ന്യൂഡൽഹി: ലക്ഷദ്വീപിലേക്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി കടലിനടിയിലൂടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതി അടുത്ത 1000 ദിവസത്തിനകം പൂർത്തിയാക്കുമെന്ന് ഇന്ന് ചെങ്കോട്ടയിൽ പതാക ഉയർത്തിയതിന് ശേഷം നടത്തിയ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ ശ്രീ.നരേന്ദ്രമോദി പ്രഖ്യാപിച്ചു. നമുക്ക് 1300-ഓളം ദ്വീപുകളുണ്ട്. അവയുടെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും രാജ്യത്തിന്റെ പുരോഗതിയിൽ ദ്വീപുസമൂഹത്തിന്റെ പ്രത്യേകതയും പരിഗണിച്ചു കൊണ്ട് മറ്റ് വിവിധ പദ്ധതികൾ കൂടി തന്റെ സർക്കാരിന്റെ പരിഗണനയിലാണ്. ചില ദ്വീപുകളെ ദ്രുതഗതിയിൽ വികസനത്തിലേക്ക് നയിക്കുന്ന പദ്ധതികൾ നടപ്പാക്കി വരുന്നു. അടുത്തിടെ ആന്തമാൻ നിക്കോബാർ ദ്വീപുകളിലേക്കുള്ള സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കാബിളുകൾ സ്ഥാപിച്ചത് ജനങ്ങൾക്കായി ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. അടുത്തത് നമ്മൾ ലക്ഷദ്വീപിനെ അതേ മാതൃകയിൽ വൻകരയുമായി ബന്ധിപ്പിക്കും. ചെങ്കോട്ടയിൽ നടന്ന തന്റെ തുടർച്ചയായ ഏഴാമത് സ്വാതന്ത്ര്യദിന സന്ദേശത്തിൽ നരേന്ദ്രമോദി പറഞ്ഞു.
ആന്തമാൻ ദ്വീപുകളിലേക്കുള്ള സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കാബിൾ പദ്ധതി വിജയകരമായി പൂർത്തിയാക്കിയ കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് തന്നെയാവും ലക്ഷദ്വീപിലെ പദ്ധതിയുടെയും നിർവ്വഹണം ദ്രുതഗതിയിൽ പൂർത്തിയാക്കുക എന്ന് പിന്നീട് കേന്ദ്ര വാർത്താ വിതരണ വകുപ്പ് മന്ത്രി ശ്രീ.രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തു. 2018 ഡിസംബറിൽ തറക്കല്ലിട്ട ചെന്നൈ-പോർട്ട് ബ്ലയർ പദ്ധതി കഴിഞ്ഞ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തിരുന്നു. ₹1,224/- കോടി ചിലവിലാണ് 2313 കിലോമീറ്റർ നീളത്തിലുള്ള പദ്ധതി പൂർത്തിയാക്കിയത്. നിമിഷത്തിൽ 400(ജി.ബി/സെക്കന്റ്) ജിഗാബൈറ്റ് ഇന്റെർനെറ്റ് വേഗത പോർട്ട് ബ്ലയറിൽ ലഭ്യമാണ്. മറ്റ് ദ്വീപുകളിൽ ഇത് 200(ജി.ബി/സെക്കന്റ്) എന്ന തോതിലാണ്. 4 ജി മൊബൈൽ സേവനങ്ങൾ, ഓൺലൈൻ പഠനങ്ങൾ തുടങ്ങിയവ അതിവേഗ ഇന്റെർനെറ്റ് വേഗതയോടെ ലഭ്യമാവും. ആന്തമാനിലേക്ക് അതിവേഗ ഇന്റെർനെറ്റ് വേഗത ലഭ്യമാക്കിയത് വഴി തന്റെ സർക്കാർ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ പ്രത്യേകത ഈ കൊവിഡ് കാലത്ത് എല്ലാവരും മനസ്സിലാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ₹3 ലക്ഷം കോടിയുടെ വിനിമയമാണ് ഭീം യു.പി.ഐ ആപ്പുകൾ ഉപയോഗിച്ച് മാത്രം നടന്നത്. ലോക്ക്ഡൗൺ കാലത്ത് ഡിജിറ്റൽ പണ ഇടപാടുകൾ ജനങ്ങൾ കൂടുലായി ഉപയോഗപ്പെടുത്തി എന്നും പ്രധാനമന്ത്രി പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക