ന്യൂഡൽഹി: ലക്ഷദ്വീപ് സ്കൂളുകളിലെ ഉച്ച ഭക്ഷണ മെനുവിൽ പരിഷ്കരണം നടത്തിയതിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽചെയ്ത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ. ബീഫും ചിക്കനും പോലുള്ള മാംസാഹാരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും കൊണ്ടുപോകാനുമുള്ള സൗകര്യങ്ങൾ ദ്വീപിൽ കുറവാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടികാട്ടി.
കുട്ടികളുടെ വളർച്ചയും വികാസവും ഉറപ്പു വരുത്താനായി പ്രത്യേകം ചർച്ച നടത്തിയ ശേഷമാണു ഉച്ചഭക്ഷണത്തിൽ ഇത്തരം പരിഷ്കരണം കൊണ്ട് വന്നിട്ടുള്ളത്. ആദ്യം മെനുവിൽ മുട്ടയും മീനും ഉൾപ്പെടുത്താനും പിന്നീട് ഡ്രൈഫ്രൂട്ടുകളും പഴവർഗ്ഗങ്ങളും ഉൾപ്പെടുത്താനും അധികൃതർ നിർദ്ദേശിച്ചിരുന്നു.
എന്നാൽ ലക്ഷദ്വീപിലെ ഭൂരിഭാഗം വീടുകളിലും ബീഫും ചിക്കനും ഉൾപ്പടെയുള്ള മാംസാഹാരങ്ങൾ ലഭ്യമാണെന്നും ഡ്രൈ ഫ്രൂട്ടുകളും പഴവർഗ്ഗങ്ങളും ഉപയോഗിക്കുന്നത് കുറവാണെന്നും മനസിലാക്കിയാണ് ഉച്ചഭക്ഷണ മെനുവിൽ നിന്നും മാംസാഹാരങ്ങൾ ഒഴിവാക്കിയതെന്നും അഡ്മിനിസ്ട്രേഷൻ ചൂണ്ടികാട്ടി.

അതേസമയം മുമ്പ് ചിക്കനും ബീഫും മെനുവിൽ ഉൾപെടുത്തിയിരുന്നെങ്കിലും ആവശ്യത്തിന് ലഭ്യമാക്കാൻ കഴിഞ്ഞിരുന്നില്ല എന്നാൽ മീനും മുട്ടയും പഴവർഗ്ഗങ്ങളും മുടക്കമില്ലാതെ ലഭ്യമാകുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. അതേസമയം ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് സന്നദ്ധ സംഘടനകൾക്ക് കൈമാറാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക