കവരത്തി: (www.dweepmalayali.com) ഡി-ലൈസൻസ് ഫുട്ബോൾ കോച്ച് ആവാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ലക്ഷദ്വീപിൽ പരിശീലനം നേടാം. ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷന് കീഴിൽ സംഘടിപ്പിക്കുന്ന ട്രെയിനിംഗ് കോഴ്സ് ഈ മാസം 30-ന് ആരംഭിക്കും. ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ കവരത്തിയിൽ നടത്തുന്ന ട്രെയിനിംഗ് അടുത്ത മാസം 4-ന് അവസാനിക്കും. ആദ്യ ബാച്ചിൽ 24 പേർക്കാണ് അവസരം നൽകുന്നത്. കോച്ചിംഗ് രംഗത്തേക്ക് പുതുതായി കടന്നു വരുന്നവർക്ക് അടിസ്ഥാനപരമായ കോച്ചിംഗ് രീതികൾ പഠിപ്പിക്കുകയാണ് ട്രെയിനിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്.
അംഗീകൃത ഡി-ലൈസൻസ് കോച്ചുകൾ വരുന്നതോടെ ലക്ഷദ്വീപിലെ കാൽപ്പന്തുകളി ഇനി ലോകനിലവാരത്തിലേക്ക് ഉയരും. ഇനി മുതൽ ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരത്തോടെ നടത്തുന്ന ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന ടീമുകൾ ഡി-ലൈസൻസ് കൈവശമുള്ള കോച്ചിന്റെ നേതൃത്വത്തിൽ ആയിരിക്കണം കളിക്കേണ്ടത്. അല്ലാത്ത ടീമുകൾക്ക് അവസരം നഷ്ടമാവും.
ആദ്യം അപേക്ഷിക്കുന്ന 24 പേർക്കായിരിക്കും ഇപ്പോൾ ട്രെയിനിംഗിന് അവസരം ലഭിക്കുക. കൂടുതലായി വരുന്ന അപേക്ഷകൾ അടുത്ത ബാച്ചിൽ പരിഗണിക്കും. നാഷണൽ തലങ്ങളിൽ ടീമുകളെ നയിക്കുന്നതിന് സി-ലൈസൻസ് ആവശ്യമാണ്. ഇപ്പോൾ ഡി-ലൈസൻസ് ലഭിക്കുന്നവർക്ക് സി-ലൈസൻസ് നൽകുന്നതിന് ആവശ്യമായ ട്രെയിനിംഗ് കോഴ്സ് പീന്നീട് സംഘടിപ്പിക്കുമെന്ന് ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷൻ പ്രതിനിധി ശ്രീ.ഷിറാസ് ഖാലിദ് ദ്വീപ് മലയാളിയോട് പറഞ്ഞു.
ഡി.ലൈസൻസിന് അർഹരാവുന്ന അപേക്ഷകർ ഫീസ് ഇനത്തിൽ 10,000 രൂപ ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷൻ ആസ്ഥാനത്ത് അടക്കണം. കൂടുതൽ വിവരങ്ങൾക്ക് +91 9447 982 917 എന്ന നമ്പറിൽ ബന്ധപ്പെടുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക