കൊച്ചി: കഴിഞ്ഞ ദിവസം ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിലുള്ള ലാബിലെ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ അഗത്തി ദ്വീപ് സ്വദേശിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇദ്ദേഹം ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതേത്തുടർന്ന് കൊച്ചിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്ന മെഡിക്കൽ സ്റ്റാഫിനെയടക്കം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ മാസം കുവൈത്തിൽ നിന്നും കേരളത്തിലെത്തിയ അഗത്തി ദ്വീപ് സ്വദേശി കേരള സർക്കാർ ഒരുക്കിയ പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിൽ പതിനാല് ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമാണ് റോയൽ ഫോർ ലക്ഷദ്വീപ് ലോഡ്ജിൽ എത്തിയത്. കുവൈത്തിൽ നിന്നും പുറപ്പെടുന്നതിന് മുമ്പും കേരള സർക്കാരിന് കീഴിലെ ക്വാറന്റൈന് ശേഷവും ടെസ്റ്റിന് വിധേയമാക്കിയപ്പോൾ നെഗറ്റീവായിരുന്നു ഫലം. പിന്നീട് നാട്ടിലേക്ക് കൊണ്ടുപോവുന്നതിന് മുന്നോടിയായി ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലുള്ള ലാബിൽ പരിശോധിച്ചപ്പോഴാണ് കൊവിഡ് ബാധയുണ്ടോ എന്ന് സംശയം തോന്നിയത്. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക