ആന്ത്രോത്ത്: പരിശുദ്ധ ഇസ്ലാം വാള് കൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമല്ല എന്ന് മുൻ ജസ്റ്റിസും മദ്രസാ നൂറുൽ ഇർഫാൻ അറബിക് കോളേജ് മുതവല്ലിയുമായ സയ്യിദ് കെ.പി തങ്ങകോയ തങ്ങൾ പറഞ്ഞു. നൂറുൽ ഇർഫാൻ പ്രചരണ സമിതി ആന്ത്രോത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാസം തോറും നടത്തി വരുന്ന ബദ്രീയ്യത്തുൽ മൻഖൂസിയ്യയുടെ മൂന്നാം വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിൻ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക ചരിത്രത്തിലെ യുദ്ധങ്ങളെ കുറിച്ച് വലിയ തെറ്റിദ്ധാരണകൾ പരത്താൻ പലരും ശ്രമിക്കാറുണ്ട്. എന്നാൽ ഇസ്ലാമിക ചരിത്രത്തിലെ ഒരു യുദ്ധം പോലും ഇസ്ലാം പ്രചരിപ്പിക്കാൻ വേണ്ടിയായിരുന്നില്ല. ഇസ്ലാം മതം വിശ്വസിച്ചതിന്റെ പേരിൽ മുസ്ലിമീങ്ങൾ ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോൾ, സ്വന്തം നാടും വീടും വിട്ട് പലായനം ചെയ്യേണ്ടി വന്ന ഘട്ടത്തിൽ പ്രതിരോധം എന്ന നിലക്ക് മാത്രമാണ് യുദ്ധങ്ങൾ ഉണ്ടായിട്ടുള്ളത്. ഉത്തമ നൂറ്റാണ്ട് എന്നറിയപ്പെടുന്ന പ്രവാചകരുടെയും ശിഷ്യന്മാരുടെയും കാലഘട്ടത്തിൽ അവരുടെ ജീവിത വിശുദ്ധി കണ്ടാണ് ജനങ്ങൾ ഇസ്ലാമിലേക്ക് ആകർഷിച്ചതെങ്കിൽ പിന്നീട് വന്ന തലമുറകൾക്ക് ഇസ്ലാമിക ചൈതന്യം നൽകിയത് മഹത്തുക്കളായ സൂഫികളാണ്. സൂഫിസത്തിന്റെ പേരിൽ ജനങ്ങളെ ചൂഷണം ചെയ്യുന്നവർ എല്ലാ കാലവും ഉണ്ടായിട്ടുണ്ട്. എന്നാൽ യഥാർത്ഥ സൂഫീ സരണിയിൽ ജനങ്ങളെ ഇലാഹീയായ വഴിയിലേക്ക് വഴിതെളിക്കുന്ന യഥാർത്ഥ സൂഫികൾ എല്ലാ കാലവും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

എസ്.വി അബൂസ്വാലിഹ് സുഹ്രിയുടെ ഖിറാഅത്തോടെ ആരംഭിച്ച സമ്മേളനത്തിൽ ജെ.എച്ച്.എസ്.ഐ വൈസ് പ്രസിഡന്റ് സയ്യിദ് സൈഫുദ്ദീൻ സഖാഫി പ്രാർഥന നടത്തി. ആന്ത്രോത്ത് ഖാളി സയ്യിദ് മുഹമ്മദ് മുസ്തഫ സഖാഫി ഉദ്ഘാടനം ചെയ്തു. എം.പി ഹസൻ ഇർഫാനി എടക്കുളം സമ്മേളന പരിപാടികൾ വിശദീകരിച്ചു സംസാരിച്ചു.

ത്വിബ്ബുന്നബി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഉസ്താദ് വി.എച്ച് മുഹമ്മദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി.
അബ്ദുൽ നാസർ ബാഖവി ചേളാരിയുടെ പ്രഭാഷണത്തോടെ ഉദ്ഘാടന സമ്മേളനം സമാപിച്ചു. എൻ.ആർ.സിയും സി.എ.എയും ഉൾപ്പെടെ കലുഷിതമായ വർത്തമാന കാലഘട്ടത്തിൽ ഇലാഹീയായ വഴിയിലേക്ക് മടങ്ങുകയാണ് വിശ്വാസിയുടെ വിജയം എന്നും അതിന് അള്ളാഹുവിലേക്കുള്ള വസീലയായ മഹാന്മാരെ മുറുകെ പിടിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എൻ.പി.പി മുഹമ്മദ് ഖാസിം മാസ്റ്റർ സ്വാഗതവും സി.പി നൂറുൽ അമീൻ ഇർഫാനി നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ നടക്കുന്ന “തസവ്വുഫ് പ്രമാണങ്ങളിലൂടെ” എന്ന പഠന ക്ലാസിന് അബ്ദുൽ നാസർ ബാഖവി ചേളാരി നേതൃത്വം നൽകും. സയ്യിദ് നൗഫൽ തങ്ങൾ അധ്യക്ഷത വഹിക്കും. ഇന്ന് രാത്രി നടക്കുന്ന സമ്മേളനത്തിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ എം.പി അബ്ദുൽ ഖാദർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക