കലാലയങ്ങളിലേക്ക് എൽ.എസ്.എ; കൊച്ചിയിൽ പ്രൗഡോജ്ജ്വല തുടക്കം

0
779

കൊച്ചി: ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന “കലാലയങ്ങളിലേക്ക് എൽ.എസ്.എ” എന്ന കാമ്പയിനിന് കൊച്ചിയിൽ പ്രൗഡോജ്ജ്വലമായ തുടക്കമായി. കഴിഞ്ഞ ഞായറാഴ്ച എറണാകുളം അദ്ധ്യാപക് ഭവനിൽ നടന്ന ചടങ്ങിൽ മുൻ എൽ.എസ്.എ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ആച്ചാമ്മാട മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു.

വൻകരയിലെ ക്യാമ്പസുകളിൽ പഠിക്കുന്ന ലക്ഷദ്വീപ് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുന്നതിനും, വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി എൽ.എസ്.എ എല്ലാ വർഷവും സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഈ വർഷത്തെ ഔദ്യോഗിക ഉദ്ഘാടനമാണ് കൊച്ചിയിൽ നടന്നത്.

എൽ.എസ്.എ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് യാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മുൻ എൽ.എസ്.എ പ്രസിഡന്റും പ്രമുഖ രാഷ്ട്രീയ നിരീക്ഷകനുമായ സൈദ് ഹാമിദ് ചെറിയകോയ മുഖ്യപ്രഭാഷണം നടത്തി. ഡോ.കെ.കെ മുഹമ്മദ് കോയ പകർന്നു നൽകിയ ആദർശത്തിൽ ഉറച്ചു നിന്നു കൊണ്ട് വിദ്യാർത്ഥികൾക്ക് വേണ്ടി കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് വേണ്ടി സമരമുഖത്തേക്ക് മുന്നിട്ടിറങ്ങുമ്പോൾ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വരും. അത്തരം വെല്ലുവിളികളെ സധൈര്യമായി നേരിടണം. ആരുടെയും ഭീഷണികൾക്കോ പ്രലോഭനങ്ങൾക്കോ വഴിപ്പെട്ട് നമ്മുടെ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടരുത്. വിദ്യാർത്ഥി ക്ഷേമത്തിനൊപ്പം സമൂഹ നന്മക്ക് വേണ്ടിയും ശക്തമായ ഇടപെടലുകൾ നടത്തുവാൻ എൽ.എസ്.എക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

മുൻ എൽ.എസ്.എ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.സാലിഹ് മുഖ്യാതിഥിയായിരുന്നു. കേരളാ വിദ്യാർത്ഥിപക്ഷം സംസ്ഥാന പ്രസിഡന്റ് ശ്രീ.അഖിൽ മാടക്കൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

എൽ.എസ്.എ കേന്ദ്ര കമ്മിറ്റിയിലെ ഒഴിവുകളിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പെൺകുട്ടികൾക്കായി “വുമൺസ് വിങ്ങ്” രൂപീകരിച്ചു. എൽ.എസ്.എ കേന്ദ്ര കമ്മിറ്റിയുടെ കീഴിലുള്ള ബ്ലഡ് ഡോണേഴ്സ് ഫോറം, വാസിഫ് ക്യാൻസർ റിലീഫ് ഫോറം, സ്കോളർഷിപ്പ് സെൽ തുടങ്ങിയ കമ്മിറ്റികളിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്യാമ്പസുകളിൽ റാഗിംഗ് തടയുന്നതിനായി “ആന്റി റാഗിംഗ് സെൽ” പുതുതായി രൂപീകരിച്ചു. എൽ.എസ്.എ കേന്ദ്ര കമ്മിറ്റി സെക്രട്ടറി ശ്രീ.മുഹമ്മദ് ആഷിഖ് സ്വാഗതവും ട്രഷറർ ശ്രീ.ദിൽബർ നന്ദിയും പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here