സഹായം നൽകാൻ തയ്യാറാവാതെ ലക്ഷദ്വീപ് കോസ്റ്റ് ഗാർഡ്.
തിരുവനന്തപുരം: മത്സ്യബന്ധനത്തിനു ശേഷം മടങ്ങുന്നതിനിടെ ബോട്ട് കേടായി അറബിക്കടലിൽ കുടുങ്ങിപ്പോയ 13മത്സ്യത്തൊഴിലാളികളെ ഞായറാഴ്ച പുലർച്ചെ കൊച്ചിയിലെത്തിക്കും. തിരുവനന്തപുരം പൂവാർ കരിങ്കുളം സ്വദേശികളായ അഞ്ചുപേരടക്കം 13 തൊഴിലാളികൾ ലക്ഷദ്വീപിലെ ബിത്ര ദ്വീപിനടുത്താണ് കുടുങ്ങിയത്. ശക്തമായ തിരമാലകളിലും കാറ്റിലും പെട്ട് ബോട്ട് തകരുമെന്ന ഘട്ടത്തിലാണ് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ഇടപെടലിലൂടെ മത്സ്യത്തൊഴിലാളികൾക്ക് സഹായമെത്തിയത്. ഫെഡറേഷന്റെ നിർദ്ദേശപ്രകാരം ലക്ഷദ്വീപിലെ സർക്കാർ ഉദ്യോഗസ്ഥൻ ഇസ്‌മായിലിന്റെ സഹായത്തോടെ സുൽഫിക്കർ എന്നയാളുടെ വി.പി.മാതാ എന്ന ബോട്ട് വാടകയ്ക്കെടുത്താണ് തകരാറിലായ മത്സ്യബന്ധന ബോട്ട് കെട്ടിവലിക്കുന്നത്.
ഫിഷറീസ് വകുപ്പിനെയും ലക്ഷദ്വീപ് കോസ്റ്റ്‌ഗാർഡിനെയും വിവരമറിയിച്ചിട്ടും ഫലമില്ലാതായതോടെയാണ് മത്സ്യത്തൊഴിലാളികൾ ഫെഡറേഷന്റെ സഹായം തേടിയതെന്ന് പ്രസിഡന്റ് പി.സ്റ്റെല്ലസ് പറഞ്ഞു. ബിത്ര ദ്വീപിന്റെ പരിപാലന ചുമതലയുള്ള ഉദ്യോഗസ്ഥൻ ഇസ്‌മായിൽ അഗത്തി ദ്വീപിലുള്ള ബോട്ടുടമയെ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് കുടുങ്ങിയ ബോട്ടിലുള്ളവർക്ക് വെള്ളവും ഭക്ഷണവും കെട്ടിവലിക്കാനുള്ള വടവും ഉപകരണങ്ങളുമായി വി.പി-മാതാ ബോട്ട് ബിത്ര ദ്വീപിനടുത്തെത്തി. കൊച്ചി വരെ ബോട്ട് കെട്ടിവലിക്കാൻ 1.10ലക്ഷം രൂപ ചിലവുണ്ട്. ഇത് ഫെഡറേഷൻ വഹിക്കും.
കുടുങ്ങിയ ബോട്ടിൽ 18ലക്ഷം രൂപയുടെ മത്സ്യമുണ്ട്. ഇത് കേടാകാതിരിക്കാനുള്ള ഐസും വി.പി-മാതാ ബോട്ടിൽ എത്തിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്ന് ഒക്ടോബർ 15നു പോയ സംഘം മത്സ്യബന്ധനത്തിനു ശേഷം മടങ്ങുന്നതിനിടെ മംഗലാപുരത്ത് നിന്ന് 240 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് കഴിഞ്ഞ ശനിയാഴ്ച ബോട്ടിന്റെ എൻജിൻ തകരാറു കാരണം കടലിൽ കുടുങ്ങിയത്. കർണാടക കോസ്റ്റ് ഗാർഡിന്റെ ‘വിക്രം’ കപ്പൽ ഈ ബോട്ട് കെട്ടിവലിച്ച് ലക്ഷദ്വീപിലെ ബിത്ര ദ്വീപിലെത്തിച്ച് മടങ്ങി. ലക്ഷദ്വീപ് കോസ്റ്റ് ഗാർഡിനെ സമീപിച്ചെങ്കിലും ഔദ്യോഗിക നിർദ്ദേശം ലഭിക്കാതെ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു മറുപടിയെന്ന് സ്റ്റെല്ലസ് പറഞ്ഞു. വിവരമറിയിച്ചിട്ടും ഫിഷറീസ് വകുപ്പും നടപടികളെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക