കവരത്തി: ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലേക്ക് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് ലക്ഷദ്വീപ് പോലീസ് എ.എസ്.ഐക്കും മകനുമെതിരെ നടപടിയെടുത്ത് തുറമുഖ വകുപ്പ്. വയർലെസ് എ.എസ്.ഐ കെ.പി. മുരളീധരനും മകനുമെതിരെയാണ് തുറമുഖ വകുപ്പ് പിഴ ചുമത്തിയത്. ഈ കഴിഞ്ഞ സെപ്റ്റംബർ 8ന് ലക്ഷദ്വീപിൽ നിന്ന് എം.വി അറേബ്യൻ സീ കപ്പലിലാണ് കൊച്ചിയിലേക്ക് രണ്ട് പേരും യാത്ര ചെയ്തത്. ടിക്കറ്റില്ലാതെ കപ്പലിൽ യാത്ര ചെയ്തതിന് 70,200 രൂപയാണ് ഇരുവർക്കുമെതിരെ പിഴയായി ചുമത്തിയിരിക്കുന്നത്. ടിക്കറ്റില്ലാത്ത കപ്പൽ യാത്രക്കാരിൽ നിന്ന് ഏറ്റവും ഉയർന്ന ഫസ്റ്റ് ക്ലാസ് നിരക്കിന്റെ പത്തിരട്ടി പിഴ ചുമത്തുമെന്ന ജൂൺ 16 ലെ പോർട്ട് വകുപ്പിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. രണ്ട് പേർക്ക് ഏറ്റവും കൂടിയ ടിക്കറ്റായ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്കായ 3510 രൂപയുടെ പത്തിരട്ടി വീതമാണ് അടക്കാൻ നിർദേശിച്ചത് (3510X10X2=70,200/-).
പോലീസ് ഉദ്യോഗസ്ഥനായ ആൾ അധികാരം ദുർവിനിയോഗം നടത്തി എന്ന് ആരോപിച്ച് ജനം പ്രതിഷേധം നടത്തിയതിനെ തുടർന്നാണ് തുറമുഖ വകുപ്പ് നടപടി സ്വീകരിച്ചത്.
പിഴ ചുമത്തിയ തുക ഏഴു ദിവസത്തിനുള്ളിൽ തുറമുഖ വകുപ്പിന്റെ അക്കൗണ്ടിലേക്കോ, 14 ദിവസത്തിനകം പോർട്ട് അസിസ്റ്റന്റ് ഓഫിസറിനോ നൽകി രസീത് കൈപറ്റേണ്ടതാണ്. സെപ്റ്റംബർ 15ന് പോർട്ട് അസിസ്റ്റന്റ് ഓഫീസർ പി.അഷ്‌റഫ് അലി ഇറക്കിയ ഉത്തരവിലാണ് നടപടി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക