കോഴിക്കോട്: (www.dweepmalayali.com) കാശ്മീരിൽ അതി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആസിഫക്ക് നീതി ലഭിക്കണം എന്ന ആവശ്യവുമായി രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധ സമരങ്ങൾക്ക് ഐക്യദാർഢ്യവുമായി എൽ.എസ്.എ.
‘ഈ മൗനം അപകടകരം’ എന്ന പ്രമേയത്തിൽ ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ കേന്ദ്ര നേതാക്കൾ പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് യാഫി ഉദ്ഘാടനം ചെയ്തു.
ലോക മനസാക്ഷിയെ ഞെട്ടിച്ച വെറും എട്ട് വയസ്സ് മാത്രം പ്രായമുള്ള ആസിഫ എന്ന പിഞ്ചു കുഞ്ഞിനെ മൃഗീയമായി പീഡിപ്പിച്ച കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് എൽ.എസ്.എ ആവശ്യപ്പെട്ടു. കുറ്റവാളികളെ ന്യായീകരിക്കുന്ന ഈ കാലഘട്ടത്തിൽ ഇരകൾക്ക് വേണ്ടി ശബ്ദിക്കാതെ മൗനികളായിക്കൂടാ. അത് വരാനിരിക്കുന്ന കാലത്തിന്റെ അപകട സൂചനയാണ്. ഇനിയും ഇവിടെ ആസിഫമാർ ഉണ്ടാവാൻ പാടില്ല. അതിന് നമ്മുടെ പൊതു ബോധം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ മതേതരത്വത്തിന് തുരങ്കം വെക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് ശക്തികളെ ഒറ്റപ്പെടുത്തണം. അതിന് മതനിരപേക്ഷ ശക്തികൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് എൽ.എസ്.എ പ്രസിഡന്റ് മുഹമ്മദ് യാഫി ആവശ്യപ്പെട്ടു. സ്ത്രീകൾ പീഡനത്തിന് ഇരയായി കൊല്ലപ്പെടുമ്പോൾ മാത്രം അവളെ സഹോദരിയും അമ്മയുമായി കാണുന്നത് നമ്മുടെ സമൂഹത്തിന്റെ വൈകൃതമാണ്. അതിന് ഒരു മാറ്റം നമ്മുടെ വീടുകളിൽ നിന്നു തന്നെ തുടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
എൽ.എസ്.എ കേന്ദ്ര കമ്മിറ്റി ജന: സെക്രട്ടറി ദർവ്വേശ് ഖാൻ എസ്.എം, വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് രിഫാഈ, തമിഴ്നാട് കമ്മിറ്റി പ്രസിഡന്റ് സാദിഖ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഹനീഫാ, കോട്ടയം ജില്ലാ പ്രസിഡന്റ് താജുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക