ഭീഷണിയും വാഗ്ദാനവും നെഞ്ചിലേറ്റി കാവി പുതക്കാനൊരുങ്ങുന്ന ദ്വീപ് രാഷ്ട്രീയം.

0
1461
ൽബുർഗി, പൻസാരെ, ഗൗരി ലങ്കേശ്, ഗുജറാത്ത് വംശഹത്യ, സാംസ്കാരിക നായകന്മാർക്കെതിരെയുള്ള രാജ്യസുരക്ഷാ കേസുകൾ, തീവ്ര വലതുപക്ഷ രാഷ്ട്രീയം, ബീഫ് കൊലപാതകങ്ങൾ, സാമ്പത്തിക മാന്ധ്യം, കാശ്മീർ… സാംസ്കാരിക ലോകം തീവ്രമായ ഭാഷയിലും ചിന്തയിലും വ്യാകുലപ്പെടുന്ന സമകാലീന ഭാരതത്തിൽ ലക്ഷദ്വീപിലെ എൻ.സി.പി വിഭാഗം അവരുടെ ത്രിവർണ്ണ പതാക മാറ്റി തീവ്ര വലതുപക്ഷത്തിന്റെ കാവിക്കൊടി ദ്വീപുകളിൽ പാറിക്കാനുള്ള തീരുമാനത്തിലേക്ക് നടന്നടുക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി തങ്ങളുടെ കടുത്ത ശത്രുക്കളാണെന്നും അവരുടെ ആശയ ആദർശങ്ങൾക്കെതിരെയാണ് തങ്ങളുടെ പ്രവർത്തനം എന്നും പരസ്യമായി പ്രസംഗിച്ചവരാണ് കാവി അനുകൂല വ്യാഖ്യാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷൻ ലക്ഷദ്വീപ് സന്ദർശിച്ച അവസരത്തിൽ അദ്ദേഹത്തെ കാണുകയും അവരുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തതിനേയും; ഭരിക്കുന്ന പാർട്ടിയുടെ അദ്ധ്യക്ഷനായത് കൊണ്ടാണ് കണ്ടതെന്നും മറ്റുമുള്ള ന്യായീകരണം നിരത്തിയാണ് അന്ന് തടിയൂരിയത്. എന്നാൽ അന്ന് തന്നെ അപ്പോഴത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായിരുന്ന ഫാറൂഖ് ഖാൻ ഐ.പി.എസിന്റെ മധ്യസ്ഥതയിൽ ബി.ജെ.പി ലയനം തീരുമാനമായിക്കഴിഞ്ഞിരുന്നു എന്നാണ് എൻ.സി.പിയിലെ തന്നെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു നേതാവ് എന്നോട് പറഞ്ഞത്. ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചാൽ തോറ്റുപോവുമെന്ന ഭയം കൊണ്ടാണത്രേ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.സി.പി ടിക്കറ്റിൽ തന്നെ മത്സരിച്ചത്. എന്നാൽ എൻ.സി.പിയിലെ ഒരു വിഭാഗം ബി.ജെ.പി ലയനത്തെ എതിർക്കുന്നു. അങ്ങനെയുള്ളവരെ തൃപ്തിപ്പെടുത്താനും ദ്വീപു രാഷ്ട്രീയത്തിലെ പ്രമാണിത്വം നഷ്ടപ്പെടാതിരിക്കാനും മറ്റൊരു അടവു നയമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. നിലവിലുള്ള എം.പിയും കുറേ നേതാക്കളും അണികളോടൊപ്പം ബി.ജെ.പിയിൽ ലയിക്കുക. ബി.ജെ.പിയിൽ ചേരാൻ വിമുഖതയുള്ളവർ എൻ.സി.പിയിൽ തന്നെ തുടരുക. പണ്ട് മുൻ എം.പി ഡോ.പൂക്കുഞ്ഞിക്കോയ ജെ.ഡി.യുവിലും പാർട്ടി എൻ.സി.പിയിലും ചേർന്നതു പോലെ. ബി.ജെ.പിയിൽ ചേർന്നതിന്റെ ലാഭവിഹിതം കൈപ്പറ്റുകയും തിരഞ്ഞെടുപ്പ് വരുമ്പോൾ വേണമെങ്കിൽ പാർട്ടി മാറി എൻ.സി.പിയിലോ എൽ.വി.എസ്സിലോ മത്സരിക്കുകയുമാവാം. അണികളുടെ മനസ്സ് കാവിവൽക്കരണവുമായി പൊരുത്തപ്പെടുന്ന പക്ഷം അങ്ങനെയുമാവാം. ഒരു വെടിക്ക് പല ലക്ഷ്യങ്ങൾ.
മൂവ്വായിരത്തോളം തൊഴിൽ അവസരങ്ങൾ, ഈസ്റ്റേൺ ജെട്ടികൾ ഇല്ലാത്ത ദ്വീപുകളിൽ ജെട്ടി, കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകൾ, ലക്ഷദ്വീപിനെ മാലിദ്വീപ് മാതൃകയിൽ പരിഷ്കരിക്കുക, സഹമന്ത്രി സ്ഥാനം… ബി.ജെ.പി ലയനത്തിന് അണികളുടെ ഇടയിൽ പറഞ്ഞു കേൾക്കുന്ന വാഗ്ദാനങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്.

To advertise here, Whatsapp us.
ബി.ജെ.പി ലയന വിശകലനത്തിൽ, ലക്ഷദ്വീപിന്റെ പ്രത്യേക പദവി  എടുത്തു കളയുമെന്ന ഭീഷണിയാണ് നേതൃത്വം ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ ബി.ജെ.പി ലയനത്തിന് എതിരു നിൽക്കുന്ന ഒരു എൻ.സി.പി നേതാവ് പ്രതികരിച്ചത് ഇങ്ങനെയയിരുന്നു. “ഭീഷണിപ്പെടുത്തിയാൽ അടിയറവുവെക്കാനുള്ളതാണോ നമ്മുടെ ആദർശവും വിശ്വാസങ്ങളും. അങ്ങനെയാണെങ്കിൽ മതം മാറണമെന്ന് പറഞ്ഞാൽ ഇക്കൂട്ടർ അതും ചെയ്യുമല്ലോ?.”
നിലനിൽപ്പ്, അധികാരം, പണം ഇവക്കു മുന്നിൽ വിശ്വാസങ്ങളും ആദർശങ്ങളും അടിയറവു വെക്കുമ്പോൾ ചരിത്രത്തിന്റെ ചവിട്ടുപടികളിൽ നമ്മുടെ പൂർവ്വീകർ ബാക്കി വെച്ച സാംസ്കാരിക ശിലാലിഖിതങ്ങൾ കൂടിയാണ് നശിപ്പിച്ചു കളയുന്നത്.
ചെറുത്തു നിൽപ്പിന്റെ പോരാട്ട പാരമ്പര്യം തീർത്ത് ഡോ.കെ.കെ.മുഹമ്മദ് കോയ സാഹിബ് എന്ന വ്യക്തി തന്റെ ജീവിതം കൊടുത്തു വളർത്തിയെടുത്ത മുന്നണി മാതൃകയെയാണ് ഒരുകൂട്ടം ആളുകൾ ബലിപീഠത്തിലേക്ക് നയിച്ചുകൊണ്ടു പോവുന്നത്. എൽ.എസ്.എ എന്ന ദ്വീപിലെ കരുത്തുറ്റ വിദ്യാർഥി  പ്രസ്ഥാനവും ദ്വീപു കണ്ട ഏറ്റവും മികച്ച വിപ്ലവ സമരങ്ങൾക്ക് നേതൃത്വം നൽകിയ എൽ.ജി.ഇ.യു എന്ന സംഘടനയും അവരുടെ പ്രവർത്തനങ്ങളിലൂടെ ഊതിക്കാച്ചിയെടുത്ത വിപ്ലവ വീര്യമാണ് ഭീഷണിക്കും വാഗ്ദാനങ്ങൾക്കും മുന്നിൽ അടിയറവ് വെക്കാൻ ഒരുങ്ങുന്നത്. ദീർഘകാലം ഈ കൂട്ടായ്മക്ക് ഊർജ്ജകൈമാറ്റം സാധ്യമാക്കിയ എൻ.സൈദ് മുഹമ്മദ് കോയയും, പി.തങ്ങകോയയും, പി.കിടാവും ഉൾപ്പെടെയുള്ളവർ രാഷ്ട്രീയപരമായി ഉപയോഗിക്കപ്പെടാതെ പോയ വ്യക്തിത്വങ്ങളാണ്. ആദർശവും ഉറച്ച കാഴ്ചപ്പാടുമുള്ള വ്യക്തികൾ പ്രസ്ഥാനത്തിന്റെ അമരക്കാരായി നിൽക്കുന്ന കാലം വാഗ്ദാനങ്ങൾക്ക് പിന്നിലെ അപകടങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും, ഭീഷണികൾ നമ്മെ ഭയപ്പെടുത്താത്ത രൂപത്തിൽ കരുത്തുറ്റ പോസിറ്റീവ് ഊർജ്ജമാക്കി പരിണാമപ്പെടുത്താനും അവർക്കാകുമായിരുന്നു. ധൈര്യമായി പൊരുതിയ നേതൃത്വത്തിന്റെ പേരുകളാണ് ചരിത്രത്തിൽ എന്നും തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. ഭീരുക്കൾ കാലത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചു പോവുകയാണ് പതിവ്.

www.dweepmalayali.com
ചേത്ത്ലാത്ത് ദ്വീപിലെ ജില്ലാ പഞ്ചായത്ത് മെമ്പറുടെ പാർട്ടി മാറ്റവും ഇതിനോടൊപ്പം ചേർത്തു വായ്ക്കപ്പെടേണ്ടതാണ്. എ.എം.കാസ്മിക്കോയ എന്ന വ്യക്തിക്ക് ഏത് പാർട്ടിയിലും ചേരാനും പ്രവർത്തിക്കാനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഒരു പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ആൾ മറ്റൊരു പാർട്ടിയിലേക്ക് മാറുമ്പോൾ തന്റെ തിരഞ്ഞെടുക്കപ്പെട്ട പദവി രാജി വെക്കാനുള്ള സാമാന്യ മര്യാദയെങ്കിലും അദ്ദേഹം ചെയ്യേണ്ടതായിരുന്നു. അതിനു പകരം ജില്ലാ പഞ്ചായത്ത് സമ്മേളനത്തിൽ താൻ ബി.ജെ.പിയുടെ ഡി.പി മെമ്പറാണ് എന്ന് പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്.
“നമ്മുടെ പഞ്ചായത്തീരാജ് സംവിധാനത്തിൽ കൂറുമാറ്റ നിരോധന നിയമം ഇല്ലാത്തതിനാൽ അദ്ദേഹത്തെ അയോഗ്യനാക്കില്ലായിരിക്കാം. ചേത്ത്ലാത്തിലെ വോട്ടർമാരുടെ മനസ്സ് വേദനിപ്പിച്ചു കൊണ്ട് നെഞ്ചുവിരിച്ച് നടക്കാനും അദ്ദേഹത്തിന് കഴിയുമായിരിക്കും. പക്ഷെ, വിശാലമായ പ്രപഞ്ച നീതിക്കു മുന്നിൽ ഏത് അഹങ്കാരവും തലകുത്തി വീണ ചിത്രമുള്ള പാരമ്പര്യത്തിന്റെ ഭൂമിക കൂടിയാണ് ലക്ഷദ്വീപുകൾ എന്നാണ് ചേത്ത്ലാത്ത് ദ്വീപിലെ ഒരു ചെറുപ്പക്കാരൻ രോഷത്തോടെ ഈയുള്ളവനോട് പറഞ്ഞത്.
ഗാന്ധിയനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒക്ടോബർ 13-ന് തന്റെ കോളത്തിൽ നിരത്തിയ ചരിത്ര സത്യങ്ങൾ നിങ്ങൾ വായിക്കണം. ഗാന്ധിജിയും ആർ.എസ്.എസും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് അതിലെ ഉള്ളടക്കം. ഡൽഹിയിലെ പോലീസ് റിപ്പോർട്ടിൽ വന്ന ഒരു കാര്യം ഇങ്ങനെ. “ഡൽഹിയിൽ മുൻപ് തുടങ്ങി വച്ചത് പോലൊരു സമ്പൂർണ്ണ ഉൻമൂലനത്തിനുള്ള നീക്കമുണ്ടായാലേ മുസ്ലിംകൾ ഇന്ത്യ വിട്ട് പോവുകയുള്ളൂ എന്ന് സ്വയം സേവക് സംഘം പ്രവർത്തകർ കരുതുന്നു. മഹാത്മാ ഗാന്ധി ഡൽഹിയിൽ നിന്നും പോവാൻ കാത്തിരിക്കുകയാണവർ. മഹാത്മാ ഗാന്ധി ഡൽഹിയിൽ ഉള്ളിടത്തോളം കാലം തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് അവർക്കറിയാം.”
അതുപോലെ രാമചന്ദ്ര ഗുഹ കോളത്തിൽ പറയുന്നു. എം.എസ് ഗോൾവാൾക്കറുടെ സംഭാഷണങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ വിചാരധാരയാണ് ആർ.എസ്.എസിന്റെ ബൈബിൾ. 1966-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ രാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയാവുന്ന മൂന്ന് ആഭ്യന്തര ശത്രുക്കളെ കുറിച്ച് വിവരിക്കുന്നുണ്ട്. മുസ്ലിംകൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകൾ എന്നിവരാണവരെന്ന് ചൂണ്ടിക്കാണിക്കുന്നു.
ചുറുചുറുക്കും ആഴമുള്ള കാഴ്ചപ്പാടുമുള്ള വ്യക്തികൾ ഉദ്യോഗസ്ഥന്മാരായി മാറിയതിനാൽ വ്യക്തിത്വമുള്ള രാഷ്ട്രീയക്കാർ ദ്വീപിൽ വളർന്നു വരാതെയായി. ദ്വീപിലെ നിഷ്കളങ്കരായ ജനങ്ങൾ വരാൻ പോകുന്ന അപകടങ്ങൾ ഒന്നും തിരിച്ചറിയാതെ രണ്ട് പാർട്ടിക്കും ജൈ വിളിച്ച് വൈകാരിക രാഷ്ട്രീയത്തിന്റെ അടിമകളായി ജീവിക്കുകയാണ്. സടകുടഞ്ഞെഴുന്നേൽക്കാൻ നേരമായി. കണ്ണുതുറന്ന് ചരിത്രത്തിലേക്ക് നോക്കി വർത്തമാന ഇന്ത്യയിൽ നടക്കുന്നത് വീക്ഷിക്കൂ. അപ്പോൾ നമ്മൾ നടന്നുപോവുന്ന പാലത്തിനടിയിലെ നരകാഗ്നി അകക്കണ്ണിൽ തെളിഞ്ഞു വരുക തന്നെ ചെയ്യും.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here