റിപ്പോർട്ട്: തംജീ ആന്ത്രോത്ത്
ലക്ഷദ്വീപിലെ പ്രാദേശിക ഭാഷയായ ‘ജസരിയിൽ‘ പൂർണമായി ചിത്രീകരിച്ച ”സിഞ്ചാർ’ എന്ന ചലച്ചിത്രത്തിന് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. ആദ്യമായാണ് ഒരു സിനിമ പൂർണമായി ദ്വീപ് ഭാഷയിൽ നിർമ്മിക്കുന്നത്. നേരത്തെ മലയാളത്തിൽ ചിത്രീകരിച്ച അനാർക്കലി എന്ന ചിത്രത്തിൽ ജസരി ഭാഷ ഉപയോഗിച്ചിരുന്നു. ജസരിയുടെ അഭിമാനം ഉയർത്തിയ മികച്ച ചിത്രം, മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി അവാർഡ് എന്നീ ദേശീയ പുരസ്കാരങ്ങൾ സിഞ്ചാർ സ്വന്തമാക്കി.
www.dweepmalayali.com
ഷോർട്ട് ഫിലിം രംഗത്ത് ഒരുപാട് നല്ല സംഭാവനകൾ സമ്മാനിച്ച സന്തീപ് പാമ്പള്ളി സംവിധാനം ചെയ്ത ആദ്യ കഥാചിത്രമാണ് സഞ്ചാർ. തന്റെ ആദ്യ ചിത്രത്തിൽ മാതൃഭാഷയായ മലയാളത്തിന് പകരം മലയാളത്തോട് ഏറെ ചേർന്ന് നിൽക്കുന്ന ‘ജസരി’ അഥവാ ദ്വീപ് ഭാഷ തിരഞ്ഞെടുക്കുകയായിരുന്നു. “ജസരിയിൽ ഒരു മുഴുനീള ചിത്രം പൂർത്തീകരിക്കുന്നതിന്റെ പരിമിതികളും വെല്ലുവിളികളും ഏറെയായിരുന്നു. എന്നാൽ ചിത്രം പൂർത്തീകരിക്കാനായാൽ അത് എല്ലാവരാലും ശ്രദ്ധിക്കപ്പെടുമെന്ന ആത്മവിശ്വാസമാണ് ഞങ്ങൾക്ക് പ്രചോദനമായത്. ഞങ്ങൾ നല്ല ഉദ്ദേശത്തോടെയാണ് സിഞ്ചാർ നിർമ്മിച്ചത്. എവിടെയെങ്കിലും ഈ സിനിമ അടയാളപ്പെടുത്തപ്പെടുമെന്ന് അറിയാമായിരുന്നു. എന്നാൽ ദേശീയ പുരസ്കാരങ്ങൾ തികച്ചും അപ്രതീക്ഷിതമാണ്. വലിയ അംഗീകാരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും” സംവിധായകൻ സന്തീപ് പാമ്പള്ളി പറഞ്ഞു.
ഐ.എസ് ഭീകരർ ഇറാഖിൽ ആയിരക്കണക്കിന് യസീദികളെ കൊന്നൊടുക്കിയ 2014-ലെ സിഞ്ചാർ കൂട്ടക്കൊലയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിഞ്ചാർ കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട് സ്വന്തം നാടായ ലക്ഷദ്വീപിൽ തിരിച്ചെത്തുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് സിനിമയുടെ പശ്ചാത്തലം. മലയാളത്തിലെ പ്രമുഖ താരങ്ങളായ ഷ്രിൻട അർഹാൻ, മൈഥിലി, മുസ്തഫ, സേതുലക്ഷ്മി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
സിനിമാ രംഗത്ത് സജീവമാവുന്നതിന് മുമ്പ് മാതൃഭൂമി ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിൽ പത്രപ്രവർത്തകനായിരുന്നപ്പോൾ ലഭിച്ച പ്രവൃത്തിപരിചയമാണ് സന്തീപ് പാമ്പള്ളിയെ സിഞ്ചാർ പോലൊരു സിനിമ സംവിധാനം ചെയ്യുന്നതിന് പ്രാപ്തനാക്കിയത്.
“സിഞ്ചാർ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട വാർത്തകൾ ഞാൻ സ്ഥിരമായി കാണാറുണ്ടായിരുന്നു. ഒരുപാട് യസീദി സ്ത്രീകളെ ഐ.എസുകാർ തടവിലാക്കുകയും മൃഗീയമായി പീഡിപ്പിക്കുകയും ചെയ്തു. ഏഴു മാസത്തെ തടങ്കലിൽ നിന്ന് രക്ഷപ്പെട്ട ചില യസീദി സ്ത്രീകൾ അവരുടെ അനുഭവങ്ങൾ അന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയുണ്ടായി. സിഞ്ചാറിന്റെ പ്രമേയം “സമാധാനം” ആണ്. ലോകത്തിലെ സമാധാനം ഇല്ലാതാക്കുന്ന ഐ.എസ് അടക്കമുള്ള ലോക ഭീകരർ സിനിമയിൽ കടന്നു വരുന്നത് അത് കൊണ്ടാണ്. സിനിമയുടെ മറ്റൊരു മുഖ്യ ഘടകം ലക്ഷദ്വീപാണ്. ഐ.എസ് തീവ്രവാദിയുടെ കുഞ്ഞിനെ ഗർഭം ധരിക്കുന്ന ഒരു സ്ത്രീ, അവൾക്ക് ലോകത്തിന് മുന്നിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ തുടങ്ങിയവ സിനിമയിൽ കടന്നു വരുന്നുണ്ടെന്ന്” സംവിധായകൻ പറഞ്ഞു.
സന്തീപ് പാമ്പള്ളി 2015-ലാണ് ആദ്യമായി ലക്ഷദ്വീപ് സന്ദർശിക്കുന്നത്. അന്ന് കവരത്തിയിൽ വെച്ച് ഒരു ഷോർട്ട് ഫിലിം ചിത്രീകരിച്ചിരുന്നു. ഇവിടുത്തുകാരുടെ ലാളിത്യവും ജസരി ഭാഷയും തന്നെ ഏറെ ആകർഷിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
ഒരു വർഷത്തിലേറെ ലക്ഷദ്വീപിൽ താമസിച്ചാണ് അദ്ദേഹം ജസരി ഭാഷ പഠിച്ചത്. മൂന്ന് വർഷം കൊണ്ട് പൂർത്തീകരിച്ച തിരക്കഥയിലെ സംഭാഷണങ്ങൾ ദ്വീപുകാരായ കലാകാരൻമാരുടെ സഹായത്തോടെ ജസരി ഭാഷിലേക്ക് വിവർത്തനം ചെയ്തു. മുഴുവൻ ചിത്രീകരണവും പതിനാറ് ദിവസം കൊണ്ട് പൂർത്തീകരിച്ചു. അടുത്ത് തന്നെ സിഞ്ചാർ പ്രദർശനത്തിനായി തിയറ്ററുകളിൽ എത്തും.
നവമാധ്യമങ്ങളിലൂടെ
മോഹൻ ലാൽ ഉൾപ്പെടെ സിനിമാരംഗത്തെ പ്രമുഖർ സിഞ്ചാർ ടീമിന് അഭിനന്ദനങ്ങൾ നേർന്നു.
“ലക്ഷദ്വീപ് ഒരു സ്വർഗ്ഗമാണ്. ഇവിടെ നിങ്ങൾക്ക് ആഡംബര ജീവിതം ലഭിക്കില്ലായിരിക്കാം. പക്ഷെ, ഇവിടുത്തെ മനുഷ്യർ നമ്മോട് കാണിക്കുന്ന സ്നേഹവും അവരുടെ ലാളിത്യവും വളരെ അത്ഭുതകരമാണ്. ഇവിടെ കുറ്റകൃത്യങ്ങളോ അക്രമങ്ങളോ ഇല്ല. ഇവിടെയുള്ളത് സ്നേഹവും സമാധാനവും മാത്രമാണ്. ദ്വീപിന്റെ ചിത്രം എന്നുള്ളത് കൊണ്ട് സിഞ്ചാറിലും കൂടുതൽ അക്രമ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ലക്ഷദ്വീപ് ഒരു വിസ്മയമാണ്.” സന്തീപ് പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക