കവരത്തി: പുതുതായി നിർമ്മിച്ച ചെത്ത്ലത്ത് സ്കൂൾ കോംപ്ളക്സ് കെട്ടിടം ഈ മാസം 28-ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ ഉദ്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിനോടുള്ള ആദരസൂചകമായി പുതുതായി നിർമ്മിച്ച സ്കൂൾ കോംപ്ളക്സിന് അദ്ദേഹത്തിന്റെ നാമകരണം ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീ.എ.ഹംസ ഇറക്കിയ ഉത്തരവിൽ പറയുന്നു. ഡോ.എ.പി.ജെ അബ്ദുൽ കലാം മെമ്മോറിയൽ ഗവൺമെന്റ് സീനിയർ സെക്കണ്ടറി സ്കൂൾ ചെത്ത്ലത്ത് എന്ന പേരിലാവും പുതിയ സ്കൂൾ കോംപ്ളക്സ് കെട്ടിടം അറിയപ്പെടുക.
ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ രാഷ്ട്രപതിയായിരുന്നു ഡോ.എ.പി.ജെ അബ്ദുൽ കലാം. അദ്ദേഹത്തിന്റെ പേരിൽ ലക്ഷദ്വീപിൽ ഒരു സ്മാരകം തലയുയർത്തി നിൽക്കുമ്പോൾ നമുക്ക് ഏറെ അഭിമാനിക്കാം. രാഷ്ട്രപതി ആവുന്നതിന് മുമ്പും ശേഷവും അദ്ദേഹം ഏറെ ഇഷ്ടപ്പെട്ട മേഖലയായിരുന്നു അധ്യാപനം. അധ്യാപനം നടത്തുന്നതിനിടെ സ്റ്റേജിൽ കുഴഞ്ഞു വീണ അദ്ദേഹം മരണസമയത്ത് പോലും താൻ ഇഷ്ടപ്പെടുന്ന ശ്രേഷ്ഠമായ അധ്യാപനം എന്ന തൊഴിലിൽ മുഴുകിയിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ, അദ്ദേഹത്തോടുള്ള ആദരസൂചകമായി നൽകാവുന്ന ഏറ്റവും അനുയോജ്യമായ ഒന്ന് ഒരു വിദ്യാഭ്യാസ സമുച്ചയം അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുക എന്നുള്ളത് തന്നെയാണ്. ചെത്ത്ലത്ത് സ്കൂളിന് അദ്ദേഹത്തിന്റെ പേര് നൽകുന്നതിലൂടെ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാനും ചരിത്രം സൃഷ്ടിക്കുകയാണ്. നേരത്തെ അമിനി സ്കൂൾ കെട്ടിടത്തിന് ജവാൻ മുത്തുകോയ മെമ്മോറിയൽ സീനിയർ സെക്കണ്ടറി സ്കൂൾ എന്ന് നാമകരണം ചെയ്തു കൊണ്ട് ദ്വീപുകാരുടെ ഏറെനാളത്തെ ആവശ്യം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ സാധ്യമാക്കിയിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക