ആന്ത്രോത്ത്: പാർലമെന്റ് മെമ്പറുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലക്ഷദ്വീപിലെ മുഴുവൻ +1,+2 വിദ്യാർത്ഥികൾക്കും ലഭ്യമാക്കിയ ടാബുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ഉണ്ടായ ആശങ്കകൾ പരിഹരിക്കുമെന്ന് ലക്ഷദ്വീപ് എം.പി. പി.പി.മുഹമ്മദ് ഫൈസൽ പറഞ്ഞു. ടാബുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ വിദ്യാർത്ഥികൾ ടാബിന്റെ വിലയായ 12000 രൂപ വിദ്യാഭ്യാസ വകുപ്പിലേക്ക് തിരിച്ചടക്കണം, അല്ലാത്തപക്ഷം ടി.സി നൽകുകയില്ല തുടങ്ങിയ നിബന്ധനകൾ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബുസർ ജംഹർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നുണ്ട്. മുമ്പ് പി.പൂക്കുഞ്ഞിക്കോയ എം.പി ആയിരിക്കെ അമിനിയിലെ സ്കൂളിലേക്ക് നൽകിയ കംപ്യൂട്ടറുകൾ ചില വിദ്യാർത്ഥികൾ അടിച്ചു തകർത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പ് കർശനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. എന്നാൽ ടി.സി നൽകുകയില്ല, പണം തിരിച്ചടക്കണം തുടങ്ങിയ നിബന്ധനകൾ സർക്കുലറിൽ നിന്നും നീക്കം ചെയ്യണമെന്ന് താൻ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി.പി മുഹമ്മദ് ഫൈസൽ പറഞ്ഞു. ആന്ത്രോത്ത് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ടാബുകൾ നൽകുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം സാങ്കേതിക വിദ്യയിൽ കുതിച്ചു ചാട്ടം നടത്തുമ്പോൾ നമ്മുടെ വിദ്യാർത്ഥികൾ ഇനിയും പിറകോട്ടടിക്കാൻ പാടില്ല. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ സാധാരണക്കാരായ കുട്ടികൾ പഠന രംഗത്ത് വലിയ മുന്നേറ്റം നടത്തുകയാണ്. അവർക്ക് വേണ്ട സാങ്കേതിക പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അത്യാധുനിക നിലവാരത്തിലുള്ള സ്മാർട്ട് ക്ലാസ് റൂമുകളും ടാബ്ലറ്റ് കംപ്യൂട്ടർ പോലുള്ള സാങ്കേതിക ഉപകരണങ്ങളും ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും ലഭ്യമാക്കാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ട് എന്നും, ഇനി സാധാരണക്കാരന്റെ കുട്ടികളും ലോകത്തോട് മത്സരിച്ച് ലോകം കീഴടക്കട്ടെ എന്ന് ആശംസിക്കുന്നതായും മുഹമ്മദ് ഫൈസൽ പറഞ്ഞു.
വേദിയിൽ സംസാരിച്ച സ്കൂൾ കോംപ്ളക്സ് പ്രിൻസിപ്പൽ സി.പി.ഖലീൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് ഹൃദ്യമായ അഭിനന്ദനങ്ങൾ അറിയിച്ചു. ഇതുപോലുള്ള ചരിത്രപരമായ വികസനങ്ങൾ കാഴ്ചവെക്കുവാൻ ഫൈസലിന് ഇനിയും സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ആദ്യ ടാബ്ലറ്റ് കംപ്യൂട്ടർ എം.പി മുഹമ്മദ് ഫൈസൽ വിതരണം ചെയ്തു. പിന്നീട്, ജില്ലാ പഞ്ചായത്ത് അംഗം എം.കെ.മുഹമ്മദ് ജലാലുദ്ദീൻ (ഉവ്വവ്വ), വി.ഡി.പി മെമ്പർമാരായ കുന്നേൽ ഹുസൈൻ, എ.ബി.അൻവർ ഹുസൈൻ, എസ്.എം.സി ചെയർമാൻ യു.കെ.മുഹമ്മദ് റഫീഖ്, മറ്റ് അദ്യാപന്മാർ തുടങ്ങിയവർ ടാബുകൾ വിതരണം ചെയ്തു.
സ്കൂൾ കോംപ്ളക്സ് അസിസ്റ്റന്റ് ഹെഡ്മിസ്റ്റ്രസ് ശ്രീമതി.ഹസീനാ ടീച്ചർ, മുതിർന്ന അദ്യാപനായ ഡോ.ജോണി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക