
അമിനി: നീണ്ട മൂന്ന് പതിറ്റാണ്ട് കാലം അമിനിയുടെ സാമൂഹിക, സാംസ്കാരിക, കായിക മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന പുറക്കര ലക്കി ബ്രദേഴ്സ് ക്ലബ്ബിന് കീഴിൽ ഭിന്ന ശേഷിക്കാരായ പൗരന്മാർക്കായി പ്രത്യേക ഫോറം രൂപീകരിച്ചു. ഒരു സാമൂഹിക ക്ലബിന് കീഴിൽ ലക്ഷദ്വീപിൽ ആദ്യമായാണ് ഭിന്ന ശേഷിക്കാർക്ക് മാത്രമായി പ്രത്യേക ഫോറം രൂപീകരിക്കുന്നത്. നാലുവർഷം മുമ്പ് പുറക്കര ക്ലബ്ബിന് കീഴിൽ ആരംഭിച്ച പി.എൽ.ബി.സി റിലീഫ് സെൽ വിജയകരമായി പ്രവർത്തിച്ചു വരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളുടെ ചികിത്സാ സഹായത്തിനും, പെരുന്നാൾ ദിവസങ്ങളിൽ പെരുന്നാൾ കിറ്റ് വിതരണം, സ്കൂൾ-ഹോസ്പിറ്റൽ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ കുടിവെള്ള വിതരണം, രോഗികൾക്ക് വേണ്ടിയുള്ള ബെഡ്, ഒബ്സർവേഷൻ ടാബിൾ എന്നിങ്ങനെ വിവിധങ്ങളായ സേവന പ്രവർത്തനങ്ങളാണ് റിലീഫ് സെൽ നടത്തി വരുന്നത്. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ സമാഹരിച്ചാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് രൂപയുടെ സേവന പ്രവർത്തനങ്ങൾ ചെയ്തു കഴിഞ്ഞു.

സമൂഹത്തിലെ മാനസികമായും ശാരീരികമായും പിന്നോക്കം നിൽക്കുന്ന ഭിന്ന ശേഷിക്കാരായ പൗരന്മാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും അവകാശ സംരക്ഷണത്തിനും, അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പുതിയ ഫോറം രൂപീകരിച്ചിരിക്കുന്നത്. ഭിന്ന ശേഷിക്കാരായ ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയാണ് ലക്ഷ്യം.
അമിനി ബർക്കത്ത് ഭവനിൽ നടന്ന ചടങ്ങ് അമിനി വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീമതി.ഖൈറുന്നീസ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അമിനി സി.എച്ച്.സി മെഡിക്കൽ ഇൻചാർജ്ജ് ഡോ.കദീജ അദ്യക്ഷത വഹിച്ചു. സബ് ഡിവിഷണൽ ഓഫീസർ ശ്രീ.ഒമർ ഷരീഫ് പി.എൽ.ബി.സി ഫോറം ഫോർ ഡിഫറന്റ്ലി ഏബിൾഡ് പേർസൺ നാടിന് സമർപ്പിച്ചു. പി.എൽ.ബി.സി അഡ്വൈസറി ബോർഡ് അംഗങ്ങളായ വി.ഡി.പി വൈസ് ചെയർപേഴ്സൺ ശ്രീ.പി പൂക്കുഞ്ഞി, വി.ഡി.പി മുൻ വൈസ് ചെയർപേഴ്സൺ പി.കെ അബൂസലാം, പി.എസ്.ജമാലുദ്ദീൻ, അഡ്വ: കോയ അറഫ മിറാജ്, എസ്.ജെ.എം.ജി.എസ്.എസ് അസിസ്റ്റന്റ് ഹെഡ്മാസ്റ്റർ ശ്രീ.അബ്ദുൽ ഹക്കീം, എന്നിവർ ചടങ്ങിൽ സംസാരിച്ചു. പി.എൽ.ബി.സി പ്രസിഡന്റ് സി.എച്ച്.പി സ്വാദിഖലി സ്വാഗതവും സെക്രട്ടറി മുഹമ്മദ് സഈദ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: മുഹമ്മദ് ഷുഐബ് സി.എച്ച്.പി
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക