കവരത്തി: ലക്ഷദ്വീപിലെ ദ്വീപുകളിൽ നാളെ ഈദുൽ ഫിത്വർ ആഘോഷിക്കും. തലസ്ഥാനമായ കവരത്തിയിൽ മാസപ്പിറവി കണ്ടതായി ഞങ്ങളുടെ പ്രതിനിധി റിപ്പോർട്ട് ചെയ്യുന്നു. ആന്ത്രോത്ത് ദ്വീപിൽ ഇന്നലെ മാസപ്പിറവി കാണാത്തതിനാൽ റമളാൻ 30 പൂർത്തിയാക്കി നാളെ പെരുന്നാൾ ആയിരിക്കും. മറ്റു ദ്വീപുകളിലും മാസപ്പിറവി കണ്ടതായി അറിയുന്നു.
വ്രതശുദ്ധിയോടെ റമസാനിൽ നേടിയെടുത്ത ആത്മ സംസ്കരണത്തിന്റെ ചൈതന്യത്തിൽ വിശ്വാസികൾ നാളെ ചെറിയപെരുന്നാൾ ആഘോഷിക്കും.
പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ വെടിഞ്ഞ് വ്രതമെടുത്തും രാത്രിയിൽ ദീർഘനേരം പ്രാർഥനയിൽ മുഴുകിയും സക്കാത്ത് നൽകി തന്റെ സമ്പത്തു ശുദ്ധീകരിക്കുകയും ചെയ്ത വിശ്വാസി പരമകാരുണികനിലേക്ക് കൂടുതൽ അടുത്തു. പിറന്നു വീണ കുഞ്ഞു മുതൽ ജീവിച്ചിരിക്കുന്ന എല്ലാവർക്കും വേണ്ടി ഫിത്‌ർ സക്കാത്തു വിതരണവും നടത്തുന്നു. നാളെ രാവിലെ പള്ളികളിൽ ഒത്തുചേർന്ന് പെരുന്നാൾ നമസ്കാരം നിർവഹിക്കും.

പുതുവസ്ത്രങ്ങളും മൈലാഞ്ചി ചുവപ്പുമണിഞ്ഞ് പെരുന്നാളിനെ വരവേൽക്കുന്നതിൽ പ്രായഭേദമില്ല. പരമകാരുണ്യവാനു മുൻപിൽ എല്ലാം സമർപ്പിച്ച റമസാൻ നാളുകൾക്കൊടുവിൽ എത്തുന്ന ചെറിയ പെരുന്നാള്‍ വിശ്വാസികളുടെ മനസ്സിൽ സന്തോഷം നിറക്കും.
ഏവർക്കും ദ്വീപ് മലയാളിയുടെ ഒരായിരം ഈദ് മുബാറക്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക