കിൽത്താൻ: പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥിയായി കിൽത്താൻ ദ്വീപ് സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ കൊഞ്ഞനോട വീട്ടിൽ സഖാവ് അലി അക്ബറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സി.പി.ഐ ലക്ഷദ്വീപ് ഘടകം സെക്രട്ടറി സഖാവ്.സി.ടി നജ്മുദ്ധീനാണ് ഇക്കാര്യം അറിയിച്ചത്. കിൽത്താൻ ദ്വീപിൽ കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ ലക്ഷദ്വീപ് കമ്മിറ്റി ഐക്യകണ്ഠമായാണ് അലി അക്ബറിനെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്. പാർട്ടിയുടെ ലക്ഷദ്വീപ് ഘടകത്തിന്റെ തീരുമാനം സി.പി ഐ ദേശീയ ജനറൽ സെക്രട്ടറി സഖാവ് സുധാകർ റെഡ്ഡി, കേരള സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് കാനം രാജേന്ദ്രൻ, മുതിർന്ന നേതാക്കളായ സഖാവ് പന്ന്യൻ രവീന്ദ്രൻ, സഖാവ് ബിനോയ് വിശ്വം തുടങ്ങിയവരെ ഫോണിലൂടെ അറിയിക്കുകയും അലി അക്ബറിന്റെ സ്ഥാനാർത്ഥിത്വം അവർ അംഗീകരിക്കുകയും ചെയ്തതായി സഖാവ് നജ്മുദ്ധീൻ ദ്വീപ് മലയാളിയോട് പറഞ്ഞു.
ലാണ്ടി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സഖാവ് അലി അക്ബർ ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും സുപരിചിതനായ മത്സ്യബന്ധന തൊഴിലാളിയാണ്. ലക്ഷദ്വീപിലെ പ്രബല രാഷ്ട്രീയ പാർട്ടികളിൽ നിന്നും സഹിക്കേണ്ടിവന്ന അവഗണനയാണ് അദ്ദേഹത്തെ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനാക്കിയത്. 2011-ൽ കിൽത്താൻ ദ്വീപിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ അതിന്റെ മുന്നിരയിൽ തന്നെ സഖാവ് അലി അക്ബർ ഉണ്ടായിരുന്നു. കിൽത്താൻ ദ്വീപിലേക്ക് ഒരു ലേഡി ഡോക്ടറെ വേണമെന്ന് ആവശ്യപ്പെട്ട് അലി അക്ബർ നടത്തിയ നിരാഹാര സമരം അന്ന് വലിയ ജനശ്രദ്ധ പിടിച്ചു പറ്റി. സമരത്തെ തുടർന്ന് അധികൃതർ ഹെലികോപ്റ്ററിൽ ഡോക്ടറെ എത്തിച്ചു. ഈ തിരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ഒരുപക്ഷെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയും അദ്ദേഹം തന്നെയായിരിക്കും. എന്നും അവഗണന മാത്രം ലഭിക്കുന്ന കിൽത്താൻ, ചെത്ത്ലാത്ത്, ബിത്ര ദ്വീപുകളിലെ ജനങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതിനുള്ള അവസരമായി അവർ അലി അക്ബറിന്റെ സ്ഥാനാർത്ഥിത്വം ഏറ്റെടുക്കുമെന്ന് സി.പി.ഐ നേതാക്കൾ അവകാശപ്പെടുന്നു. തൊഴിലാളികൾക്ക് വേണ്ടി എന്നും നിലകൊള്ളുന്ന ഒരു നേതാവ് എന്നതിലുപരി മത്സ്യബന്ധന തൊഴിലാളി കൂടിയായ അക്ബറിനെ ലക്ഷദ്വീപിലെ ഓരോ തൊഴിലാളികളും ഏറ്റെടുക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

ലക്ഷദ്വീപിലെ കുടുംബ രാഷ്ട്രീയത്തിന് മാറ്റം വരുത്തുക, ലക്ഷദ്വീപിന് സംസ്ഥാന പദവി നൽകുക, ലക്ഷദ്വീപിലെ സാധാരണക്കാരായ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സി.പി.ഐ ഈ തിരഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കുന്നത്.
ഈ മാസം 17 മുതൽ അലി അക്ബറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി നേതാക്കൾ വിവിധ ദ്വീപുകളിൽ പര്യടനം നടത്തും. ബോട്ടുകളിൽ നടത്തുന്ന പര്യടനത്തിന് ലക്ഷദ്വീപ് വിമോചന ബോട്ട് യാത്ര എന്നാണ് പേരിട്ടിരിക്കുന്നത്. “മാറ്റത്തിന് ഒരു വോട്ട്, മാറ്റത്തിനായി ഓരോ വോട്ടും” എന്ന പ്രമേയത്തിൽ കവരത്തിയിൽ നിന്നും ആരംഭിക്കുന്ന യാത്ര വിവിധ ദ്വീപുകളിൽ സന്ദർശനം നടത്തി കവരത്തിയിൽ തന്നെ സമാപിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക