കവരത്തി: പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിൽ ജനതാദൾ യുണൈറ്റഡ് സ്ഥാനാർത്ഥിയായി ഡോ.കെ.പി മുഹമ്മദ് സാദിഖ് മത്സരിക്കും. സാദിഖിന്റെ സ്ഥാനാർത്ഥിത്വം ജെ.ഡി.യു ദേശീയ നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ ശ്രീ.നിതീഷ് കുമാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദേശീയ ജനാധിപത്യ മുന്നണി(എൻ.ഡി.എ) സ്ഥാനാർത്ഥിയായി സാദിഖ് മത്സരിക്കും എന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ജെ.ഡി.യു ടിക്കറ്റിലാണ് സാദിഖ് മത്സരിക്കുന്നത്. ബി.ജെ.പി ചിഹ്നത്തിൽ വേറെ സ്ഥാനാർത്ഥി ഉണ്ടാവും. ബി.ജെ.പി സ്ഥാനാർത്ഥിയായി കവരത്തി ദ്വീപ് സ്വദേശി ശ്രീ.ജാഫർ ഷായുടെ പേര് ഉയർന്നു വന്നിരുന്നുവെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. പാർട്ടിയുടെ ശക്തി തെളിയിക്കാൻ കഴിയുന്ന കൂടുതൽ മികച്ച സ്ഥാനാർത്ഥിയെ ബി.ജെ.പി തേടുന്നതായാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.
ഡോ.മുഹമ്മദ് സാദിഖ്.
ഡോ.കെ.കെ മുഹമ്മദ് കോയയുടെയും ശ്രീമതി. ബീയുടെയും മകനായി 1972-ൽ ജനനം. കൽപ്പേനി, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കവരത്തി എന്നീ സ്ഥലങ്ങളിൽ നിന്നും പ്രാധമിക പഠനം. കവരത്തി ജവഹർലാൽ നെഹ്റു കോളേജിൽ നിന്നും പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം 1989-95 കാലയളവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ബി.ഡി.എസ് കരസ്ഥമാക്കി. പിന്നീട് ലക്നൗവിലെ കിങ്ങ് ജോർജ് മെഡിക്കൽ കോളേജിൽ നിന്നും ബിരുദാനന്തര ബിരുദമായ എം.ഡി.എസ് പൂർത്തീകരിച്ചു. കവരത്തി ഇന്തിരാ ഗാന്ധി ഹോസ്പിറ്റൽ, അമിനി പ്രാധമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ഡെന്റൽ സർജനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സ്കൂൾ പഠന കാലം തൊട്ടേ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഡോ.സാദിഖ് ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (എൽ.എസ്.എ) യുടെ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ്, കേന്ദ്ര എക്സിക്യൂട്ടീവ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൽപ്പേനി ജെ.ബി. സ്കൂൾ ലീഡർ ആയിരുന്ന സാദിഖ് പിന്നീട് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഭൂഗർഭ ജലത്തിന്റെ അമിതമായ പമ്പിങ്ങിനെതിരെ നടന്ന സമരത്തിനിടെ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടു. കാലിക്കറ്റ് സർവകലാശാല ലക്ഷദ്വീപ് ഭരണകൂടവുമായി ഉണ്ടാക്കിയ കരാറിലെ ക്രമക്കേടുകൾക്കെതിരെ തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടത്തിയ സമരത്തിന്റെ ഭാഗമായി കേസിൽ പ്രതി ചേർക്കപ്പെട്ടു. ലക്ഷദ്വീപ് ജില്ലാ പഞ്ചായത്തിൽ കൽപ്പേനിയിൽ നിന്നുള്ള അംഗമായിരുന്നു. ജനതാദൾ യുണൈറ്റഡ്, എൻ.സി.പി എന്നീ പാർട്ടികളുടെ ദേശീയ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ ജനതാദൾ യുണൈറ്റഡ് എൻ.സി.പി യിൽ ലയിക്കുന്നതിനോട് അന്ന് തന്നെ താൻ എതിർപ്പ് രേഖപ്പെടുത്തിയിരുന്നതായി ഡോ.സാദിഖ് പറയുന്നു. www.dweepmalayali.com
ലക്ഷദ്വീപില് രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടിരുന്ന ഡോ.സാദിഖ് 2004, 2009 തിരഞ്ഞെടുപ്പുകളിൽ ഡോ.പി.പി കോയയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം 2016 മുതൽ വീണ്ടും ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ സജീവമായ സാദിഖ് ജനതാദൾ യുണൈറ്റഡ് തിരികെ കൊണ്ടുവന്നുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി മുന്നോട്ട് പോവുകയാണ്. കോഴിക്കോട് കെ.എം.സി.ടി ഡെന്റൽ കോളേജിൽ പ്രൊഫസർ ആയിരുന്ന സാദിഖ്, അവിടെ ഡിപ്പാർട്ട്മെന്റ് തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോയൽ ഡെന്റൽ കോളേജിൽ അസിസ്റ്റന്റ് പ്രിൻസിപ്പാളായും പ്രവർത്തിച്ചിട്ടുണ്ട്. എഫ്.ഓ.ഡി.ഐ, ഐ.എ.സി.ഡി.ഇ എന്നീ സംഘടനകളുടെ എക്സിക്യൂട്ടീവ് മെമ്പറായിരുന്നു.www.dweepmalayali.com
ഡെന്റൽ ഡോക്ടർമാരുടെ സംഘടനയായ ഐ.ഡി.എ യുടെ മലബാർ മേഖലാ കമ്മിറ്റിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഡോ.സാദിഖ് നിരവധി സംസ്ഥാന, ദേശീയ ഡെന്റൽ കോൺഫറൻസുകളിൽ സംഘാടകനായും അതിഥിയായും പങ്കെടുത്തിട്ടുണ്ട്. നിലവിൽ ഡോ.കോയ മെമ്മോറിയൽ ചാരിറ്റബിൾ ആന്റ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനാണ്. www.dweepmalayali.com
ഡോ.കോയ മെമ്മോറിയൽ ചാരിറ്റബിൾ ആന്റ് എഡ്യൂക്കേഷൻ ട്രസ്റ്റിന് കീഴിൽ രണ്ടു പ്രാവശ്യം തൊഴിൽ മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. മത്സയബന്ധനത്തിനിടെ അത്യാഹിതം സംഭവിക്കുന്ന മത്സ്യബന്ധന തൊഴിലാളികൾക്ക് പ്രത്യേക ഇൻഷുറൻസ് പദ്ധതി ട്രസ്റ്റിന് കീഴിൽ നടന്നുവരുന്നു. ട്രസ്റ്റ് വഴി അപേക്ഷിക്കുന്ന മത്സ്യബന്ധന തൊഴിലാളികളുടെ പ്രീമിയം തുക ട്രസ്റ്റ് നേരിട്ട് തന്നെ അടക്കുന്നതായി ഡോ.സാദിഖ് ദ്വീപ് മലയാളിയോട് പറഞ്ഞു. ദ്വീപിലെ സ്വയം സഹായ സംഘങ്ങൾക്ക് ട്രെയ്നിംഗ്, അവരുടെ ഉൽപ്പന്നങ്ങളുടെ വിപണനം എന്നിവ ഡോ.കോയാ ട്രസ്റ്റ് നടത്തി വരുന്നു. ഓഖി ദുരന്തം വിതച്ച മിനിക്കോയ് ദ്വീപിലെ ദുരന്തബാധിതർക്ക് ട്രസ്റ്റ് ധനസഹായം നൽകിയിരുന്നു. ബീഹാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു കോടി രൂപ ലക്ഷദ്വീപിന് ധനസഹായം നൽകിയത് പാർട്ടി ലക്ഷദ്വീപ് ഘടകത്തിന്റെ ആവശ്യം പരിഗണിച്ചാണെന്ന് സാദിഖ് പറഞ്ഞു. ഡോ.കോയ ജനതാദൾ യുണൈറ്റഡ് നേതാവായിരുന്നു എന്നും, അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേരോ, പ്രശസ്തിയോ, ചിത്രങ്ങളോ മറ്റ് പാർട്ടികൾ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നതിന് ധാർമ്മികമായ അവകാശമില്ല എന്ന് ഡോ.സാദിഖ് ദ്വീപ് മലയാളിയോട് പറഞ്ഞു.www.dweepmalayali.com
ഡോ.ഹസൂറിയയാണ് സാദിഖിന്റെ ഭാര്യ.ഇവർക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. സാബിതാ, മുഹ്സിന, ശബ്നം, സുബിനാ എന്നിവർ സഹോദരികളാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക