കടമത്ത്: രാജ്യത്തെ ബഹുസ്വരതരുടെ കടയ്ക്കൽ കത്തി വെച്ച് ഇന്ത്യയെ വെട്ടിമുറിക്കാനായി തയ്യാറാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ. എൽ.എസ്.എ കടമത്ത് സി.യു.സി യൂണിറ്റാണ് രാജ്യത്തിന്റെ ഭരണകൂടം തയ്യാറാക്കിയ പുതിയ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. “രാജ്യത്തെ വെട്ടിമുറിക്കാനുള്ള പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒരു ഒപ്പ്” എന്ന ശീർഷകത്തിൽ തയ്യാറാക്കിയ ക്യാൻവാസിൽ കടമത്ത് സി.യു.സിയിലെ നൂറുകണക്കിന് വിദ്യാർഥികളാണ് ഒപ്പുവെച്ചത്.

കൂടാതെ കേന്ദ്രം പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിന്റെ പകർപ്പ് കത്തിച്ചു കൊണ്ട് വിദ്യാർഥികൾ അവരുടെ പ്രതിഷേധം അറിയിച്ചു. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന് വിരുദ്ധമായി മതം നോക്കി പൗരത്വം നൽകുന്ന ബില്ലിനെതിരെ രാജവ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾ നടക്കുമ്പോൾ, ഇന്ത്യയുടെ മഹത്തായ മതേതരത്വം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിൽ എൽ.എസ്.എ മുന്നിൽ തന്നെ ഉണ്ടാവുമെന്ന് കടമത്ത് സി.യു.സി യൂണിയൻ ചെയർമാനും കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പറുമായ മിദ്ലാജ് പറഞ്ഞു. ലക്ഷദ്വീപിൽ ആദ്യമായാണ് എൻ.ആർ.സി ബില്ലിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ വ്യക്തമായ മുന്നൊരുക്കങ്ങളോടെ മറ്റ് സംഘടനകളുടെ നേതൃത്വത്തിലും ലക്ഷദ്വീപിലെമ്പാടും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നാണ് അറിയുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക