തേഞ്ഞിപ്പലം: കലിക്കറ്റ് യൂണിവേഴ്സിറ്റി ലക്ഷദ്വീപിൽ നടത്തുന്ന പിജി കോഴ്സുകൾ നിർത്താൻ ധാരണ. ലക്ഷദ്വീപിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ ആവശ്യം മുൻനിർത്തിയാണ് ഇത്. വൈസ് ചാൻസലർ ഡോ. എം കെ ജയരാജിന്റെ അധ്യക്ഷതയിൽ നടന്ന സംയുക്ത അവലോകന യോഗത്തിലാണ് തീരുമാനം. ടൂറിസത്തിലും ഹോട്ടൽ മാനേജ്മെന്റിലും അധിഷ്ടിതമായ കൂടുതൽ ഡിഗ്രി കോഴ്സുകൾ ലക്ഷദ്വീപിൽ ആരംഭിക്കാൻ ധാരണയായി. പിജി കോഴ്സുകൾ ആവശ്യമെങ്കിൽ വിദ്യാർഥികൾ കേരളത്തിലെ കോളേജുകളിൽ ചേർന്ന് പഠിക്കണം. കലിക്കറ്റിന് കീഴിലെ കോളേജുകളിൽ ലക്ഷദ്വീപ് വിദ്യാർഥികൾക്ക് സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ദ്വീപിൽ കോഴ്സുകൾ നടത്തുന്നതിനുള്ള എംഒയു മൂന്ന് വർഷത്തേക്കുകൂടി നീട്ടും. ദ്വീപിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളുടെ ഉന്നമനത്തിനായി സംയുക്ത പദ്ധതി ആവിഷ്കരിക്കും. ഇതിനായി അധ്യാപകരുൾപ്പെടെയുള്ളവരുടെ യോഗം ഓൺലൈനായി നടത്തും. ദ്വീപിലുള്ള സർവകലാശാല ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം കുറയ്ക്കണമെന്ന ആവശ്യത്തോട് സർവകലാശാല അനുകൂലമായി പ്രതികരിച്ചില്ല. ലക്ഷദ്വീപ് ഉന്നതവിദ്യാഭ്യാസ വകുപ്പാണ് ഇവർക്ക് ശമ്പളം നൽകുന്നത്. കവരത്തി, കടമത്ത്, ആന്ത്രോത്ത് ദ്വീപുകളിലാണ് കലിക്കറ്റ് സർവകലാശാലയുടെ സെന്ററുകൾ പ്രവർത്തിക്കുന്നത്. യോഗത്തിൽ പിവിസി ഡോ. എം നാസർ, രജിസ്ട്രാർ, ഡോ. ഇ കെ സതീഷ്, സിൻഡിക്കറ്റംഗങ്ങളായ കെ കെ ഹനീഫ, അഡ്വ. ടോം കെ തോമസ്, ഡോ. കെ പി വിനോദ് കുമാർ, ഡോ. എം മനോഹരൻ എന്നിവരും ലക്ഷദ്വീപ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക