കൊച്ചി: കുവൈത്തിൽ നിന്നും എത്തിയ അഗത്തി ദ്വീപ് സ്വദേശിയുടെ കൊവിഡ് ടെസ്റ്റ് റിസൾട്ട് ഫലം പോസിറ്റീവാണെന്ന് സംശയം തോന്നിയതിനെ തുടർന്ന് വീണ്ടും പരിശോധിക്കും. സാമ്പിൾ നൽകുന്നതിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവും. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിലുള്ള ലാബിൽ നിന്നാണ് പരിശോധന നടത്തിയത്.

കൊവിഡ് ടെസ്റ്റിന് വിധേയമായി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇദ്ദേഹം കുവൈത്തിൽ നിന്നും കേരളത്തിൽ എത്തിയത്. ഗർഫിൽ നിന്നും എത്തിയ ഇദ്ദേഹം കേരള സർക്കാർ ഒരുക്കിയ പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിൽ പതിനാല് ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം വീണ്ടും ടെസ്റ്റിന് വിധേയമായി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് റോയൽ ഫോർ ലക്ഷദ്വീപ് ലോഡ്ജിൽ എത്തിയത്. കൊവിഡ് ടെസ്റ്റിൽ സാമ്പിൾ എടുക്കുന്ന സ്രവത്തിലെ പല ഘടകങ്ങളുടെയും അളവ് പരിശോധിച്ച ശേഷമാണ് പോസിറ്റീവാണോ നെഗറ്റീവാണോ എന്ന നിഗമനത്തിൽ എത്തുന്നത്. ഇദ്ദേഹം ഗൾഫിൽ നിന്നും എത്തിയതിനാലും മൂന്നാമത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കീഴിലുള്ള ലാബിൽ നടത്തിയ ടെസ്റ്റിങ്ങ് സാമ്പിളിലെ ചില ഘടകങ്ങളിൽ നേരിയ വ്യത്യാസങ്ങൾ കാണിക്കുന്നതിനാലും ആശങ്ക പൂർണ്ണമായി അകറ്റുന്നതിന് വേണ്ടിയാണ് ഒന്നുകൂടി ടെസ്റ്റിന് വിധേയമാക്കുന്നത് എന്ന് അധികൃതർ അറിയിച്ചു. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ ആശങ്കപ്പെടേണ്ടതില്ലെന്നും, അതേസമയം ഇവർ മറ്റുള്ളവരുമായി ബന്ധപ്പെടാതെ ക്വാറന്റൈനിന്റെ പൂർണ്ണ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നിരീക്ഷണത്തിൽ കഴിയണം എന്നും അധികൃതർ ആവശ്യപ്പെട്ടു. തനിക്ക് കൊവിഡ് പോസിറ്റീവാണ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വാസ്തവ വിരുദ്ധമാണെന്നും അത്തരം വാർത്തകൾ പ്രചരിപ്പിച്ച് തന്നെയും കുടുംബത്തെയും വിഷമത്തിലാക്കരുത് എന്നും അഗത്തി ദ്വീപ് സ്വദേശി പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക