റൂഹെ റമസാന്‍: മര്‍കസ് റമസാന്‍ കാമ്പയിന് തുടക്കമായി

0
1118
www.dweepmalayali.com

കോഴിക്കോട്: ഒരു മാസം നീണ്ടു നില്‍ക്കുന്ന ‘റൂഹെ റമസാന്‍’: മര്‍കസ് കാമ്പയിന് തുടക്കമായി. റമസാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ വ്യത്യസ്തമായ ആത്മീയ, ജീവകാരുണ്യ പദ്ധതികള്‍ കാമ്പയ്‌നിന്റെ ഭാഗമായി നടക്കും. ഇന്ത്യയിലെ ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസിന്റെ വിവിധ സ്ഥാപങ്ങളിലും കാമ്പയ്ന്‍ പ്രകാരമുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കും. കാമ്പയ്‌നിന്റെ ഭാഗമായി മെയ് 22 ചൊവ്വ മുതല്‍ 27 ഞായര്‍ വരെ സി മുഹമ്മദ് ഫൈസിയുടെ ഖുര്‍ആന്‍ പ്രഭാഷണം മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ 9.30നു ആരംഭിക്കുന്ന പരിപാടിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
റമളാന്‍ ഒന്ന് മുതല്‍ മര്‍കസ് കാമ്പസില്‍ യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വിപുലമായ നോമ്പുതുറ ഒരുക്കും. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ അനാഥ അഗതി വിദ്യാര്‍ത്ഥികളുടെ നോമ്പ് തുറയും മര്‍കസ് സജ്ജമാക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍, വിവിധ കാമ്പസ് ഹോസ്റ്റലുകളില്‍ പഠിക്കുന്നവര്‍ തുടങ്ങിയവര്‍ക്കും മര്‍കസില്‍ നടക്കുന്ന ഇഫ്താറില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും . ഇന്ത്യയുടെ പലഭാഗങ്ങളിലും പാവങ്ങളും ദുര്‍ബലരുമായ മുസ്ലിംകള്‍ അധിവസിക്കുന്ന ഇടങ്ങളിലും മര്‍കസ് ഇഫ്താര്‍ സൗകര്യവും ബോധവത്കരണാര്‍ത്ഥമുള്ള വിവിധ പദ്ധതികളും നടപ്പിലാക്കും.


റമളാന്‍ ഇരുപത്തിയഞ്ചാം രാവായ ജൂണ്‍ 9നു നടക്കുന്ന മര്‍കസ് ആത്മീയ സമ്മേളനം പതിനായിരങ്ങള്‍ പങ്കെടുക്കുന്ന വേദിയായി മാറും. ചടങ്ങില്‍ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ വാര്‍ഷിക റമളാന്‍ പ്രഭാഷണവും നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള വിശ്വാസികള്‍ പങ്കെടുക്കും. പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും നേതൃത്വം നല്‍കും.
വിശുദ്ധ ഖുര്‍ആനിന്റെ പഠനവും പാരായണവുമായി ബന്ധപ്പെട്ടു വ്യത്യസ്ത പരിപാടികളും റമളാനില്‍ മര്‍കസില്‍ ഒരുക്കിയിട്ടുണ്ട്. മെയ് 19 മുതല്‍ 31 വരെ എല്ലാ ദിവസവും സുബ്ഹിക്കും ളുഹ്‌റിനും ശേഷം മര്‍കസ് മസ്ജിദുല്‍ ഹാമിലിയില്‍ ഖുര്‍ആന്‍ പാരായണ പഠന ക്ലാസ് നടക്കും. എല്ലാ ശനിയാഴ്ചയും രാവിലെ 9.30 മുതല്‍ മര്‍കസ് സൈത്തൂന്‍ വാലി കാമ്പസില്‍ സ്ത്രീകള്‍ക്കുള്ള ഖുര്‍ആന്‍ വിശദീകരണ, പാരായണ പഠനക്ലാസും സംഘടിപ്പിക്കും. എല്ലാ ഞായറാഴ്ചകളിലും സുബ്ഹിക്ക് ശേഷം പുരുഷന്മാര്‍ക്കുള്ള പ്രത്യേക പഠനക്ലാസും നടക്കും. ജൂണ്‍ ഒന്നിന് ബദര്‍ ദിനത്തില്‍ ശുഹദാക്കളെ അനുസ്മരിക്കുന്ന പ്രത്യേക സംഗമവും മൗലിദ് പാരായണവും പ്രാര്‍ത്ഥനയും മര്‍കസ് കാമ്പസ് മസ്ജിദില്‍ നടക്കും. അവസാന പത്തിലെ ഒറ്റയിട്ട രാവുകളില്‍ പ്രമുഖ പണ്ഡിതരുടെ നേതൃത്വത്തില്‍ ഇഹ്തികാഫ് ജല്‍സയും പ്രാര്‍ത്ഥനയും നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ റമളാനില്‍ മര്‍കസിന്റെ കീഴില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
റൂഹെ റമളാന്‍ പദ്ധതികളുടെ നടത്തിപ്പിന് സ്വാഗത സംഘം കമ്മറ്റിയെ തെരെഞ്ഞെടുത്തു: അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം(ചെയര്‍മാന്‍) പ്രഫ. എ.കെ അബ്ദുല്‍ ഹമീദ്, എ.സി കോയ മുസ്‌ലിയാര്‍( വൈസ് ചെയര്‍മാന്‍) മുഹമ്മദലി സഖാഫി വെള്ളിയാട്( ജനറല്‍ കണ്‍വീനര്‍), യൂസുഫ് ഹൈദര്‍, അബൂബക്കര്‍ ഹാജി കിഴക്കോത്ത്(കണ്‍വീനര്‍), ലത്തീഫ് സഖാഫി പെരുമുഖം(കോഡിനേറ്റര്‍), ശംസുദ്ധീന്‍ മാവൂര്‍(ഓഫീസ്), ആലി ഹാജി, റശീദ് സഖാഫി(പ്രഭാഷണ ചുമതല), ഉമര്‍ ഹാജി മണ്ടാളില്‍, ഉമര്‍ ഹാജി പാടാളില്‍, ഉമര്‍ നവാസ് ഹാജി, ഉസ്മാന്‍ സഖാഫി(ഇഫ്താര്‍) അലി മാസ്റ്റര്‍, നദീര്‍ നൂറാനി(ഖുര്‍ആന്‍ പഠനം), അക്ബര്‍ ബാദുഷ സഖാഫി, ഷമീം( ആത്മീയ സമ്മേളനം)മ ൂസ ഹാജി, സിദ്ധീഖ് ഹാജി(ബദര്‍ അനുസ്മരണം) ലുഖ്മാന്‍ സഖാഫി, പി.ടി മുഹമ്മദ്, ഇര്‍ഫാന്‍(മീഡിയ), ഇസ്സുദ്ധീന്‍ സഖാഫി, കുട്ടി നടുവട്ടം(ഖുര്‍ആന്‍ പാരായണ ക്ലാസ്).
കാമ്പയിന്‍ പ്രഖ്യാപന സംഗമം മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ജസീല്‍ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ലത്തീഫ് സഖാഫി പെരുമുഖം, ആലി ഹാജി, ഉമര്‍ ഹാജി മണ്ടാള്‍, കുഞ്ഞുട്ടി മാസ്റ്റര്‍, മൂസ്സ ഹാജി , വി എം റഷീദ് സഖാഫി, അബൂബക്കര്‍ ഹാജി കിഴക്കോത്ത് എന്നിവര്‍ പ്രസംഗിച്ചു.അക്ബര്‍ ബാദുഷ സഖാഫി സ്വാഗതവും ശംസുദ്ധീന്‍ പെരുവയല്‍ നന്ദിയും പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here