കവരത്തി: ഇലക്ട്രിസിറ്റി നിരക്ക് വർധനക്കായി പുതിയ നിർദേശം സമർപ്പിച്ച സാഹചര്യത്തിൽ ഗോവയുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചുമതലയുള്ള ജോയിന്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ ലക്ഷദ്വീപിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ഉപഭോക്താക്കളുടെ പ്രതിനിധികളുമായും ചർച്ച നടത്തി. ഓരോ വർഷവും ഇലക്ട്രിസിറ്റി നിരക്കുകളിൽ മാറ്റം വരുത്തുന്നതിന് ഉത്തരവാദിത്വപ്പെട്ട ബോഡിയാണ് ജോയിന്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ. വീഡിയോ കോൺഫറൻസായി നടന്ന ചർച്ചയിൽ ഇലക്ട്രിസിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ.പി.വി ഹസൻ, മറ്റു ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹസൻ ബഡുമുക്കാഗോത്തി, കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീ.ടി.അബ്ദുൽ ഖാദർ, ശ്രീ.ആച്ചാട അഹ്മദ് ഹാജി, ശ്രീ.മിസ്ബാഹ്.എ, ശ്രീ.പി.മുഹ്സിൻ, ശ്രീ.മുനീർ.എം.പി, ശ്രീ.കോമളം കോയ, എസ്.എൽ.എഫ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പങ്കെടുത്ത എല്ലാവരും ഒറ്റക്കെട്ടായി ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക് വർധനയെ എതിർത്തു. ഇലക്ട്രിസിറ്റി വകുപ്പ് സ്വകാര്യവൽക്കരണത്തിനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ശ്രമവും എല്ലാവരും ഒറ്റക്കെട്ടായി എതിർത്തു. ലൈറ്റ് ഹൗസുകളിൽ നിന്നും കേന്ദ്ര സർക്കാരിന് ലഭിക്കുന്ന ഭീമമായ വരുമാനം കണക്കിലെടുത്ത് ലക്ഷദ്വീപിലെ മുഴുവൻ ഗാർഹിക ഉപഭോക്താക്കൾക്കും സൗജന്യമായി ഇലക്ട്രിസിറ്റി നൽകണമെന്ന് ചർച്ചയിൽ ആവശ്യമുയർന്നു.

നിലവിൽ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഇലക്ട്രിസിറ്റി സൗജന്യമായി നൽകിവരുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ ഏതെങ്കിലും ജനവിഭാഗങ്ങൾ സൗജന്യ ഇലക്ട്രിസിറ്റി ലഭിക്കുന്നതിന് അർഹരാണെങ്കിൽ അതിൽ ഒന്നാമത് പരിഗണിക്കേണ്ടത് ലക്ഷദ്വീപിനെയാണെന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ശ്രീ.എ.മിസ്ബാഹ് പറഞ്ഞു. ലൈറ്റ് ഹൗസുകളിൽ നിന്നും കേന്ദ്ര സർക്കാരിന് ലഭിക്കുന്ന ഭീമമായ വരുമാനത്തിന്റെ വിഹിതം ലക്ഷദ്വീപുകാർക്ക് കൂടി നൽകണമെന്ന ആവശ്യം ആദ്യമായാണ് ഉന്നയിക്കുന്നതെന്ന് ശ്രീ.മിസ്ബാഹ് ദ്വീപ് മലയാളിയോട് പറഞ്ഞു. ആശാവഹമായ ചർച്ചയാണ് നടന്നതെന്നും അനുകൂലമായ തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക