റിപ്പോർട്ട്: തംജീ ആന്ത്രോത്ത്
കവരത്തി: മത്സ്യ സമ്പത്തിനാൽ അനുഗ്രഹീതമായ ലക്ഷദ്വീപ് സമൂഹത്തിന് ഈ മേഖല പരിപോഷിപ്പിക്കുന്നതിന് വേണ്ടി രൂപം കൊണ്ട ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ് വർഷങ്ങളായി ഈ മേഖലയുടെ വികസനത്തിന് പുറം തിരിഞ്ഞ് നിൽക്കുകയാണെന്ന മത്സ്യ തൊഴിലാളികളുടെ ആരോപണം നിലനിൽക്കെ, ദ്വീപിലെ അക്വാകൾച്ചർ ഉദ്യോഗാർത്ഥികളെയും യോഗ്യതയുണ്ടായിട്ടും ഡിപ്പാർട്ട്‌മെന്റ് തയയുന്നതായി ആരോപണം.
07/09/2018 ന് വിവിധ പോസ്റ്റുകളിലേക്ക് താൽകാലിക നിയമനത്തിനായി പുറത്തിറക്കിയ ഉത്തരവിൽ അക്വാകൾച്ചർ വിദ്യാർത്ഥികൾക്ക് വേണ്ട പരിഗണന കൊടുത്തിട്ടില്ലെന്നത് വളരെ വ്യക്തമാണ്. പരാതിപ്പെടുന്നവരോട് വ്യക്തമായ മറുപടി നൽകാൻ അധികാരികൾ തയ്യാറാവുന്നില്ല എന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ആന്ത്രോത്ത് സെന്ററിൽ ദ്വീപ് വിദ്യാർത്ഥികൾക്ക് അവരുടെ പരിതസ്ഥിതിയിൽ ജോലി സാധ്യതയുള്ള അക്വാകൾച്ചർ കോഴ്‌സ് ആരംഭിക്കുകയും നൂറ് കണക്കിന് വിദ്യാർത്ഥികൾ ഈ കോഴസ് പഠിച്ചിറങ്ങുകയും ചെയ്തിട്ടും ഈ കോഴ്സിന് ഏറ്റവും കൂടുതൽ തൊഴിൽ സാധ്യത ഉണ്ടാക്കേണ്ട ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് ഈ വിദ്യാർത്ഥികളോട് മനപൂർവ്വം പക വീട്ടുന്ന രീതിയിലാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് പൊതുപ്രവർത്തകൻ ടി. ചെറിയാക്കോയ പറഞ്ഞു.
ജോലിയുടെ സ്വഭാവമാനുസരിച്ച് അക്വാകൾച്ചർ വിദ്യാർത്ഥികൾ ഈ തസ്തികകളിലേക്ക് യോഗ്യരല്ല എന്നാണ് ഡിപ്പാർട്ട്‌മെന്റിന്റെ വാദം.
ഇത് കൂടാതെ മറ്റ് ചില പോസ്റ്റുകളിലേക്കുള്ള നിയമാനങ്ങളിലും ഡിപ്പാർട്ട്‌മെന്റ് അവിടെ ജോലി ചെയ്യുന്ന ചില ഉദ്യോഗസ്ഥന്മാരുടെ താൽപ്പര്യം സംരക്ഷിക്കാൻ വേണ്ടി നിയമനങ്ങൾ അട്ടിമറിക്കുന്നതായും ഉദ്യോഗാർത്ഥികൾ ആരോപിച്ചു. അസിസ്റ്റന്റ് ഡയറക്ടറുടെ പോസ്റ്റിലേക്ക് പ്രമോഷൻ നിയമങ്ങൾ ലംഘിച്ചു കൊണ്ട് ഡിപ്പാർട്ട്‌മെന്റിലെ തന്നെ ചില ഉദ്യോഗസ്ഥന്മാരെ കുടിയിരുത്താനുള്ള ശ്രമം നടത്തുന്നതായും അഡ്മിനിസ്ട്രേറ്റർക്ക് നിരവധി തവണ നിവേദനങ്ങൾ സമർപ്പിച്ചിട്ടും അതിനുള്ള മറുപടി ഡിപ്പാർട്ട്‌മെന്റ് നൽകാൻ തയ്യാറാവുന്നില്ല എന്നും ഉദ്യോഗാർത്ഥികൾ “ദ്വീപ് മലയാളി”യോട് പറഞ്ഞു. ഈ അവഗണനക്കെതിരെ മുഴുവൻ അക്വാകൾച്ചർ വിദ്യാർഥികളെയും സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭതത്തിന് തയ്യാറെടുക്കുന്നതായി ഉദ്യോഗാർത്ഥികൾ പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക