കൊല്ലം: കൊല്ലം തുറമുഖത്തുനിന്ന് കൊളംബോ യാത്രക്കപ്പൽ സർവീസിന് വീണ്ടും ശ്രമം തുടങ്ങി. പ്രാഥമിക ചർച്ചകൾ നടന്നു. എന്നാൽ ഇമിഗ്രേഷൻ സൗകര്യമില്ലാത്തത് ഈ നീക്കത്തിന് വിലങ്ങുതടിയാകുമെന്ന് ആശങ്കയുണ്ട്. കേന്ദ്രസർക്കാരാണ് കൊല്ലത്തെ ഇമിഗ്രേഷൻ പോയൻറായി അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്. അഞ്ചുവർഷത്തിലേറെയായി ഇതിനുള്ള എഴുത്തുകുത്തുകൾ നടന്നുവരികയാണ്.
കപ്പലുകൾ എത്തിയാലും ജീവനക്കാർക്ക് പുറത്തിറങ്ങണമെങ്കിൽ ഇമിഗ്രേഷൻ സൗകര്യം വേണം. ഊഴമനുസരിച്ച് ജീവനക്കാരെ മാറ്റാൻ (ക്രൂ ചെയ്ഞ്ച്) കപ്പലുകൾ എത്തുന്നത് തുറമുഖത്തിനു വലിയ വരുമാനം നേടിക്കൊടുക്കും.
രണ്ടുവർഷം മുമ്പ് കൊളംബോ-കൊല്ലം കപ്പൽ സർവീസിന് സന്നദ്ധത അറിയിച്ച് ഷിപ്പിങ് കമ്പനി പ്രതിനിധികൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുമായി ആശ്രാമം ഗവ. ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തിയിരുന്നു.
101 മീറ്റർ നീളമുള്ള പാസഞ്ചർ ടെർമിനലടക്കം സജ്ജമായിരുന്നിട്ടും ഇമിഗ്രേഷൻ ക്ലിയറൻസ് പ്രശ്നത്തിലാണ് അന്ന് നടപടികൾ ഉപേക്ഷിച്ചത്. തുടർന്ന് 1.62 കോടി ചെലവിൽ ഗേറ്റ് ഹൗസും ഇമിഗ്രേഷൻ സംവിധാനവും അഞ്ചുകോടി രൂപ ചെലവിൽ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കും വർക്ക്‌ഷോപ്പും ഇവിടെ നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ ആഫ്രിക്കയിൽനിന്ന് കൊളംബോവഴി കൊല്ലത്തേക്കുള്ള കശുവണ്ടിയടക്കം എത്തുന്നത് കൊച്ചി, മംഗലാപുരം തുറമുഖങ്ങളിലാണ്. കൊളംബോ-കൊല്ലം സർവീസ് യാഥാർഥ്യമായാൽ കണ്ടെയ്നറുകൾ നേരേ കൊല്ലത്ത് എത്തിക്കാൻ കഴിയും. ഇങ്ങനെ ഒരു കണ്ടെയ്‌നറിൽനിന്നുമാത്രം പതിനായിരം രൂപയോളം ലാഭിക്കാം.
ലക്ഷദ്വീപിൽനിന്ന് കൊല്ലത്തേക്കു യാത്ര, ചരക്കുകപ്പൽ സർവീസിനും ശ്രമം ആരംഭിച്ചിരുന്നു.
ലക്ഷദ്വീപ് അധികൃതരുമായി കേരള മാരി ടൈം ബോർഡ് ചെയർമാൻ വി.ജെ.മാത്യു നടത്തിയ ചർച്ചയിൽ അവർ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലക്ഷദ്വീപിൽനിന്ന് കപ്പൽമാർഗം വരുന്ന ട്യൂണമത്സ്യം ഏറ്റെടുക്കാമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും ഉറപ്പുനൽകി.
കൊല്ലത്തുനിന്ന് മിനിക്കോയ് ദ്വീപിലേക്ക് പ്രതിവാര യാത്രക്കപ്പലിന് നാലുവർഷം മുമ്പ് പദ്ധതിയിട്ടിരുന്നു. കേരളവും ലക്ഷദ്വീപ് ഭരണകൂടവുമായി ഇതുസംബന്ധിച്ച് സെക്രട്ടറിതല ചർച്ച നടത്തുകയും ചെയ്തു. പിന്നീട് നടപടികൾ പുരോഗമിച്ചില്ല.
കടപ്പാട്: മാതൃഭൂമി
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക