തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിക്കുമെതിരെ വീണ്ടും ആഞ്ഞടിച്ച് മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. ബിജെപിക്കെതിരെ പോരാടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങളെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരാജയപ്പെടുത്തുകയാണെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിലെ ആര്‍ക്കും രാജ്യസഭാ സീറ്റ് ലഭിക്കരുതെന്ന പൊതു അജണ്ടയാണ് സംസ്ഥാനനേതൃത്വം നടപ്പിലാക്കിയത്. വിശാല താൽപര്യമല്ല, സങ്കുചിത താൽപര്യമാണ് സംസ്ഥാന നേതൃത്വം വച്ചുപുലര്‍ത്തുന്നതെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്യപ്രസ്താവന വിലക്കിയ സംസ്ഥാന നേതൃത്വത്തിന്റെ നടപടിയെയും സുധീരന്‍ പുച്ഛിച്ചു തള്ളി. പൊറുക്കാനാകാത്ത തെറ്റ് ചെയ്തിട്ട് അതിന് പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന ഒറ്റമൂലിയുമായി വന്നിരിക്കുകയാണ് നേതൃത്വം. പരസ്യ പ്രസ്താവന കോണ്‍ഗ്രസില്‍ എന്നുമുണ്ട്. അത് പുതിയ കാര്യമല്ലെന്നും അതിനെ വിലക്കിയ നേതാക്കളുടെ ചരിത്രം പരിശോധിക്കണമെന്നും സുധീരൻ ഓർമിപ്പിച്ചു.
ഉമ്മൻചാണ്ടിക്കെതിരെയും കടുത്ത വിമർശനങ്ങളാണ് സുധീരൻ നടത്തിയത്. താന്‍ കെപിസിസി അധ്യക്ഷൻ ആയത് ഉമ്മന്‍ ചാണ്ടിക്ക് ഇഷ്ടമായില്ല. കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് പിന്തുണ ലഭിച്ചില്ല.
ക്രൂരമായ നിസ്സംഗതയും നിസ്സഹകരണവുമാണ് ഉമ്മന്‍ ചാണ്ടിയുടെയും ചിലരുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. കെപിസിസി അധ്യക്ഷൻ ആയ ശേഷം കണ്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് വലിയ നീരസമായിരുന്നു.
പാര്‍ട്ടി ആസ്ഥാനത്ത് കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്ത ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തില്ല. പി കെ കുഞ്ഞാലിക്കുട്ടി തന്നെ വന്നുകണ്ടതിനു ശേഷമാണ് ഉമ്മന്‍ ചാണ്ടി എത്തിയത്. അദ്ദേഹം മനഃപ്പൂര്‍വ്വം വരാതിരുന്നതാണെന്ന് എല്ലാവര്‍ക്കും അറിയാം.
അധ്യക്ഷൻ ആയശേഷം ആദ്യമായി നടത്തിയ ജനപക്ഷ യാത്ര പരാജയപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചു. യാത്ര ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ ചാണ്ടിയായിരുന്നു. എന്നാല്‍ ഉദ്ഘാടന പ്രസംഗത്തിൽ ഒരിടത്തുപോലും എന്റെ പേര് ഉമ്മന്‍ ചാണ്ടി പരാമര്‍ശിച്ചില്ല. രണ്ടാമത്തെ ജനരക്ഷാ യാത്രയിലും ഇതായിരുന്നു സ്ഥിതി. ജനരക്ഷാ യാത്ര കോട്ടയത്ത് എത്തിയപ്പോഴാണ് ഉമ്മന്‍ ചാണ്ടി തന്നെ അല്‍പ്പമെങ്കിലും പുകഴ്ത്തി സംസാരിച്ചത്- സുധീരന്‍ തുറന്നടിച്ചു.
കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് അധാര്‍മികമായിട്ടാണെന്നാണ് സുധീരൻ ആവർത്തിച്ചു. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കാനുള്ള തീരുമാനം ഹിമാലയന്‍ മണ്ടത്തരമാണ്. ഇതിലൂടെ യുപിഎയ്ക്ക് ലോക്‌സഭയില്‍ ഒരു സീറ്റ് കുറയുകയാണ്. ഒരു ലോക്‌സഭാ സീറ്റ് നഷ്ടപ്പെടുത്തിയത് ഹിമാലയന്‍ അബദ്ധം. കോണ്‍ഗ്രസിന്റെ നഷ്ടം ബിജെപിയുടെ നേട്ടമാവുകയാണ്. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ നാളെ ബിജെപിക്കാെപ്പം പോകില്ലെന്ന് എന്താണ് ഉറപ്പ്. അങ്ങനൊരു ഉറപ്പെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ വാങ്ങേണ്ടതായിരുന്നു. മാണി ചാഞ്ചാട്ടക്കാരനാണ്. സിപിഐഎമ്മിനോടും ബിജെപിയോടും ഒരുപോലെ അദ്ദേഹം വിലപേശി. അതിനാല്‍ തീരുമാനം എടുക്കേണ്ടിയിരുന്നത് ആലോചിച്ചു വേണമായിരുന്നു. സാമാന്യ ബുദ്ധിയുള്ള നേതൃത്വം ഇത്തരം മണ്ടത്തരം കാണിക്കില്ല. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തടവറയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ട്ടിനേതൃത്വം ഒഴികെ ഗ്രൂപ്പ് ഭേദമന്യേ എല്ലാവരും ഈ തീരുമാനത്തെ എതിര്‍ത്തു. തെറ്റുപറ്റിയാല്‍ അത് തുറന്നു സമ്മതിക്കണം. സഹപ്രവര്‍ത്തകരുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണം. അതാണ് ചെയ്യേണ്ടതെന്നും സുധീരൻ പറഞ്ഞു.
ബിജെപിക്കെതിരായ രാഹുലിന്റെ നീക്കങ്ങളെ നേതാക്കള്‍ പിന്നോട്ടടിക്കുകയാണ്. ഭാരതത്തിന്റെ ശാപമാണ് ബിജെപി. ജനങ്ങളുടെ മേല്‍ വന്നുപെട്ട വന്‍ ബാധ്യതയാണ് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ രാഹുലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങളാണ് സംസ്ഥാനനേതൃത്വം നടക്കുന്നത്. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിലുള്ള നിരാശയാണ് തനിക്കെന്ന ആരോപണങ്ങള്‍ക്കും സുധീരന്‍ മറുപടി നല്‍കി. പാര്‍ലമെന്ററി, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് നേരത്തെ പിന്‍മാറിയതാണ്. ഇക്കാര്യത്തില്‍ തനിക്കെതിരെ കുപ്രചരണം നടത്തുകയാണ്. താന്‍ സീറ്റിനു വേണ്ടി നടത്തുന്ന കളിയാണെന്നാണ് ചിലര്‍ പറയുന്നത്. അത്തരം പ്രചരണങ്ങളില്‍ മാധ്യമങ്ങള്‍ വീഴരുതെന്നും സുധീരൻ കൂട്ടിച്ചേർത്തു. പാർട്ടിയിലെ ഗ്രൂപ്പ് വൈരത്തിന്റെ ഇരയാണ് താനെന്നും ഗ്രൂപ്പ് മാനേജർമാരുടെ പീഡനത്തിൽ മനംനൊന്താണ് താൻ കെപിസിസി അധ്യക്ഷസ്ഥാനം രാജിവച്ചതെന്നും ഇന്നലെ സുധീരൻ വെളിപ്പെടുത്തിയിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക