ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് ഉറപ്പ്. കളക്ടർ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ സമരപ്പന്തലിൽ എത്തി. സി.പി.ഐ നിരാഹാര സമരം അവസാനിപ്പിച്ചു.

0
1517

കവരത്തി: കഴിഞ്ഞ ജൂലൈ മാസം 21-ന് ആന്ത്രോത്ത് ദ്വീപിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ നാല് പേരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ട് സി.പി.ഐ ലക്ഷദ്വീപ് ഘടകം സെക്രട്ടറി സഖാവ് സി.ടി നജ്മുദ്ധീന്റെ നേതൃത്വത്തിൽ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ലക്ഷദ്വീപ് ജില്ലാ കളക്ടർ ശ്രീ.വിജേന്ത്ര സിംഗ് റാവത്ത് ഐ.എ.എസ് ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ സമരപ്പന്തലിൽ എത്തി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ആഗസ്റ്റ് മാസം 27-ന് തുടങ്ങിയ നിരാഹാര സമരം ഇന്നലെ വൈകുന്നേരമാണ് അവസാനിപ്പിച്ചത്. നീണ്ട 19 ദിവസത്തെ നിരാഹാര സമരം വിജയം കാണുമ്പോൾ സഖാവ് സി.ടിയും സി.പി.ഐയും ലക്ഷദ്വീപിൽ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്.

കാണാതായ മത്സ്യത്തൊഴിലാളികൾ രണ്ടു വീതം കുടുംബങ്ങളുടെ ഭാരം പേറുന്നവരായിരുന്നു. അവരുടെ അഭാവം മൂലമുണ്ടായ വിടവ് നികത്താൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നൽകിയ ഒരു ലക്ഷം രൂപയുടെ ദുരിതാശ്വാസ തുക പര്യാപ്തമല്ല. അതുകൊണ്ട് തന്നെ അവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം നൽകുക, കുടുംബത്തിലെ ഒരു അടുത്ത ബന്ധുവിന് സർക്കാർ തലത്തിൽ നിയമനം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി.പി.ഐ ലക്ഷദ്വീപ് ഘടകം സെക്രട്ടറി സഖാവ് സി.ടി.നജ്മുദ്ധീന്റെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചത്. സമരം പതിനഞ്ച് ദിവസം പിന്നിടുമ്പോൾ ‘ദ്വീപ് മലയാളി’ വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയോട് സാമൂഹിക മാധ്യമങ്ങൾ വഴി ഒരുപാട് പേർ അനുകൂലമായി പ്രതികരിച്ചു. ലക്ഷദ്വീപിലെ വിവിധ മേഖലകളിലുള്ളവർ സമരത്തിന് അവരുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചു. കവരത്തിയിലെ സമരത്തിന് പിന്തുണയുമായി ആന്ത്രോത്ത് ദ്വീപിലും ഇന്നലെ നിരാഹാര സമരം ആരംഭിച്ചിരുന്നു. കൽപ്പേനി, കിൽത്താൻ ദ്വീപുകളിലും സി.പി.ഐ ഇന്ന് മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു.

www.dweepmalayali.com

നിരാഹാരമിരിക്കുന്ന സഖാക്കളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സഖാവ് ഡി.രാജ എം.പി, സഖാവ് ബിനോയ് വിശ്വം എം.പി തുടങ്ങിയ സി.പി.ഐയുടെ ദേശീയ നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ.രാജ്നാഥ് സിംഗിനെ കണ്ടിരുന്നു. ലക്ഷദ്വീപിലെ മുതിർന്ന ഉദ്യോഗസ്ഥരെ മന്ത്രി നേരിട്ട് വിളിക്കുകയും സമരം അവസാനിപ്പിക്കുന്നതിന് വേണ്ട നടപടികൾ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് കളക്ടറുടെ നിർദേശ പ്രകാരം കവരത്തി ഡപ്യൂട്ടി കളക്ടർ ടി. കാസിം കഴിഞ്ഞ ദിവസം സമരപന്തലിൽ എത്തി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. നിരാഹാരമിരിക്കുന്ന സഖാവ് സി.ടി നജ്മുദ്ധീനും, സി.പി.ഐ കവരത്തി യൂണിറ്റ് സെക്രട്ടറി സഖാവ് സൈതലി ബിരിയക്കലും അവരുടെ ആവശ്യങ്ങൾ ഡെപ്യൂട്ടി കളക്ടറെ ബോധ്യപ്പെടുത്തിയിരുന്നു. അഡ്മിനിസ്ട്രേഷൻ തലത്തിൽ ഈ ആവശ്യങ്ങൾ ചർച്ച ചെയ്തതിന് ശേഷം വിവരങ്ങൾ അറിയിക്കാം എന്ന് പറഞ്ഞാണ് ഡെപ്യൂട്ടി കളക്ടർ മടങ്ങിയത്.

അതിനിടെ ഇന്നലെ ഉച്ചയോടെ സഖാവ് ബിനോയ് വിശ്വം എം.പി വീണ്ടും ആഭ്യന്തര മന്ത്രി ശ്രീ.രാജ്നാഥ് സിംഗിനെ നേരിൽ കണ്ട് കാര്യങ്ങളുടെ ഗൗരവം അദ്ദേഹത്തെ ബോധ്യപ്പെടുത്തി. തുടർന്ന് മന്ത്രി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാനുമായി ഫോണിൽ വിളിച്ച് സംസാരിച്ചു. അഡ്മിനിസ്ട്രേറ്റർ നിർദേശിച്ചതിനെ തുടർന്ന് സമരപന്തലിൽ എത്തിയ ലക്ഷദ്വീപ് കളക്ടർ ശ്രീ.വിജേന്ത്ര സിംഗ് റാവത്ത് ഐ.എ.എസ്, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്‌ടാവായ ശ്രീ.വിവേക് പാണ്ഡെ ഐ.എ.എസ്, ഡെപ്യൂട്ടി കളക്ടർ ടി. കാസിം, അക്കൗണ്ട്സ് ഓഫീസർ തുടങ്ങിയവർ സമര നേതാക്കളുമായി ചർച്ച നടത്തി. സമര നേതാക്കളുടെ ആവശ്യം അംഗീകരിക്കുന്നു എന്നും, അഡ്മിനിസ്ട്രേറ്റർ സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹം കൂടി വന്നതിന് ശേഷം വിശദമായ ചർച്ച നടത്താമെന്നും, നിരാഹാര സമരം അവസാനിപ്പിച്ച് കൊണ്ട് സഹകരിക്കണം എന്നും കളക്ടർ ഉൾപ്പെടെ ആവശ്യപ്പെട്ടതിനെ തുടർന്ന് സമരം അവസാനിപ്പിച്ചതായി സഖാവ് സി.ടി ‘ദ്വീപ് മലയാളി’യോട് പറഞ്ഞു. ഈ വിഷയത്തിൽ അഡ്മിനിസ്ട്രേഷന്റെ ഭാഗത്തുനിന്ന് കാലതാമസം ഉണ്ടായാൽ കൂടുതൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here