കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിലെ വിവിധ വകുപ്പുകളിലേക്ക് കോൺഗ്രസ് നൽകിയ നിവേദനങ്ങൾ പരിഗണിക്കുന്നതിൽ അഡ്മിനിസ്ട്രേഷൻ തലത്തിൽ കാലതാമസം എടുക്കുന്നതിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് കോൺഗ്രസ് മൈൻലാന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചി ലക്ഷദ്വീപ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ.അലി അക്ബർ ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ജനദ്രോഹ നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ലക്ഷദ്വീപ് കോൺഗ്രസ് മൈൻലാന്റ് കമ്മിറ്റി പ്രസിഡന്റ് ശ്രീ.ഷാഹുൽ ഹമീദ്, ജന: സെക്രട്ടറി ശ്രീ.അബ്ദുൽ സലാം എന്നിവർ കൊച്ചിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ.രാജീവ് രഞ്ചനുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള മെമ്മോറാണ്ടം അദ്ദേഹത്തിന് കൈമാറി.
കേന്ദ്ര സർക്കാർ നിർദേശിക്കുന്ന മിനിമം വേതനം ലക്ഷദ്വീപിൽ നടപ്പാക്കുക, വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുക, പ്രോവിഡന്റ്-ഗ്രാറ്റുവിറ്റി അനുവദിക്കുക, അർഹരായ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സ്പോർട്സിലെ ബോണ്ട് സമ്പ്രദായം നിർത്തലാക്കുക, ഫെഡറേഷൻ സംഭരിച്ച മാസ്സിന്റെ ബാക്കി തുക അടിയന്തിരമായി മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യുക, എൽ.സി.എം.എഫിനെ പിരിച്ചു വിടുക, മാസ് സംഭരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ 13 മുഖ്യമായ ആവശ്യങ്ങളാണ് മെമ്മോറാണ്ടത്തിൽ ഉന്നയിച്ചിരിക്കുന്നത്.
“ആവശ്യങ്ങൾ അടിയന്തിരമായി പരിഗണിക്കണം. ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിക്കണം. ഇത് വെറും ഒരു സൂചനയാണ്. കോൺഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറായില്ലെങ്കിൽ ലക്ഷദ്വീപിലെ മുഴുവൻ ദ്വീപുകളിലും ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും” മെമ്മോറാണ്ടത്തിൽ പറയുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
എന്ത് കൊണ്ടാണ് IGH കവരത്തിയിലെ nurses problems കൊടുക്കാത്തത്