കവരത്തി: രാജ്യത്തിന്റെ 73-ആമത് സ്വാതന്ത്ര്യദിനം ലക്ഷദ്വീപിലും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തലസ്ഥാന ദ്വീപായ കവരത്തി സ്കൂൾ സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ ശ്രീ.ആർ.മിഹിർ വർധൻ ഐ.എ.എസ് ദേശീയ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്തു. ഇന്ത്യൻ റിസർവ് ബെറ്റാലിയൻ സബ് ഇൻസ്പെക്ടർ ബിജു.കെ.നമ്പ്യാർ നയിച്ച പരേഡിൽ പരേഡിൽ പ്ലാറ്റുണുകൾ അണിനിരന്നു.

ലക്ഷദ്വീപ് എം.പി ശ്രീ.മുഹമ്മദ് ഫൈസൽ, ചീഫ് കൗൺസിലർ ശ്രീ.ബി.ഹസ്സൻ, കവരത്തി പഞ്ചായത്ത് ചെയർപേഴ്സൺ ടി.അബ്ദുൽ ഖാദർ, പഞ്ചായത്ത് മെമ്പർമാർ, സൈനിക ഉദ്യോഗസ്ഥർ, അഡ്മിനിസ്ട്രേറ്റീവ് ഉന്നത ഉദ്യോഗസ്ഥൻമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിതികൾ, നാട്ടുകാർ എന്നിവരുടെ സജീവ സാന്നിദ്ധ്യത്തിലായിരുന്നു അഘോഷ പരിപാടികൾ അരങ്ങേറിയത്.

കഴിഞ്ഞ വർഷം ഉന്നത മാർക്കുകൾ നേടിയ വിദ്യാത്ഥികൾക്കും വ്യത്യസ്ഥ മേഖലകളിൽ മികവ് തെളിയച്ചവർക്കുമുള്ള അവാർഡ് ദാനം അഡ്മിനിസ്ട്രേറ്റർ നിർവ്വഹിച്ചു. മറ്റ് 9 ദ്വീപുകളിലും സ്ഥലത്തെ സബ് ഡിവിഷണൽ ഓഫീസർമാർ/ ഡപ്യൂട്ടി കളക്ടർമാർ ദേശീയപതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്തു. കൊച്ചിയിലെ പാസഞ്ചർ ടെർമിനലിൽ നടന്ന ചടങ്ങിൽ സി.ഐ.എസ്.എഫ് ഉൾപ്പെടെയുള്ള സേനാംഗങ്ങൾ അണിനിരന്നു.

ലക്ഷദ്വീപിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ക്യാൻസർ രോഗികൾക്കായി സജ്ജമായ പുതിയ ഡെ കെയർ കീമോ സെന്ററും ലക്ഷദ്വീപിലെ നാടൻ ഔഷധചെടികൾ സംരക്ഷിക്കുന്നതിനായി 5500 ചതുരശ്ര മീറ്റർ പ്രദേശത്ത് തയ്യാറാക്കിയ ഔഷധ സസ്യോദ്ധാന വ്യാഖ്യാനകേന്ദ്രവും അഡ്മിനിസ്ട്രേറ്റർ ശ്രി.മിഹിർ വർധൻ ഉദ്ഘാടനം ചെയ്തു.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക