വർത്തമാന ലക്ഷദ്വീപ് നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരുമയോടെയുള്ള പോരാട്ടമല്ലാതെ മറ്റൊരു പരിഹാരവും നമുക്ക് മുന്നിലില്ല. സായ്യിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന പ്രവണത ഇന്നും നമ്മുടെ ഇടയിൽ കാണുന്നത് നിരാശാജനകമാണ്. നമ്മൾ ഒരുമയോടെ മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നാൽ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നമ്മൾ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇനി ആരോടും സമരസപ്പെടാനില്ല എന്ന് ലക്ഷദ്വീപിലെ ഓരോരുത്തരും ഉറക്കെ പറയണം. എല്ലാ രാഷ്ട്രീയ നേതാക്കളും ഒരുമയോടെ ഒറ്റക്കെട്ടായി മുന്നിൽ നിന്ന് സമരം നയിച്ചാൽ, എല്ലാം മറന്ന് ഈ നാട് മുഴുവൻ കൂടെയുണ്ടാവും എന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്തണം. അത്തരം മുന്നേറ്റത്തിന് നാം തയ്യാറായാൽ നമുക്ക് മുന്നിൽ അസാധ്യമായ ഒന്നുമില്ലെന്ന് തിരിച്ചറിയാനും നമുക്ക് നഷ്ടമായതെല്ലാം തിരിച്ചു പിടിക്കാനും സാധിക്കും. ഈ ഘട്ടത്തിൽ ഞങ്ങളെ മുന്നിൽ നിന്ന് നയിക്കാൻ തയ്യാറല്ലാത്ത ഒരു രാഷ്ട്രീയകക്ഷിയും വരുന്ന തിരഞ്ഞെടുപ്പുകളിൽ വോട്ട് തേടി എന്റെ വീട്ടുപടിക്കൽ വരേണ്ടതില്ല എന്ന് പറയാൻ നമുക്ക് സാധിക്കണം.

എല്ലാ രാഷ്ട്രീയ നേതാക്കളും ഒന്നിക്കുന്നത് അസാധ്യമായ ഒന്നാണ് എന്ന ചിന്ത ഒഴിവാക്കി അവരെ അതിനു പ്രേരിപ്പിക്കുന്നതിന് നമുക്ക് സാധിക്കും. അതിന് നമ്മൾ പരസ്പരം രാഷ്ട്രീയം പറയുക തന്നെ വേണം. രാഷ്ട്രീയം എന്നത് ലക്ഷദ്വീപിലെ ഭരണ, പ്രതിപക്ഷ പാർട്ടികൾ അവരുടെ നേട്ടങ്ങൾ പറയുന്നതും തമ്മിൽ ചെളിവാരി എറിയുന്നതുമല്ല. രാജ്യം മൊത്തത്തിലും ലക്ഷദ്വീപിൽ വിശേഷിച്ചും സംഘപരിവാർ ഫാഷിസം സർവ്വ ആയുധങ്ങളും എടുത്ത് ഉറഞ്ഞു തുള്ളുകയാണ്. രാജ്യത്ത് ഓരോ ദിവസവും കേട്ടുകേൾവിയില്ലാത്ത വിധം അനീതികൾ കാണുമ്പോൾ അത് കണ്ടില്ലെന്ന് നടിച്ച് നമ്മൾ തമ്മിൽ ചെളിവാരി എറിയുന്നതല്ല രാഷ്ട്രീയം. എല്ലാ വിഷയങ്ങളിലും നമുക്ക് വ്യക്തമായ നിലപാട് ഉണ്ടാവണം. നീതിയുടെ പക്ഷത്താണ് നമ്മുടെ നിലപാടെങ്കിൽ നാം ഉറക്കെ വിളിച്ചു പറയേണ്ടത് സംഘപരിവാർ വിരുദ്ധ രാഷ്ട്രീയമാണ്. നാലാളുകൾ കൂടുന്ന സ്ഥലങ്ങളിൽ മുഴുവൻ ആ രാഷ്ട്രീയം നമ്മൾ ഉറക്കെ വിളിച്ചു പറയണം.
അതിനൊരു അവസരമൊരുക്കുകയാണ് ദ്വീപ് മലയാളി. “പട്ടേലിനെതിരെ ഒറ്റക്കെട്ട് – ഇവിടെ രാഷ്ട്രീയം പറയാം” എന്ന തലക്കെട്ടിൽ നിങ്ങളുടെ എഴുത്തുകൾ ഇവിടെ പ്രസിദ്ധീകരിക്കാൻ പുതിയ ഒരു പംക്തി ആരംഭിക്കുന്നു. ഒരുമയോടെ സമരത്തിനിറങ്ങാൻ പ്രേരിപ്പിക്കുന്ന, അതിന്റെ അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നിങ്ങളുടെ എഴുത്തുകൾ ദ്വീപ് മലയാളി വഴി പ്രസിദ്ധീകരിക്കാം. മലയാളത്തിൽ ടൈപ്പ് ചെയ്ത എഴുത്തുകൾ +91 8848 124 934 എന്ന ദ്വീപ് മലയാളിയുടെ ഔദ്യോഗിക വാട്സാപ്പ് നമ്പറിലോ, dweepmalayali@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കാവുന്നതാണ്. ലക്ഷദ്വീപിന്റെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെട്ട ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ ലക്ഷദ്വീപിന്റെ ഐക്യം രൂപപ്പെടുത്തുന്നതിന് നമ്മുടെ തൂലിക ഒരു കാരണമായാൽ നാളെ അത് ചരിത്രമായി മാറുമെന്നത് ഉറപ്പാണ്. എല്ലാവരും സഹകരിക്കുമെന്ന പ്രതീക്ഷയോടെ.
എഡിറ്റർ.
-ദ്വീപ് മലയാളി
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല് സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക