ലക്ഷദ്വീപ് രാഷ്ട്രീയത്തിലെ അതികായന് വിട: പാട്ടക്കല്‍ പൂക്കോയ ഹാജി ഇനി ഓർമ്മ

0
339

അമിനി: ലക്ഷദ്വീപ് രാഷ്ട്രീയത്തിലെ പകരക്കാരനില്ലാത്ത ജന നായകൻ പൂക്കോയ ഹാജി അന്തരിച്ചു. ലക്ഷദ്വീപ് ജനതയുടെ പ്രിയപ്പെട്ട ജായിക്കോയ ഇനി ഓർമ്മ. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

1936ല്‍ അമിനി ദ്വീപില്‍ കിടാവ് കോയയുടെയും പാട്ടക്കല്‍ ഐശാബിയുടെയും മകനായാണ് ജനനം. 1970കളിൽ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനായിട്ടാണ് പാട്ടക്കല്‍ പൂക്കോയ ഹാജി രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്റെ സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ ജനസമ്മതനായ നേതാവായിത്തീരാൻ അദ്ദേഹത്തിന് സാധിച്ചു.

പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന പാട്ടക്കല്‍ പൂക്കോയ ഹാജി ലക്ഷദ്വീപ് രാഷ്ട്രീയ ചരിത്രത്തിന്റെ ഗതിവിഗതികളില്‍ വലിയൊരു പങ്കുവഹിച്ച നേതാവ് കൂടിയാണ്. 1969-ൽ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അമിനി ദ്വീപ് സന്ദര്‍ശിച്ചപ്പോൾ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് ദ്വീപ് ഭരണാധികാരികളുടെ ദുർനടപടികളെ ചൂണ്ടിക്കാണിച്ച് നിവേദനം നൽകി കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ ചരിത്രം അദ്ദേഹത്തിനുണ്ട്. വിലക്കു ലംഘിച്ച് നിവേദനം നൽകുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുമെന്ന ഭരണകൂടത്തിന്റെ ഭീഷണി വകവെക്കാതെ അദ്ദേഹം പ്രധാനമന്ത്രിക്ക് നിവേദനം നൽകുകയായിരുന്നു.

Advertisement

1974-ല്‍ കെട്ടിട നിര്‍മാണ സാധനങ്ങള്‍ ഇല്ലാത്ത കാരണത്താല്‍ അമിനി ദ്വീപിൽ പൊതുമരാമത്ത് തൊഴിലാളികളെ പിരിച്ചുവിട്ട സംഭവം സിറ്റീസന്ൺ കമ്മിറ്റി ചര്‍ച്ചക്കെടുത്തപ്പോള്‍ തൊഴിലാളികളെ പിരിച്ചുവിട്ടതില്‍ പൂക്കോയ ഹാജി പ്രതിഷേധം ഉയര്‍ത്തി. തൊഴിലാളികളെ ആവശ്യമില്ലെങ്കിൽ
ജൂനിയർ എഞ്ചിനിയർമാരുടെ സേവനവും ആവശ്യമില്ല എന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. ഒടുവിൽ മറ്റു വഴികളില്ലാതെ ഭരണകൂടത്തിന് തൊഴിലാളികളെ തിരിച്ചെടുക്കേണ്ടി വന്നു. 1975 – ൽ സാമൂഹ്യ ദ്രോഹികൾ കോൺഗ്രസ്സ് അനുയായികളുടെ തെങ്ങിൻ തൈകളും വാഴകളും വെട്ടി നശിപ്പിച്ചതിനെതിരെ പരാതി നൽകിയ പൂക്കോയ ഹാജിയോട് പോലീസ് അധികാരികൾ കുറ്റവാളികളെ പിടിച്ചു കൊണ്ടുവരണമെന്ന വിവാദ നിർദ്ദേശം നൽകി തിരിച്ചയച്ചു. കൂടാതെ സി.ആർ.പി.സി 107 വകുപ്പ് പ്രകാരം അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്ന് അക്രമ പ്രവർത്തനങ്ങൾ ഒന്നും ഉണ്ടാക്കില്ലെന്ന ബോണ്ട് എഴുതി ഒപ്പിട്ടുതരണമെന്ന് കല്പിക്കുകയും ചെയ്തു. എന്നാൽ താനൊ തൻ്റെ അനുയായികളോ ഒരു അക്രമ പ്രവർത്തനങ്ങളും നടത്തുന്നവരല്ലെന്നും അതിനാൽ ബോണ്ട് എഴുതേണ്ട കാര്യമില്ലെന്നും പറഞ്ഞ് ബോണ്ട് എഴുതാൻ അദ്ദേഹം വിസമ്മതിച്ചു. തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ശേഷം കേരള ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടി പുറത്തുവന്നു.

ഇങ്ങനെ ലക്ഷദ്വീപിലെ രാഷ്ട്രീയ പ്രശ്നങ്ങളിൽ നിരവധി പോരാട്ടങ്ങൾ നടത്തി പാട്ടക്കല്‍ പൂക്കോയ ഹാജി എന്നും ലക്ഷദ്വീപ് ജനങ്ങൾക്കൊപ്പം നിന്നിരുന്നു.

Advertisement

ലക്ഷദ്വീപിന്റെ അനിഷേധ്യ നേതാവ് പി.എം സഈദിനൊപ്പം പ്രവർത്തിച്ചിരുന്ന പാട്ടക്കല്‍ പൂക്കോയ ഹാജി ഡിസ്ട്രിക്റ്റ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, അമിനി ഐലന്റ് കൗണ്‍സില്‍ ചെയര്‍മാന്‍, വില്ലേജ് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍, ജില്ലാ പഞ്ചായത്ത് അംഗം, അമിനി സഹകരണ സംഘം പ്രസിഡന്റ്, അഡ്മിനിസ്‌ട്രേറ്രറുടെ ഉപദേശക സമിതി അംഗം, ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഉപദേശക സമിതി അംഗം, എന്നീ നിലകളിലെല്ലാം പാർട്ടിയിൽ തന്റെ വ്യക്തി പ്രഭാവം നിലനിർത്തിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ദ്വീപ് മലയാളിയും പങ്ക് ചേരുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here