂർ, അബൂബക്കർ സഖാഫി അരീക്കോട് തുടങ്ങിയ നേതാക്കൾ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.

സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് ഇന്നലെ ഉച്ചയോടെ ചേത്ത്ലാത്ത് ദ്വീപിൽ എത്തിയ ഇന്ത്യൻ ഗ്രാന്റ് മുഫ്ത്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് ലക്ഷദ്വീപ് സുന്നി സംഘകുടുംബം ആവേശകരമായ സ്വീകരണം നൽകി. ചേത്ത്ലാത്ത് ദ്വീപിൽ എത്തിയ കാന്തപുരം ഉസ്താദ്, സുന്നി ജുമുഅത്ത് പള്ളിയുടെ പുതുതായി പണിത രണ്ടാം നില, ഫത്തഹുറഹ്മാൻ മദ്രസയുടെ പുതിയ കെട്ടിടം, സഹ്റത്തുൽ ഖുർആൻ പ്രി സ്കൂൾ, ഇമാദുൽ ഇസ്ലാം മദ്രസയുടെ പുതിയ കെട്ടിടം ഉൾപ്പെടെ ആറിടങ്ങളിൽ ഉദ്ഘാടന കർമം നിർവഹിച്ചു. സമ്മേളന നഗരിയിൽ എത്തിയ ഇന്ത്യൻ ഗ്രാന്റ് മുഫ്ത്തിയുടെ കാർമികത്വത്തിൽ ഏഴ് വധൂവരൻമാരുടെ സമൂഹ നികാഹ് കർമം നടന്നു. ഇന്നലെ രാത്രി നടന്ന സമാപന സമ്മേളനം എൻ.അലി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാന്റ് മുഫ്ത്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് നഗരത്തിൽ മർക്കസിന് കീഴിൽ ലക്ഷദ്വീപുകാർക്കായി താമസ സൗകര്യത്തോടെ ഒരു ലക്ഷദ്വീപ് ഭവൻ നിർമ്മിച്ചു നൽകുമെന്ന് കാന്തപുരം ഉസ്താദ് പ്രഖ്യാപിച്ചു. മർക്കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ തങ്ങൾ, ഹാഫിള് നസീർ സഖാഫി, സയ്യിദ് സഹീർ ഹുസൈൻ ജീലാനി, അഡ്വ.എ.കെ ഇസ്മായിൽ വഫ, മറ്റു പ്രമുഖർ പങ്കെടുത്തു.

അഞ്ചാമത് ലക്ഷദ്വീപ് സുന്നി സമ്മേളനം കവരത്തിയിൽ വെച്ച് നടക്കുമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രഖ്യാപിച്ചു. സമ്മേളനത്തിനുള്ള സമസ്തയുടെ പതാക സയ്യിദ് സഹീർ ഹുസൈൻ ജീലാനി, എ.പി.സൈനുൽ ആബിദ് സഖാഫി, സി.എം അബ്ദുൽ മുഹ്സിൻ, പി.വി ഹംസകോയ സഖാഫി, എം.പി റഫീഖ്, എൻ.തങ്ങകോയ, സി.എം സലീം ഉൾപ്പെടെയുള്ള കവരത്തി ദ്വീപിലെ സംഘടനാ നേതാക്കൾ ചേർന്ന് സ്വീകരിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക