പാണ്ഡ്യ സഹോദരന്മാരുടെ പിതാവ് അന്തരിച്ചു

0
380

ബറോഡ: ഇന്ത്യന്‍ ക്രികെറ്റിലെ സഹോദര താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയുടെയും ക്രുനാല്‍ പാണ്ഡ്യയുടെയും പിതാവ് ഹിമാന്‍ഷു പാണ്ഡ്യ അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. ശനിയാഴ്ച രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാണ്ഡ്യ സഹോദരന്‍മാരെ ആശ്വസിപ്പിച്ചും പിതാവിന് നിത്യശാന്തി നേര്‍ന്നും ക്യാപ്റ്റന്‍ വിരാട് കോഹ് ലി, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങി ദേശീയ ടീമിലെ സഹതാരങ്ങള്‍ ട്വീറ്റ് ചെയ്തു. വിവിധ നഗരങ്ങളിലായി നടന്നുവരുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയെ നയിക്കുന്ന ക്രുനാല്‍ പാണ്ഡ്യ, പിതാവിന്റെ മരണത്തെ തുടര്‍ന്ന് ബയോ സെക്യുര്‍ബബ്ള്‍ വിട്ട് വീട്ടിലേക്ക് മടങ്ങി. താരം ടീം ക്യാംപ് വിട്ടതായി ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥിരീകരിച്ചു.

അദ്ദേഹം ഇനി ടൂര്‍ണമെന്റില്‍ കളിക്കാന്‍ സാധ്യതയില്ല. അതേസമയം, ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളില്‍ അംഗമായിരുന്ന ഇളയ മകന്‍ ഹാര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ നാട്ടിലുണ്ട്. ടെസ്റ്റ് പരമ്ബരയ്ക്കുള്ള ടീമില്‍ ഇടം ലഭിക്കാതിരുന്ന പാണ്ഡ്യ, ലിമിറ്റഡ് ഓവര്‍ മത്സരങ്ങള്‍ അവസാനിച്ചതിനു പിന്നാലെ നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഇംഗ്ലണ്ട് പര്യടനത്തിനായി ഒരുങ്ങുന്നതിന് ഹാര്‍ദിക് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കുന്നില്ല. പാണ്ഡ്യ സഹോദരന്‍മാരുടെ ക്രികെറ്റ് കരിയറില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് പിതാവ് ഹിമാന്‍ഷു പാണ്ഡ്യ. ഇക്കാര്യം ഇരുവരും അഭിമുഖങ്ങളില്‍ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്.

സൂറത്തില്‍ ബിസിനസ് നടത്തിയിരുന്ന ഹിമാന്‍ഷു, അത് ഉപേക്ഷിച്ചാണ് മക്കളുടെ ക്രികെറ്റ് കരിയര്‍ മാത്രം ലക്ഷ്യമിട്ട് വഡോദരയിലേക്ക് താമസം മാറിയത്. അവിടെ മുന്‍ ഇന്ത്യന്‍ താരം കിരണ്‍ മോറെയുടെ ക്രികെറ്റ് അക്കാദമിയിലൂടെയാണ് ഹാര്‍ദിക്കും ക്രുനാലും കരിയര്‍ ആരംഭിക്കുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here