നിയന്ത്രണം മാറുന്നു; ലക്ഷദ്വീപിലേക്ക് ഉരു മാർഗ്ഗമുള്ള ചരക്കുനീക്കം ഈ ആഴ്ച മുതൽ

0
410

ബേപ്പൂർ: മൺസൂണിനോടനുബന്ധിച്ചു ഉരുക്കൾക്ക് ഏർപ്പെടുത്തിയ കടൽ യാത്രാനിയന്ത്രണം ഇന്ന് നീങ്ങാനിരിക്കെ തുറമുഖത്ത് ഒരുക്കങ്ങൾ. ലക്ഷദ്വീപിലേക്കു ചരക്കു നീക്കത്തിനുള്ള 3 ഉരുക്കൾ വാർഫിൽ അടുപ്പിച്ചു. മറൈൻ ലൈൻ, മുരുകൻ തുണൈ, ശാലോം എന്നീ ഉരുക്കളാണ് തുറമുഖത്ത് എത്തിയത്. യാത്രാ കപ്പൽ ഷെഡ്യൂളുകളും വരും ദിവസങ്ങളിൽ തയാറാകും.മർക്കന്റൈൽ മറൈൻ ചട്ടപ്രകാരം നോൺ മേജർ തുറമുഖമായ ബേപ്പൂരിൽ മേയ് 15 മുതൽ സെപ്റ്റംബർ 15 വരെ ജല യാനങ്ങൾക്ക് ഭാഗിക യാത്രാ നിയന്ത്രണമാണ്. ഈ കാലയളവിൽ ഉരുക്കളും മറ്റും തീരത്ത് നങ്കൂരമിടും. യാത്രാ കപ്പൽ സർവീസും നിർത്തിവയ്ക്കും.

നിയന്ത്രണ കാലയളവിൽ ഷിപ്പിങ് കോർപറേഷനു കീഴിലുള്ള എംവി ലക്കഡീവ്സ്, ഉബൈദുല്ല, തിന്നക്കര, സാഗർ സാമ്രാജ്, സാഗർ യുവരാജ്, ഏലി കൽപേനി എന്നീ ചരക്കു കപ്പലുകളാണ് ദ്വീപിലേക്കു വേണ്ട ഭക്ഷ്യോൽപന്നങ്ങൾ, നിർമാണ വസ്തുക്കൾ, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവ എത്തിച്ചിരുന്നത്.4 മാസത്തെ വിശ്രമത്തിനിടെ അറ്റകുറ്റപ്പണിയും പെയിന്റിങ്ങും മറ്റും പൂർത്തിയാക്കിയ ഉരുക്കൾ എല്ലാം ഒരാഴ്ചയ്ക്കകം തുറമുഖത്ത് എത്തും. ഉരുക്കളിലെ അതിഥിത്തൊഴിലാളികൾ ഇതിനകം തിരിച്ചെത്തി തുടങ്ങി. ചരക്ക് കയറ്റുമതി തുടങ്ങി കാലാവസ്ഥ അനുകൂലമായാൽ ഈ ആഴ്ച അവസാനത്തോടെ സീസണിൽ ദ്വീപിലേക്കുള്ള ഉരുക്കൾ യാത്ര തുടങ്ങും.

ലക്ഷദ്വീപിലേക്ക് ബേപ്പൂരിൽ നിന്ന് ഉരുക്കൾ മുഖേനയാണ് പ്രധാനമായും ചരക്കുനീക്കം. ഭക്ഷ്യവസ്തുക്കൾക്കു പുറമേ സിമന്റ്, ജെല്ലി, കമ്പി, ഫർണിച്ചർ, പശുക്കൾ തുടങ്ങി ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും ഉരുവിലാണ് കയറ്റിക്കൊണ്ടു പോകുന്നത്.വൻകരയിൽ നിന്നു 25 ഉരുക്കൾ ലക്ഷദ്വീപിലേക്കു സർവീസുണ്ട്. തമിഴ്നാട് കടലൂർ, തൂത്തുക്കുടി, മംഗളൂരു എന്നിവിടങ്ങളിലെ ഉരുക്കളാണ് ലക്ഷദ്വീപിനും ബേപ്പൂരിനും ഇടയിൽ വാണിജ്യ ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നത്. മംഗളൂരു തുറമുഖത്തു നിന്നും ദ്വീപിലേക്ക് വലിയ തോതിൽ ചരക്കു നീക്കമുണ്ട്.

കടപ്പാട്: മനോരമ


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here