കവരത്തി: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എഡ് സെന്ററിൽ പഠിക്കുന്ന വിദ്യാർത്ഥിനികളുടെ ന്യായമായ ആവശ്യങ്ങൾക്ക് നേരെ അധികൃതർ മുഖം തിരിക്കുന്നു. വർക്കിംഗ് വുമൺസ് ഹോസ്റ്റലിൽ താമസിക്കുന്ന ഇവർക്ക് ഹോസ്റ്റലിൽ ന്യായമായ പരിഗണന ലഭിക്കുന്നില്ല. ഇവരുടെ പ്രശ്നങ്ങൾ ജനപ്രതിനിധികളുടെയും, മുതിർന്ന ഉദ്യോഗസ്ഥരുടെയും, അഡ്മിനിസ്ട്രേറ്ററുടെയും മുമ്പിൽ വരെ അവതരിപ്പിച്ചിട്ടും ഇതുവരെയും ഒരു പരിഹാരവും ഉണ്ടായിട്ടില്ല.
ലക്ഷദ്വീപ് വുമൺ ആന്റ് ചൈൽഡ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വർക്കിംഗ് വുമൺസ് ഹോസ്റ്റലിലാണ് ബി.എഡ് കോളേജിലെ വിദ്യാർത്ഥിനികൾ താമസിക്കുന്നത്. ഉദ്യോഗസ്ഥരായ വനിതകൾക്ക് പുറമെ ഡയറ്റ് സെന്ററിലെ വിദ്യാർത്ഥിനികളും ഇവിടെയാണ് താമസിക്കുന്നത്. ഡയറ്റിലെ ജീവനക്കാരാണ് ഹോസ്റ്റൽ മാനേജർ, വാർഡൻ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നത്. അതുകൊണ്ട് തന്നെ, ഡയറ്റിലെയും ബി.എഡ് സെന്ററിലെയും വിദ്യാർത്ഥിനികളെ വേർതിരിവോടെയാണ് ഇവർ കാണുന്നതെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. ബി.എഡ് വിദ്യാർത്ഥിനികളുടെ ന്യായമായ ആവശ്യങ്ങൾ ഹോസ്റ്റൽ മാനേജറും വാർഡനും കണ്ടില്ലെന്ന് നടിക്കുന്നു എന്ന് വിദ്യാർത്ഥിനികൾ ആക്ഷേപിച്ചു.
കഴിഞ്ഞ മാസം 18 മുതൽ ബി.എഡ് വിദ്യാർത്ഥിനികൾക്ക് വിവിധ സ്കൂളുകളിൽ ടീച്ചിം പ്രാക്ടീസ് നടന്നു വരികയാണ്. ഇവർക്ക് രണ്ട് മാസം കൊണ്ട് 30 ലസ്സൺ പ്ലാനുകൾ തയ്യാറാക്കേണ്ടതുണ്ട്. ടീച്ചിംഗ് ആവശ്യങ്ങൾക്കും ലസ്സൺ പ്ലാനുകൾ തയ്യാറാക്കുന്നതിനും ആവശ്യമായ റഫറൻസിന് ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ ഫലപ്രദമായി അധ്യാപനം നടത്തുന്നതിന് വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പകർത്തി വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കേണ്ടതുണ്ട്. പര്യാപ്തമായ കമ്പ്യൂട്ടർ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മൊബൈൽ ഫോൺ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് അനുമതി നൽകണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ പ്രിൻസിപ്പലിനും, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും, ഡയരക്ടർക്കുമുൾപ്പെടെ കത്തുകൾ നൽകിയിട്ട് മാസങ്ങളായി. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, തീരുമാനം എടുക്കുന്നതിന് ഡയറ്റിലെ പ്രിൻസിപ്പൽ ഇൻ ചാർജിനെയാണ് ചുമതലപ്പെടുത്തിയത്. അദ്ദേഹമാണെങ്കിൽ തീരുമാനം എടുക്കുന്നത് അകാരണമായി നീട്ടിക്കൊണ്ടു പോവുകയാണ്. ബി.എഡ് വിദ്യാർത്ഥികൾക്ക് ഡയറ്റ് എന്ന സ്ഥാപനവുമായി ഒരു ബന്ധവും ഇല്ലെന്നിരിക്കെ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെയും ബി.എഡ് കോളേജ് പ്രിൻസിപ്പലിനെയും മറികടന്ന് ഡയറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ് വിദ്യാർത്ഥിനികളുടെ ആവശ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മൊബൈൽ ഫോൺ നൽകിയാൽ സദാചാരത്തിന് നിരക്കാത്തതെന്തോ സംഭവിക്കും എന്നാണ് അധികൃതർ പറയുന്നത്. ഇതിലൂടെ അപ്രഖ്യാപിത സദാചാര പോലീസിങ്ങാണ് നടക്കുന്നതെന്ന് വിദ്യാർത്ഥിനികൾ ‘ദ്വീപ് മലയാളിയോട്’ പറഞ്ഞു.
നിലവിൽ രാവിലെ 6 മണി മുതൽ 7 മണി വരെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്. എന്നാൽ, അതിരാവിലെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്ന ഈ സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് സമയം ലഭിക്കാറില്ല. ബി.എഡ് കോളേജിലെ വിദ്യാർത്ഥിനികളിൽ പലരും വിവാഹിതരും അമ്മമാരുമാണ്. ഈ അമ്മമാർക്ക് അവരുടെ പിഞ്ചു കുഞ്ഞുങ്ങളെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതിന് പോലും സാധിക്കാറില്ല. ഈ വിഷയങ്ങൾ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മുന്നിൽ പലവട്ടം അവതരിപ്പിച്ചതാണ്. അനുകൂലമായ ഒരു തീരുമാനവും ഇതുവരെയും ഉണ്ടായിട്ടില്ല. “നാളെയുടെ അധ്യാപകരാവേണ്ട ഈ വിദ്യാർത്ഥിനികൾക്ക് വരും തലമുറയോട് ഫലപ്രദമായി സംവദിക്കാൻ കഴിയണമെങ്കിൽ അതിന് ആവശ്യമായ സാങ്കേതിക വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥ തലത്തിലെ ഉപരിഭാവഭ്രമം അവരുടെ ഭാവിയെ ബാധിച്ചുകൂടാ. അതുകൊണ്ട്, അവരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ അധികൃതർ തയ്യാറാവണം” എന്ന് വിദ്യാർത്ഥി സംഘടനാ നേതാക്കൾ ‘ദ്വീപ് മലയാളിയോട്’ പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക