ചെന്നൈ: ഇന്ത്യൻ നേവിയുടെ ഏറ്റവും പുതിയ അത്യാധുനിക സാങ്കേതിക വിദ്യകളോടെ നിർമ്മിച്ച ആന്റി സബ്മറൈൻ യുദ്ധക്കപ്പൽ ഐ.എൻ.എസ്.അമിനി നീറ്റിലിറക്കി. ചെന്നൈ ലാർസൻ ആന്റ് ടർബോ ഷിപ്പ് യാർഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ നേവിയുടെ മെറ്റീരിയൽസ് വിഭാഗം മേധാവി വൈസ് അഡ്മിറൽ സന്തീപ് നൈതാനി, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
77 മീറ്റർ നീളത്തിലുള്ള ഐ.എൻ.എസ് അമിനി എന്ന ആന്റി സബ്മറൈൻ യുദ്ധകപ്പലിന് മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. 900 മെട്രിക് ടൺ ആണ് കപ്പലിന്റെ കപ്പാസിറ്റി.

തീരത്തോട് ചേർന്നുള്ള ആന്റി സബ്മറൈൻ നീക്കങ്ങൾക്കും മൈൻ പോലുള്ളവ നിക്ഷേപിക്കാനും സാധിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യകളോടെയാണ് ഐ.എൻ.എസ് അമിനി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതേ മാതൃകയിലുള്ള എട്ട് കപ്പലുകൾക്ക് ആണ് കേന്ദ്ര സർക്കാർ കോൺട്രാക്ടുകൾ നൽകിയിരിക്കുന്നത്. ഇതിൽ കൊൽക്കത്തയിലെ ജി.ആർ.എസ്.ഇ കപ്പൽ ശാലയിൽ നിർമ്മിച്ച ആദ്യത്തെ നാല് കപ്പലുകൾ ഈ വർഷം പുറത്തിറക്കിയിരുന്നു. ബാക്കി നാല് കപ്പലുകൾ ചെന്നൈ ലാർസൻ ആന്റ് ടർബോ ഷിപ്പ് യാർഡിലാണ് നിർമ്മിക്കുന്നത്. ചെന്നൈയിൽ നിർമ്മാണം പൂർത്തിയാക്കിയ ഈ ശ്രേണിയിലെ ആദ്യ കപ്പലാണ് ഐ.എൻ.എസ് അമിനി. ബാക്കി മൂന്ന് കപ്പലുകളുടെ നിർമ്മാണം ഇവിടെ പുരോഗമിക്കുകയാണ്. ഇന്ത്യൻ വ്യവസായ മേഖലയുടെ വളർച്ചയും തൊഴിൽ അവസരങ്ങളും പരിഗണിച്ചാണ് ഈ ശ്രേണിയിലെ കപ്പലുകളുടെ നിർമ്മാണം പൂർണമായും രാജ്യത്തിനകത്തെ കപ്പൽ ശാലകളിൽ തന്നെ നടത്താൻ തീരുമാനിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക