പൊതുതെരഞ്ഞെടുപ്പ് ഡിസംബറില്‍, നല്ല സമയത്ത് പോരാട്ടത്തിനിറങ്ങാന്‍ മോദി, പ്രതിപക്ഷത്തിന് അവസരം നല്കാതിരിക്കുക ലക്ഷ്യം, അണിയറയില്‍ ഒരുങ്ങുന്ന യുദ്ധതന്ത്രം ഇങ്ങനെ

0
786
www.dweepmalayali.com

പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 2019ലെ വേനല്‍ക്കാലം വരെ കാത്തിരിക്കുമോ? സംശയമാണ്. സാഹചര്യം അനുകൂലമാകുമ്പോള്‍ യുദ്ധത്തിനിറങ്ങുകയെന്ന സാഹസത്തിന് ബിജെപി തുനിഞ്ഞാല്‍ ഈ വര്‍ഷം അവസാനം രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അമരും.

ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തേയാക്കാനുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന ഘടകങ്ങള്‍ പലതാണ്. മണ്‍സൂണ്‍ മുതല്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വരെ ഇത്തരമൊരു നീക്കത്തിന് കാരണമാകും.

മണ്‍സുണ്‍

ഇന്ത്യയിലെ രാഷ്ട്രീയവും മഴയും തമ്മില്‍ വേര്‍തിരിക്കാനാകാത്ത ബന്ധമുണ്ട്. പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍. നല്ല മഴയും വിളവും കിട്ടിയാല്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ ഹാപ്പിയാണ്.

അതുകൊണ്ട് തന്നെ ചെറിയ ഭരണവിരുദ്ധ വികാരമൊക്കെ ആ മഴയത്ത് ഒലിച്ചുപോകും. മോദി നോക്കുന്നതും ഇത്തരമൊരു നല്ല മണ്‍സൂണിനെ തന്നെയാണ്. ഇത്തവണ കാലവര്‍ഷം ചതിക്കാതിരുന്നാല്‍ ഡിസംബറില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത കൂടുതലാണ്.

രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്

ഡിസംബറിലാണ് മധ്യപ്രദേശിലും രാജസ്ഥാനിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇപ്പോഴത്തെ അവസ്ഥയില്‍ അവിടെ ബിജെപിക്കാര്‍ പോലും ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്നില്ല. സര്‍ക്കാര്‍ തലത്തിലെ അഴിമതിയും വ്യാപം കുഭകോണവുമെല്ലാം മധ്യപ്രദേശില്‍ ശിവരാജ് ചൗഹാന്‍ സര്‍ക്കാരിനെ ജനങ്ങള്‍ മടുത്ത മട്ടാണ്.

മോദി നേരിട്ടെത്തി നേതൃത്വം കൊടുത്താല്‍ പോലും ഇത്തവണ ഭൂരിപക്ഷം കിട്ടുമോയെന്ന കാര്യത്തില്‍ ബിജെപി നേതാക്കള്‍ക്കു പോലും സംശയമുണ്ട്. വസുദ്ധര രാജെ നയിക്കുന്ന രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. കാര്‍ഷക പ്രശ്‌നങ്ങളും ഭൂമി പ്രശ്‌നങ്ങളുമൊക്കെ ഭരണവിരുദ്ധയുടെ ആക്കം കൂട്ടുന്നു.

രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. സച്ചിന്‍ പൈലറ്റിനെ മുന്‍നിര്‍ത്തിയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് പുതിയ പോര്‍മുഖം തുറക്കുന്നത്. ജനകീയനായ, ഊര്‍ജസ്വലനായ ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന രാജേഷ് പൈലറ്റിന്റെ മകന് ജനക്കൂട്ടത്തെ കൈയിലെടുക്കാനുള്ള ശേഷിയുണ്ട്.

ഇത്തവണ യുവരക്തത്തിന് പ്രാധാന്യം നല്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത് പുതിയൊരു ഉണര്‍വ് കോണ്‍ഗ്രസിന് സമ്മാനിച്ചിട്ടുണ്ട്. ദുര്‍ബലമായ സംസ്ഥാന നേതൃത്വത്തില്‍ ഉടച്ചുവാര്‍ക്കലുകള്‍ നടത്തി. മൃതാവസ്ഥയിലായിരുന്ന വാര്‍ഡ് കമ്മിറ്റികളെ കൂടുതല്‍ ചലനാത്മകമാക്കി…. സച്ചിന്‍ പൈലറ്റിന്റെ രീതികള്‍ അവിടെ കോണ്‍ഗ്രസിനെ കൂടുതല്‍ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

രാഷ്ട്രീയ കാറ്റ്

നിലവിലെ സാഹചര്യം ബിജെപിക്കും മോദിക്കും അനുകൂലമാണ്. അതിനര്‍ഥം കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികള്‍ക്കും സാധ്യതയില്ലെന്നല്ല. ഇന്ത്യയില്‍ പൊതുവായ ഒരു അവസ്ഥയുണ്ട്. അവസാന ആറു മാസങ്ങളില്‍ സര്‍ക്കാര്‍ എന്തു ചെയ്യുന്നുവോ അതാകും വോട്ടു കുത്താന്‍ പോകുമ്പോള്‍ വോട്ടര്‍മാരെ സ്വാധീനിക്കുക. അതുകൊണ്ട് തന്നെ വരും മാസങ്ങളിലെ ചെറിയ കാറ്റിനു പോലും വലിയ കൊടുങ്കാറ്റാകാനുള്ള ശക്തിയുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here