പ്ലാസ്റ്റിക് മാലിന്യം കൊണ്ട് വിസ്മയം തീര്‍ത്ത് യുവാക്കള്‍

0
895

കാലവർഷത്തിൽ ശക്തമായ തിരമാലകൾ കടൽ തീരത്ത് എത്തിച്ച മാലിന്യങ്ങൾ കൊണ്ട് വിസ്മയങ്ങൾ തീർക്കുകയാണ് ലക്ഷദ്വീപിലെ ഒരുകൂട്ടം യുവ കലാകാരൻമാർ. കടൽതീരത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങളിൽ നിന്ന് പ്ലാസ്റ്റിക്, റബ്ബർ എന്നിവ വേർതിരിച്ച് അതുപയോഗിച്ച് ആമ, ഡോൾഫിൻ തുടങ്ങി വിവിധതരം കടൽ ജീവികളുടെ രൂപങ്ങൾ ഉണ്ടാക്കി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഇവർ.

യുവ കലാകാരനും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥിയുമായ റമീർ തസ്ലിം, ഡിസൈനർ ഹർമത്ത് ഖാൻ, പോലീസ് കോൺസ്റ്റബിൾ അഹമ്മദ് കബീർ എന്നിവരാണ് പ്ലാസ്റ്റിക് മാലിന്യത്തെ കലാരൂപങ്ങളാക്കിമാറ്റുന്നത്. ലക്ഷദ്വീപിലെ ചെത്ത്ലത് ദ്വീപ് സ്വദേശികളാണ് ഇവർ. നാം പലപ്പോഴായി കടലിലേക്ക് വലിച്ചെറിഞ്ഞ ചെറുതും വലുതുമായ എല്ലാ മാലിന്യങ്ങളും തിരിച്ചു തീരത്തണയുന്നത് കാലവർഷത്തിലാണ്. ഈ മാലിന്യങ്ങളാണ് ഇവരുടെ അസംസ്കൃതവസ്തു.
തീര ശൂചീകരണത്തിനു പുതുവഴി കാണിച്ച ഇവർക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനുമോദനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷദ്വീപിനകത്തും പുറത്തും നിന്നുള്ള പല സന്നദ്ധ സംഘടനകളും വ്യക്തികളും അവരോടൊപ്പം ചേർന്നുനിന്ന് പ്രവർത്തിക്കുവാനുള്ള താത്പര്യം അറിയിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന യങ് എൻവയോൺമെന്റലിസ്റ്റ് പ്രോഗ്രാം എന്ന സന്നദ്ധ സംഘടന ഇവരുടെ തുടർ പ്രവർത്തനങ്ങൾക്കുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതോടൊപ്പം അവരുടെ ഹോണററി മെമ്പർഷിപ്പ് നൽകി ആദരിക്കുകയും ചെയ്തു.
മണ്ണിൽ അലിഞ്ഞു ചേരാത്ത മാലിന്യങ്ങൾ മനുഷ്യർക്ക് മാത്രമല്ല കടൽ ജീവികൾക്കും അവയുടെ ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കടൽ ജീവികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിലെക്ക് വലിച്ചെറിയുന്നതിന്റെ ഭവിഷത്തും സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ ഒരുങ്ങുകയാണ് ഈ മൂന്നംഗസംഘം. ഇതിന്റെ ഭാഗമായി ‘ട്രാഷ് ടു ട്രഷർ’ എന്ന പേരിൽ ദ്വീപുകൾ കേന്ദ്രീകരിച്ച് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ വ്യത്യസ്തവും പുതുമയാർന്നതുമായ തീര ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവാക്കൾ.

Content Highlights: Youths makes different structures out of plastic waste, plastic waste management


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here