കവരത്തി: യുവജന ക്ഷേമ-കായിക വകുപ്പിന് കീഴിൽ കവരത്തിയിൽ ലക്ഷദ്വീപ് ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നതിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാന്റെ അംഗീകാരം. അക്കാദമിയുടെ പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കുന്നതിന് മുന്നോടിയായി പതിനൊന്ന് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. കായിക-യുവജന ക്ഷേമ വകുപ്പ് ഡയറക്ടർ ശ്രീ.എസ്.അസ്കർ അലി ഐ.എ.എസ് ആണ് ഔദ്യോഗികമായി നോട്ടിഫിക്കേഷൻ ക്ഷണിച്ചു കൊണ്ടുള്ള ഉത്തരവിൽ ഒപ്പുവെച്ചത്.
ഫുട്ബോൾ കോച്ച് തസ്തികയിലേക്ക് രണ്ട് ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും, ഫുട്ബോൾ കോച്ചിങ്ങിൽ ഡിപ്ലോമയും, ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ബി/സി കോച്ചിങ്ങ് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം. മാസം 75000/- രൂപയാണ് ശമ്പളം.

ഫിസിക്കൽ ട്രൈനർ തസ്തികയിലേക്ക് ഒരാളെ മാത്രമാണ് നിയമിക്കുന്നത്. അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്കൽ എഡ്യുക്കേഷനിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. 23,100/- രൂപ ശമ്പളമായി ലഭിക്കും.
വാർഡൻ, ആയ തസ്തികകളിലേക്ക് സ്ത്രീകളെയാണ് പരിഗണിക്കുന്നത്. വാർഡനാവാൻ ഫിസിക്കൽ എഡ്യുക്കേഷനിൽ ബിരുദമാണ് (ബി.ബി.ഇ/ബി.പി.എഡ്) യോഗ്യത. 19,000/- രൂപയാണ് ശമ്പളം. ആയ ആവുന്നതിന് +2 വിജയിച്ച പെൺകുട്ടികൾക്ക് അപേക്ഷിക്കാം. ശമ്പളം: 15,000/- രൂപ.
മാട്രൻ തസ്തികയിലേക്ക് രണ്ട് ഒഴിവുകളുണ്ട്. ബി.എസ്.സി, ബി.എഡ് എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം: 20,000/- രൂപ.
മൾട്ടി-സ്കിൽഡ് എംപ്ലോയീ. ഒഴിവുകൾ: 1. +2 വിജയിച്ചവർക്ക് അപേക്ഷിക്കാം. ശമ്പളം: 11,000/- രൂപ.
ഗ്രൗണ്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഏക ഒഴിവിലേക്ക് കായിക താരങ്ങൾക്ക് മുൻഗണന നൽകും. +2 വിജയമാണ് പ്രാഥമിക യോഗ്യത. ദേശീയ സ്കൂൾ കായികമേള, ഇന്റർ സർവ്വകലാശാലാ മത്സരങ്ങൾ, ദേശീയ യൂത്ത് മീറ്റുകൾ എന്നിവയിൽ പങ്കെടുത്ത കളിക്കാർക്കും, അത്ലറ്റിക്സ് താരങ്ങൾക്കും, നീന്തൽ താരങ്ങൾക്കും പരിഗണന ലഭിക്കും. ശമ്പളം:11,000/- രൂപ.
പാചകക്കാരൻ(കുക്ക്) തസ്തികയിലേക്ക് രണ്ട് ഒഴിവുകളാണ് ഉള്ളത്. എസ്.എസ്.എൽ.സി വിജയിച്ച പാചകത്തിൽ നൈപുണ്യമുള്ളവർക്ക് അപേക്ഷിക്കാം. 9,900/- രൂപയാണ് ശമ്പളം.
എല്ലാ തസ്തികകളിലേക്കും ദ്വീപുകാരായ ഉദ്യോഗാർഥികൾക്കാണ് പ്രഥമ പരിഗണന. ദ്വീപുകാരായ യോഗ്യരായ ഉദ്യോഗാർഥികൾ ഇല്ലെങ്കിൽ മാത്രം പുറത്ത് നിന്നുള്ളവരെ പരിഗണിക്കും. അങ്ങനെ വരുമ്പോൾ കോച്ച് തസ്തികയിലേക്ക് മലയാളികളെയാവും പരിഗണിക്കുക.
വെള്ള കടലാസിൽ എഴുതിയ അപേക്ഷ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വന്തമായി അറ്റസ്റ്റ് ചെയ്ത പകർപ്പുകൾ സഹിതം ഈ മാസം 30-ന് മുമ്പായി കവരത്തി കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രസ്തുത വകുപ്പുമായി ബന്ധപ്പെടുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക