ന്യൂഡൽഹി: സർക്കാർ-സ്വകാര്യ-പങ്കാളിത്ത(പി.പി.പി) ടൂറിസം പദ്ധതിയുടെ ഭാഗമായി ഡൽഹിയിൽ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. ലക്ഷദ്വീപിലെ 12 ദ്വീപുകൾ കൂടി വിനോദ സഞ്ചാരികൾക്ക് തുറന്നു കൊടുക്കാനുള്ള പദ്ധതികൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തലത്തിൽ പുരോഗമിക്കുകയാണ്. പി.പി.പി മോഡൽ ടൂറിസം തുടങ്ങുന്നതിനു മുന്നോടിയായാണ് നീതി ആയോഗിന്റെ നേതൃത്വത്തിൽ നിക്ഷേപക സംഗമം വിളിച്ചു ചേർത്തത്. ലോക വിനോദ സഞ്ചാര മേഖലയിലെ പ്രശസ്തരായ പല മൾട്ടി നാഷണൽ കമ്പനികളും യോഗത്തിൽ പങ്കെടുത്തു. നീതി ആയോഗ് മുന്നോട്ട് വെച്ച ലക്ഷദ്വീപിന്റെ സ്വപ്ന പദ്ധതിക്ക് എല്ലാ പിന്തുണയും അവർ വാഗ്ദാനം ചെയ്തു.

പരിസ്ഥിതി ലോല ദ്വീപുകളായ ബംഗാരം, കടമത്ത് തുടങ്ങിയ ദ്വീപുകളിൽ വ്യക്തമായ ശാസ്ത്രീയ പഠനങ്ങൾ നടത്തും. പഠന റിപ്പോർട്ട് കൂടി പരിഗണിച്ചു മാത്രമേ ഇത്തരം ദ്വീപുകളിലെ പങ്കാളിത്ത ടൂറിസം പദ്ധതി അന്തിമമായി ആവിഷ്കരിക്കുകയുള്ളൂ.
വിവിധ വികസന പദ്ധതികളുടെ മെല്ലെപ്പോക്ക്, യാത്രാ മേഖലയിലെ വിലക്കുകൾ തുടങ്ങിയവയും യോഗത്തിൽ ചർച്ചയായി. വിനോദ സഞ്ചാരികൾക്ക് ലക്ഷദ്വീപിലേക്ക് വരുന്നതിനുള്ള പ്രവേശന നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യുമെന്ന് കേന്ദ്രം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്ന് നീതി ആയോഗ് പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. പുരോഗമന പദ്ധതികളുടെ മെല്ലെപ്പോക്കിന് കാരണമായ തടസ്സങ്ങൾ നീക്കുന്നതിന് വേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി.
അടുത്ത കാലത്തായി ലക്ഷദ്വീപിലെ ടൂറിസം മേഖലയിൽ ആശാവഹമായ മാറ്റങ്ങൾ ഉണ്ടായതായി യോഗം വിലയിരുത്തി. നീതി ആയോഗ്, കേന്ദ്ര സർക്കാർ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ എന്നിവരുടെ ഭാഗത്തുനിന്ന് തുടർന്നും നല്ല സഹകരണം ഉണ്ടായാൽ, പങ്കാളിത്ത ടൂറിസം പദ്ധതി ലക്ഷദ്വീപിലെ വിനോദ സഞ്ചാര മേഖലയിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കും എന്ന് നിക്ഷേപകർ പ്രത്യാശ പ്രകടിപ്പിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക