മത്സ്യബന്ധന തൊഴിലാളികൾക്ക് നഷ്ടപരിഹാരം; ദീർഘനാളത്തെ ആവശ്യത്തിന് പച്ചക്കൊടി.

0
1576
www.dweepmalayali.com

കവരത്തി: മത്സ്യബന്ധനത്തിനിടെ അപകടത്തിൽ പെടുന്നവർക്കും, കാണാതാവുകയോ മരണപ്പെടുകയോ ചെയ്യുന്നവർക്കും നഷ്ടപരിഹാരം നൽകുന്നതിനുള്ള ചരിത്രപരമായ ഉത്തരവിൽ ഒപ്പുവെച്ചു. ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ് സെക്രട്ടറി ശ്രീ.എ.ടി.ദാമോദർ ഐ.എഫ്.എസ് ആണ് ലക്ഷദ്വീപിലെ മത്സ്യബന്ധന തൊഴിലാളികളുടെ ദീർഘ നാളത്തെ ആവശ്യം യാഥാർത്ഥ്യമാവുന്ന ചരിത്രപരമായ ഉത്തരവിൽ ഒപ്പുവെച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാന്റെ അംഗീകാരത്തോടെയാണ് ഉത്തരവ്.

www.dweepmalayali.com

മത്സ്യബന്ധനത്തിനിടെ കാണാതാവുകയോ മരണപ്പെടുകയോ ചെയ്യുന്നവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപയും, അപകടങ്ങളിൽ 40 മുതൽ 75% വരെ പരിക്കേൽക്കുന്നവർക്ക് ഒരു ലക്ഷം രൂപയും, 75 ശതമാനത്തിന് മുകളിൽ പരിക്കേൽക്കുന്നവർക്ക് രണ്ട് ലക്ഷം രൂപയുമാണ് നഷ്ടപരിഹാരമായി നൽകുക.

www.dweepmalayali.com

ലക്ഷദ്വീപിലെ തദ്ദേശീയരായ, തൊഴിൽ രഹിതരായ, രജിസ്റ്റർ ചെയ്ത മത്സ്യബന്ധനം ഒരു തൊഴിലായി സ്വീകരിച്ചവർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഈ പദ്ധതി പ്രകാരം മുമ്പ് ഫിഷറീസ് വകുപ്പിൽ നിന്നും സഹായം ലഭിച്ചവർ ഈ സഹായം ലഭിക്കുന്നതിന് അർഹരാവുകയില്ല. മത്സ്യബന്ധനത്തിനിടെ മരണപ്പെടുകയോ, കാണാതായി മൂന്ന് മാസത്തിൽ കൂടുതൽ തിരിച്ചു വരാതിരിക്കുകയോ ചെയ്താൽ, ഏറ്റവും അടുത്ത തൊഴിൽ രഹിതരായ അവകാശിക്ക് നഷ്ടപരിഹാരം ലഭിക്കും. അപകടത്തിൽ ശാശ്വതമായ അംഗവൈകല്യം സംഭവിക്കുന്ന പക്ഷം നഷ്ടപരിഹാര തുക മത്സ്യബന്ധന തൊഴിലാളികൾക്ക് കൈപ്പറ്റാം.

www.dweepmalayali.com

മത്സ്യബന്ധനത്തിനിടെ മരണപ്പെടുന്നവരുടെ മരണ സർട്ടിഫിക്കറ്റ്, കാണാതാവുന്ന മത്സ്യബന്ധന തൊഴിലാളികളുടെ കേസുമായി ബന്ധപ്പെട്ട പ്രാധമിക അന്വേഷണ റിപ്പോർട്ട് (എഫ്.ഐ.ആർ) എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ ഫോറം ഫിഷറീസ് വകുപ്പിൽ സമർപ്പിക്കണം. മത്സ്യബന്ധനത്തിനിടെ അംഗവൈകല്യം സംഭവിച്ചവർ മെഡിക്കൽ ബോർഡിൽ നിന്നും അംഗവൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുൾ ഹാജരാക്കണം. മരണപ്പെടുകയോ കാണാതാവുകയോ ചെയ്താൽ, അവരുടെ ആശ്രിതർക്ക് സഹായം ലഭിക്കുന്നതിന്, അപേക്ഷിക്കുന്ന ആൾ മത്സ്യബന്ധന തൊഴിലാളിയുടെ അവകാശി ആണെന്ന് അതാത് ദ്വീപുകളിലുള്ള സബ് ഡിവിഷണൽ ഓഫീസർ/ ഡെപ്യൂട്ടി കളക്ടർ എന്നിവർ സാക്ഷ്യപ്പെടുത്തുന്ന രേഖകൾ കൂടി സമർപ്പിക്കേണ്ടതുണ്ട്. ആധാർ കാർഡ്, ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട് നമ്പർ എന്നിവയും അപേക്ഷയോടൊപ്പം ഹാജരാക്കണം. നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമർപ്പിക്കുന്ന അപേക്ഷകൾ ദ്വീപുതലത്തിലും ജില്ലാ തലത്തിലുമുള്ള സെലക്ഷൻ കമ്മിറ്റികൾ പരിശോധിക്കും. ഇരു കമ്മിറ്റികളുടെയും ശുപാർശകൾ ജില്ലാ കളക്ടർക്ക് അയച്ചു കൊടുക്കും. ജില്ലാ കളക്ടറായിരിക്കും അന്തിമമായി നഷ്ടപരിഹാര തുക അനുവദിച്ചു കൊണ്ട് ഉത്തരവിറക്കുക.

www.dweepmalayali.com

ദ്വീപുതലത്തിലുള്ള സെലക്ഷൻ കമ്മിറ്റിയിൽ മെഡിക്കൽ ഇൻചാർജ്ജ്, പോലീസ് സ്റ്റേഷൻ ഇൻചാർജ്ജ്, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ എന്നിവർ അംഗങ്ങളായിരിക്കും. അതാത് ദ്വീപുകളിലെ ഫിഷറീസ് വകുപ്പ് ഇൻചാർജ്ജ് സെക്രട്ടറിയും, സബ് ഡിവിഷണൽ ഓഫീസർ/ ഡെപ്യൂട്ടി കളക്ടർ കമ്മിറ്റിയുടെ ചെയർമാനുമായിരിക്കും.

www.dweepmalayali.com

ജില്ലാ തലത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാൻ ഫിഷറീസ് വകുപ്പ് സെക്രട്ടറിയായിരിക്കും. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേഷൻ ആസ്ഥാനത്തെ ഡെപ്യൂട്ടി കളക്ടർ, ജില്ലാ പഞ്ചായത്ത് അക്കൗണ്ട്സ് ഓഫീസർ എന്നിവർ അംഗങ്ങളും ഫിഷറീസ് വകുപ്പ് ഡയറക്ടർ കമ്മിറ്റിയിലെ മെമ്പർ സെക്രട്ടറിയുമായിരിക്കും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here