വാസ്കോ: ആറു വർഷങ്ങൾക്കു ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) സെമിഫൈനലിലേക്കുള്ള വരവ് വെറുതെയല്ലെന്ന് ഇവാൻ വുക്കൊമനോവിച്ചും സംഘവും തെളിയിച്ചു. സെമിയിലെത്തിയാൽ ഫൈനൽ കളിക്കണമെന്ന ‘നിർബന്ധം’ ആറു വർഷങ്ങൾക്കിപ്പുറവും ബ്ലാസ്റ്റേഴ്സ് ചേർത്തു പിടിച്ചതോടെ, കരുത്തരായ ജംഷഡ്പുർ എഫ്സിയെ വീഴ്ത്തി മഞ്ഞപ്പട ഫൈനലിൽ. ഓരോ ഇഞ്ചിലും ആവേശം നിറഞ്ഞുനിന്ന രണ്ടാം പാദ സെമിയിൽ ജംഷഡ്പുരിനെ 1–1ന് സമനിലയിൽ തളച്ചാണ് മഞ്ഞപ്പടയുടെ മുന്നേറ്റം. ഇതോടെ ഇരുപാദങ്ങളിലുമായി 2–1ന്റെ ലീഡ് നേടിയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എലിൽ മൂന്നാം ഫൈനലിന് യോഗ്യത നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ അഡ്രിയൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്. ജംഷഡ്പുരിന്റെ സമനില ഗോൾ 50–ാം മിനിറ്റിൽ പ്രണോയ് ഹാൾദർ നേടി. ആദ്യപാദത്തിലെ ഗോൾകൂടി ചേർത്ത് 2–1ന്റെ ലീഡോടെ ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മാർച്ച് ചെയ്തു. ഹൈദരാബാദ് എഫ്സി – എടികെ മോഹൻ ബഗാൻ രണ്ടാം സെമിഫൈനൽ വിജയികളുമായി ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക